Published: October 12, 2025 06:47 PM IST Updated: October 12, 2025 10:54 PM IST
2 minute Read
വിശാഖപട്ടണം∙ ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്കു തുടർച്ചയായ രണ്ടാം തോൽവി. കരുത്തരായ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ മൂന്നു വിക്കറ്റ് വിജയമാണു നേടിയത്. ഇന്ത്യയുയർത്തിയ 331 റൺസ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് എത്തി. നാലു കളികളിൽ മൂന്നും വിജയിച്ച ഓസ്ട്രേലിയ ഏഴു പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്. രണ്ടു വീതം വിജയവും തോൽവിയുമുള്ള ഇന്ത്യയാകട്ടെ നാലു പോയിന്റുമായി നാലാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ ക്യാപ്റ്റൻ അലിസ ഹീലിയുടെ ബാറ്റിങ്ങാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായത്. 107 പന്തുകൾ നേരിട്ട അലിസ ഹീലി മൂന്നു സിക്സുകളും 21 ഫോറുകളുമുൾപ്പടെ 142 റൺസെടുത്തു. വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഒരു താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഓപ്പണർ ഫോബെ ലിച്ച്ഫീൽഡ് (39 പന്തിൽ 40), ആഷ്‍ലി ഗാര്‍ഡ്നർ (46 പന്തിൽ 45) എന്നിവരും തിളങ്ങി. പവർ പ്ലേ ഓവറുകളിൽ 82 റൺസ് വിക്കറ്റുപോകാതെ അടിച്ചെടുത്ത ഓസീസ് തുടക്കം മുതൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ മേധാവിത്വം നേടി.
15 ഓവറിൽ 100 ഉം 31 ഓവറിൽ 200 ഉം കടന്ന ഓസ്ട്രേലിയയെ വിറപ്പിക്കാൻ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്കു സാധിച്ചില്ല. ബെത് മൂണി (നാല്), അനബെൽ സതർലൻഡ് (പൂജ്യം) എന്നിവരെ പുറത്താക്കി ഇന്ത്യൻ ബോളർമാർ കളിയിലേക്കു തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 47 റൺസടിച്ചു പുറത്താകാതെനിന്ന എലിസ് പെറി കിം ഗാർത്തിനെയും കൂട്ടുപിടിച്ച് 49 ഓവറിൽ ഓസ്ട്രേലിയയ്ക്കായി വിജയറൺസ് കുറിച്ചു. ഇന്ത്യയ്ക്കായി ശ്രീചരണി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. അമൻജ്യോത് കൗറും ദീപ്തി ശർമയും രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി.
Australia won by 3 wickets
![]()
IND
330-10 48.5/50
![]()
AUS
331-7 49/50
റണ്ണൊഴുക്കും ഇന്ത്യയെ രക്ഷിച്ചില്ല
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.5 ഓവറിൽ 330 റൺസടിച്ചു പുറത്തായി. ഓസ്ട്രേലിയയ്ക്ക് 331 റൺസ് വിജയലക്ഷ്യം. 66 പന്തിൽ 80 റൺസെടുത്ത സ്മൃതി മന്ഥനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 96 പന്തുകൾ നേരിട്ട ഓപ്പണർ പ്രതിക റാവൽ 75 റൺസടിച്ചും പുറത്തായി. 155 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പ്രതികയും സ്മൃതിയും ചേർന്ന് ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്.
മൂന്നു സിക്സുകളും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ സ്മൃതി, മത്സരത്തിന്റെ 25–ാം ഓവറിൽ സോഫി മോളിനൂക്സിന്റെ പന്തിൽ ഫോബെ ലിച്ഫീൽഡ് ക്യാച്ചെടുത്താണു പുറത്താകുന്നത്. വനിതാ ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. 2025 ൽ താരത്തിന്റെ 18–ാം ഏകദിന മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ഈ നേട്ടത്തിലെത്താൻ സ്മൃതിക്ക് 18 റൺസ് കൂടി മതിയായിരുന്നു. എട്ടാം ഓവറിലെ മൂന്നാം പന്തിൽ സോഫി മൊളിനുക്സിനെ സിക്സർ പറത്തിയാണ് സ്മൃതി റെക്കോർഡ്ബുക്കിൽ ഇടം പിടിച്ചത്.
വനിതാ ഏകദിനത്തിൽ 500 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് സ്മൃതി. പിന്നാലെയെത്തിയ ഹർലീൻ ഡിയോൾ (38), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (22), ജെമീമ റോഡ്രിഗസ് (33), റിച്ച ഘോഷ് (32) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങിയതോടെ സ്കോർ 300 കടക്കുകയായിരുന്നു. 9.5 ഓവറുകൾ പന്തെറിഞ്ഞ ഓസീസ് താരം അനബെൽ സതർലൻഡ് 40 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. സോഫി മോളിനുക്സ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.
English Summary:








English (US) ·