പ്രത്യേക പരിഗണന നൽകാനിടയില്ല, രോഹിത്തും കോലിയും ലോകകപ്പിൽ കളിക്കുമോ? ഗംഭീറിന്റെ മനസ്സിലെന്ത് ?

5 months ago 6

rohit kohli

വിരാട് കോലിയും രോഹിത് ശർമയും | AFP

ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ ഇന്ത്യയുടെ യുവനിര രണ്ടുമത്സരങ്ങൾ ജയിച്ച് പരമ്പര സമനിലയാക്കിയതോടെ പുതിയൊരു ചോദ്യം ഉയരുന്നു. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും ഭാവി എന്ത്?

2024-ൽ ജൂണിൽ ട്വന്റി 20 ലോകകപ്പ് ജയിച്ചതിനുപിന്നാലെ ഇരുവരും ഈ ഫോർമാറ്റിൽനിന്ന് വിരമിച്ചിരുന്നു. ഈയിടെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് രോഹിത് ശർമ ടെസ്റ്റിൽനിന്ന്‌ വിരമിച്ചു. നാലുദിവസത്തിനുശേഷം കോലിയും ടെസ്റ്റിൽനിന്ന് വിരമിച്ചു. ഇനി ഇരുവരും ശേഷിക്കുന്നത് ഏകദിനത്തിൽ മാത്രം.

ലോകകപ്പ് ലക്ഷ്യമിട്ട്

2027 ഓക്ടോബർ-നവംബറിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നിവിടങ്ങളിലായിനടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ടീമിൽ തുടരുന്നത്. അപ്പോൾ രോഹിത് ശർമയ്ക്ക് 40 വയസ്സും കോലിക്ക് 38 വയസ്സും പൂർത്തിയാകും. താരധാരാളിത്തത്താൽ ‘കഷ്ടപ്പെടുന്ന’ ഇന്ത്യൻ ടീം ലോകകപ്പുപോലുള്ള മത്സരത്തിന് ഇവർക്കുവേണ്ടി ഒത്തുതീർപ്പിന് തയ്യാറാകുമോയെന്നാണ് അറിയേണ്ടത്. ഇരുവരുമായും ബിസിസിഐ ഉന്നതർ സംസാരിക്കണമെന്നും ഇരുവരുടെയും ഭാവിയെക്കുറിച്ച് തീരുമാനമെടുക്കണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.

2011-ൽ ഏകദിന ലോകകപ്പ് ജയിച്ച ടീമിൽ അംഗമായിരുന്നു കോലി. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ചുറികൾക്കുടമയായ രോഹിത് ശർമയ്ക്ക് ഇതുവരെ ഏകദിനകിരീടം നേടാനായിട്ടില്ല. 2023-ൽ ഇന്ത്യയിൽനടന്ന ലോകകപ്പ് അതിനുള്ള സുവർണാവസരമായിരുന്നെങ്കിലും ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റു. അതിനുള്ള പ്രായശ്ചിത്തം എന്നനിലയിലാണ് 2024-ലെ ട്വന്റി 20 ലോകകപ്പിലും രോഹിത്തിന്റെ നേതൃത്വത്തിൽത്തന്നെ ഇറങ്ങാൻ തീരുമാനിച്ചത്. അവിടെ ജയിച്ചു, കപ്പടിച്ചു. അതോടെ ആ ‘കമ്മിറ്റ്മെന്റ്’ അവസാനിച്ചു എന്നുകരുതുന്നു ടീം മാനേജ്മെന്റിലെ ചില ഉന്നതർ.

ഇനി 27 മത്സരം

അടുത്ത ലോകകപ്പിനു മുന്നോടിയായി ഇന്ത്യക്ക്‌ 27 ഏകദിന മത്സരങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. വരുന്ന ഒക്ടോബറിൽ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലെ മൂന്ന് ഏകദിനങ്ങളാണ് ആദ്യം. നവംബർ-ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മൂന്ന് ഏകദിനങ്ങളുണ്ട്. ജനുവരിയിൽ ന്യൂസീലൻഡിനെതിരേ മൂന്നുമത്സരങ്ങളുണ്ട്. പിന്നീട് 2026 ജൂലായിൽ ഇംഗ്ലണ്ടിനെതിരേയാണ് മത്സരം.

