Published: August 15, 2025 03:24 PM IST
1 minute Read
കോഴിക്കോട് ∙ പ്രഥമ കോളജ് സ്പോർട്സ് ലീഗിൽ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമി കോതമംഗലം ജേതാക്കൾ. സൂപ്പർ ലീഗ് മത്സരത്തിൽ മാർ അത്തനേഷ്യസും മഹാരാജാസ് സ്ട്രൈക്കേഴ്സും സമനിലയിൽ പിരിഞ്ഞതോടെ മൂന്നു കളികളിൽ നിന്നായി ഏഴ് പോയിന്റ് നേടിയാണ് എംഎ ഫുട്ബോൾ അക്കാദമി ജേതാക്കളായത്.
അവസാന ലീഗ് മത്സരത്തിൽ എംവിഎസ് കെവിഎമ്മിനെ എതിരില്ലാത്ത മൂന്ന് ഗോളിനു പരാജയപ്പെടുത്തി സമോറിൻസ് ഇസെഡ് ജിസി രണ്ടാം സ്ഥാനം നേടി. സമോറിയൻസിനായി കെ.അതുൽ രണ്ടു ഗോളും ജെസെൽ ഒരു ഗോളും നേടി. ജേതാക്കളായ മാർ അത്തനേഷ്യസിന് സമ്മാനമായി ട്രോഫിയും രണ്ടു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മെഡലും കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ സമ്മാനിച്ചു.
രണ്ടാം സ്ഥാനം നേടിയ സമോറിൻസിന് ട്രോഫിയും ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റും മെഡലും കായിക യുവജനകാര്യ വകുപ്പ് ഡയറക്ടറും കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുമായ പി.വിഷ്ണുരാജ് ഐപിഎസ് സമ്മാനിച്ചു. സമാപന സമ്മേളനം ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി അധ്യക്ഷനായ ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ മുഹമ്മദ് ആഷിക്, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളജിയേറ്റ് എജ്യുക്കേഷൻ പി.പ്രിയ തുടങ്ങിയവർ പങ്കെടുത്തു.
English Summary:








English (US) ·