പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍

1 week ago 2

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

ഇത് പൊലീസ് കഥയല്ല, എന്നാല്‍ പൊലീസുകാരുടെ കഥയാണ്. ഒരു പൊലീസ് സ്റ്റേഷനും അതിനകത്ത് നടക്കുന്ന സംഭവങ്ങളും അവിടുത്തെ പൊലീസുകാരും മാത്രമല്ല, അറിയാതെ പ്രശ്‌നങ്ങളിലകപ്പെടുന്ന പൊലീസുകാരും അവര്‍ക്കിടയിലെ ക്ലാഷുകളുമെല്ലാം ചേര്‍ന്ന ഒരു കഥ. അതിലേക്ക് സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളും അത് കാക്കിക്കുള്ളിലുണ്ടാക്കുന്ന വ്യത്യാസങ്ങളുമൊക്കെ ഈ സിനിമ പറയുന്നു. അതോടൊപ്പം മികച്ചൊരു അന്വേഷണവും ഒരുക്കുന്നു. പൊലീസുകാര്‍ കഥയായൊരു പൊലീസ് സിനിമയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.

അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ഹാരിസ് മീരാന്‍ പറയുന്നത് ശരിയാണെങ്കില്‍ 'കള്ളന്മാരെ കൊണ്ട് സത്യം പറയിക്കാന്‍ എളുപ്പമാണ്. എന്നാല്‍ കാക്കിക്കുള്ളിലെ കള്ളന്‍മാരെകൊണ്ട് സത്യം പറയിക്കുകയെന്നത് കുറച്ച് കടുപ്പമാണ്.'- ആ വാചകത്തില്‍ ഈ സിനിമ മുഴുവന്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.

പൊലീസ് കുറ്റാന്വേഷണ കഥയെന്ന് കേള്‍ക്കുമ്പോള്‍ അടുത്ത കാലത്ത് മലയാളി ദൃശ്യം സീരിസിനെയാണ് ഓര്‍ക്കുകയെങ്കില്‍ അതിനും മുകളില്‍ നില്‍ക്കുന്ന തിരക്കഥയും കഥ പറച്ചില്‍ രീതിയുമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സത്യം തെളിയിക്കാന്‍ മാത്രമല്ല സത്യം ഒളിപ്പിക്കാനും ഇതേ കാക്കിക്ക് കഴിയുമെന്ന് ഈ ചിത്രം വ്യക്തമാക്കിത്തരുന്നു.

ചിലയിടങ്ങളില്‍ സങ്കീര്‍ണത അനുഭവപ്പെടുന്നുണ്ടെങ്കിലും നിരവധി ട്വിസ്റ്റുകളിലൂടെ പോകുന്ന ഒരു തിരക്കഥയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ക്കായി പി എസ് സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്ന് രചിച്ചിരിക്കുന്നത്. പകാശന്‍ പറക്കട്ടെയും അനുരാഗവും സംവിധാനം നിര്‍വഹിച്ച ഷഹദിന് അഭിമാനിക്കാവുന്നൊരു സംവിധാന സംരംഭം തന്നെയാണ് ഈ സിനിമ. പൊലീസ് കുറ്റാന്വേഷണത്തിന്റെ മാത്രമല്ല, പൊലീസുകാരുടെ കുറ്റകൃത്യം ഒളിപ്പിക്കുന്നതിന്റെ എല്ലാ ഉദ്വേഗവും അദ്ദേഹം കാഴ്ചക്കാര്‍ക്ക് മികച്ച രീതിയില്‍ തന്നെ നല്‍കിയിട്ടുണ്ട്. സിനിമയുടെ രംഗങ്ങളില്‍ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കാന്‍ അനുയോജ്യമായ തരത്തില്‍ ചിലയിടങ്ങളില്‍ നിശ്ശബ്ദതയും മറ്റു ചിലയിടങ്ങളില്‍ ഒറ്റ നോട്ടം കൊണ്ടുപോലുമുള്ള ആശയവിനിമയങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനെയെല്ലാം അതിന്റെ ഏറ്റവും ശക്തമായി സംവദിപ്പിക്കാന്‍ മുജീബ് മജീദിന്റെ സംഗീതത്തിനും ചമന്‍ ചാക്കോയുടെ എഡിറ്റിംഗിനും റോബി വര്‍ഗ്ഗീസ് രാജിന്റെ ക്യാമറയ്ക്കും സാധിച്ചിട്ടുണ്ടെന്നു കൂടി ചേര്‍ത്തു പറയണം.