ടെസ്റ്റ് ചാമ്പ്യൻഷിപ്പും സമാന്തരമായി നടക്കുന്നതിനാൽ ടെസ്റ്റ്-ട്വന്റി 20 പരമ്പരകൾക്കിടയിലാണ് ഏകദിനങ്ങളെല്ലാം. ഏകദിനത്തിനുമാത്രമായി രണ്ടുവർഷത്തിലേറെക്കാലം ഇരുവരെയും നിലനിർത്തുന്നത് പ്രായോഗികമാണോയെന്ന ചോദ്യമുയരുന്നു. മാസങ്ങളുടെ ഇടവേളയിലെത്തുന്ന മത്സരങ്ങൾക്കായി ഫിറ്റ്നസും മത്സരശേഷിയും നിലനിർത്താൻ ഇവർ‌ക്കു കഴിയുമോയെന്നതാണ് മറ്റൊരു ചോദ്യം.

വിളികാത്ത്

അന്താരാഷ്ട്ര മത്സരങ്ങളിൽ കഴിവുതെളിയിച്ചുകഴിഞ്ഞ ഒരുനിരത്താരങ്ങൾ, പ്രത്യേകിച്ചും ബാറ്റർമാർ അവസരം കാത്തിരിക്കുന്നുണ്ട് എന്നതും രോഹിത്തിനും കോലിക്കും വെല്ലുവിളിയാണ്. ഇക്കുറി ഐപിഎലിൽ ടോപ് സ്‌കോറർ ആയി ടെസ്റ്റ് ടീമിൽ ഇടംനേടിയ സായ് സുദർശൻ, ടെസ്റ്റ് ഓപ്പണർ യശസ്വി ജയ്‌സ്വാൾ, ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, തിലക് വർമ തുടങ്ങിയവർ ഇപ്പോൾ ഏകദിനത്തിൽ സ്ഥിരാംഗങ്ങളല്ല. കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർപോലും മാറ്റിനിർത്തപ്പെടുന്നു. അതിനിടെ കോലിക്കും രോഹിത്തിനും പ്രത്യേക പരിഗണന നൽകാനിടയില്ല.

ഗംഭീറിന്റെ മനസ്സിലെന്ത്

ലോകകപ്പ് മുന്നിൽക്കണ്ട് പുതിയ ടീമിനെ രൂപപ്പെടുത്താനുള്ള ദൗത്യത്തിന്റെ മുന്നിലുള്ളത് കോച്ച് ഗൗതം ഗംഭീറാണ്. ഇംഗ്ലണ്ട് പരമ്പരയിൽ യുവതാരങ്ങളിൽനിന്നുണ്ടായ പ്രകടനം കോച്ചിന്റെ ആത്മവിശ്വാസം കൂട്ടും. രോഹത്തിനെയും കോലിയെയും ഉൾപ്പെടുത്താൻ തന്റെ പദ്ധതിയിൽ വിട്ടുവീഴ്ചചെയ്യുന്നയാളല്ല ഗംഭീർ. കോലിയും ഗംഭീറുംതമ്മിൽ നേരത്തേ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ പ്രത്യേകിച്ചും.

രണ്ടുവർഷംകൂടി ഏകദിന ടീമിൽ തുടരുകയെന്നത് ഇരുവർക്കും വലിയ വെല്ലുവിളിയാകും. അതിനുവേണ്ടി ടീമിലെ മറ്റ് ഏതൊരാളെക്കാളും ഇവർ പ്രയത്നിക്കേണ്ടിവരും.

Content Highlights: rohit kohli 2027 odi satellite cupful enactment bcci

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article