പാര്‍വതി തിരുവോത്തിന്റെ അലീന, ഉണ്ണിമായ പ്രസാദിന്റെ ദിവ്യ, സിദ്ദാര്‍ഥ് ഭരതന്റെ ദാസ്, മാത്യു തോമസിന്റെ ശ്രീനാഥ്, അസീസ് നെടുമങ്ങാടിന്റെ സേവ്യര്‍, വിജയരാഘവന്റെ ഹാരിസ് മീരാന്‍, വിനയ് ഫോര്‍ട്ടിന്റെ സി ഐ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുമ്പോട്ടേക്ക് പോകുന്നത്. ഇവരോടൊപ്പം മലയാളത്തിലെ ഒരു പ്രമുഖതാരം ഒറ്റ രംഗത്തു മാത്രം വന്നുപോകുന്നുണ്ട്. വലിയ താരങ്ങള്‍ പോലും തങ്ങള്‍ക്ക് യാതൊരു പ്രധാന്യവുമില്ലാത്ത വേഷത്തില്‍ മലയാള സിനിമയില്‍ അടുത്ത കാലത്തായി വ്ന്നുപോകുന്നത് പതിവായിട്ടുണ്ട്.

അലീന, ദിവ്യ, ദാസ്, ശ്രീനാഥ് എന്നിവരടങ്ങുന്ന സംഘത്തിന് സംഭവിക്കുന്ന ഒരു കയ്യബദ്ധത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ഏത് കുറ്റവും ഒരുനാള്‍ തെളിയിക്കപ്പെടുമെന്ന് പറയുന്നതുപോലെ ഏത് കുറ്റവും അപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കല്‍ പുറത്തുവരുമെന്നത് കട്ടായമാണ്. അത്തരത്തിലാണ് നാല്‍വര്‍ സംഘം അബദ്ധത്തില്‍ ചെയ്ത ഒരു കുറ്റകൃത്യം പുറത്തുവരുന്നത്. അതിന്റെ അന്വേഷണവും അതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് മികച്ച രീതിയില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ വരച്ചുവെച്ചിരിക്കുന്നത്.

ഈ സിനിമയുടെ ഒരു പ്രധാന പ്രത്യേകതയായി തോന്നിയത് സാധാരണക്കാരായ ആളുകള്‍ ഒരു സംഭവത്തെ കാണുന്ന രീതിയല്ല ചിത്രം കൈക്കൊണ്ടിരിക്കുന്നത്. പകരം, ഏതൊരു സംഭവത്തേയും പൊലീസുകാരുടെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങള്‍ ചെയ്തത് മനഃപൂര്‍വമുള്ള കുറ്റകൃത്യമല്ലെന്നും അബദ്ധത്തിലാണെന്നുമുള്ള സാധാരണക്കാരന്റെ ചിന്താഗതിയിലൂടെയൊന്നും ഇവര്‍ പോകുന്നില്ല. ഓരോ തെളിവും പഴുതടച്ച് നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നാലുപേരുടേയും ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

നാലുപേരുടേയും പൊലീസ് ജീവിതം ഒരു ഭാഗത്ത് വരുമ്പോള്‍ തന്നെ വ്യക്തി ജീവിതവും വേറൊരു ചാലിലൂടെ ഒഴുകുന്നുണ്ട്. പൊലീസ് ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ വ്യക്തി ജീവിതത്തിലേക്ക് കടത്താതെ നോക്കുന്നവരും എന്നാല്‍ ഔദ്യോഗികവും വ്യക്തി ജീവിതവുമെല്ലാം ഒരേ സമ്മര്‍ദ്ദങ്ങളിലും സന്തോഷങ്ങളിലും കൊണ്ടുപോകുന്നവരുമെല്ലാം ഈ പൊലീസ് കൂട്ടത്തിലുണ്ട്.

പാര്‍വതി തിരുവോത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് വേഷമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിലേത്. വളരെ മികവുറ്റ രീതിയില്‍ അലീനയെന്ന പൊലീസുകാരിയെ അവതരിപ്പിക്കാന്‍ പാര്‍വതിക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകളൊന്നും ചെയ്യാത്ത പാര്‍വ്വതിയെ ഈ ചിത്രത്തില്‍ അലീനയായും പ്രേക്ഷകര്‍ക്ക് കാണാനാവും. തൊട്ടുമുമ്പ് ഇറങ്ങിയ ഐ നോബഡിയില്‍ പൃഥ്വിരാജിനോടൊപ്പവും മികച്ച രീതിയില്‍ തന്റെ കഥാപാത്രത്തെ പാര്‍വതി അവതരിപ്പിച്ചിരുന്നെങ്കില്‍ അവര്‍ക്കതില്‍ കാര്യമായൊരുന്നും ചെയ്യാനില്ലായിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ പാര്‍വതിക്ക് നിരവധി കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് സംവദിക്കേണ്ടതുണ്ട്. ശാരീരികമായും മാനസികമായും രൂപംകൊണ്ടും ഭാവംകൊണ്ടുമെല്ലാം പാര്‍വതി അത് ഭംഗിയാക്കുകയും ചെയ്തു.

ഉണ്ണിമായ പ്രസാദിന് ഇത്തരമൊരു പൊലീസ് വേഷം അത്രയ്ക്ക് ചേരുന്നുണ്ടോ എന്ന സംശയം പ്രേക്ഷകര്‍ക്ക് തോന്നുന്ന തരത്തിലാണ് ആദ്യത്തെ ചില രംഗങ്ങളുണ്ടായിരുന്നത്. എന്നാല്‍ പോകെപ്പോകെ ഉണ്ണിമായ തന്റെ ദിവ്യ എന്ന കഥാപാത്രം താന്‍ തന്നെയാണെന്ന് തോന്നിക്കുന്ന വിധത്തില്‍ അഭിനയം കാഴ്ചവെക്കുകയുണ്ടായി.

നേരത്തെയും പല പൊലീസ് വേഷങ്ങളും സിദ്ദാര്‍ഥ് ഭരതന്‍ ചെയ്തിട്ടുണ്ട്. എങ്കിലും പതിവു പൊലീസുകാരില്‍ നിന്നും വ്യത്യസ്തത കൊണ്ടുവരാനും ജാതകപ്രശ്‌നത്തിലൂടെ വിവാഹം മുടങ്ങി പെണ്ണുകണ്ടു നടക്കുന്ന വ്യക്തി ജീവിതത്തിലെ ദാസായും അതിന്റെ വല്ലായ്മകളെ തമാശകള്‍ പോലെ കാണുന്ന എ എസ് ഐ ദാസായും സിദ്ദാര്‍ഥ് ഭരതന്‍ മാറുന്നുണ്ട്.

കോളജ് കുമാരനായും കൗമാരക്കാരനുമായെല്ലാം കണ്ട മാത്യു തോമസിന് അതിഗൗരവം നല്‍കിയൊരു കഥാപാത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിലെ ശ്രീനാഥ്. രൂപത്തിലും ഭാവത്തിലും മാത്യു തോമസ് ഒരു പൊലീസ് രീതിയിലേക്ക് മാറിയിട്ടുണ്ട്. പൊലീസ് ഡ്രൈവറാണെങ്കിലും ക്ലോസപ്പ് ഷോട്ടുകളിലെല്ലാം കൗമാരക്കാരന്റെ ഭാവം വിട്ട് ഇരുത്തം വന്നൊരു പൊലീസുകാരനെ തോന്നിക്കുന്നുണ്ട് ശ്രീനാഥെന്ന കഥാപാത്രം.

പ്രഥമദൃഷ്ട്യാ കുറ്റക്കാരില്‍ എടുത്തുപറയേണ്ടുന്ന കഥാപാത്രമാണ് അസീസ് നെടുമങ്ങാടിന്റെ സേവ്യര്‍. അസീസ് നെടുമങ്ങാടും നിരവധി സിനിമകളില്‍ എത്രയോ പൊലീസുകാരെ അവതരിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്‌ക്വാഡിലെ പൊലീസാണ് അസീസിന്റെ ഇതുവരെയുള്ള പൊലീസ് വേഷങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. എങ്കിലും രൂപത്തിലും ഭാവത്തിലും മാത്രമല്ല പെരുമാറ്റത്തിലും തനി 'കലിപ്പന്‍' പൊലീസായാണ് അസീസിന്റെ സേവ്യര്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. കലിപ്പനാകാന്‍ വേണ്ടിയുടെ സ്വതേയുള്ള എല്ലാ മാനറിസങ്ങളിലും അസീസ് മാറ്റവും വരുത്തിയിട്ടുണ്ട്. അയാള്‍ക്ക് എല്ലാറ്റിനോടും അടങ്ങാത്ത പകയോ വിദ്വേഷമോ ഒക്കെയാണ്. അതുകൊണ്ടുതന്നെ സേവ്യറിന് മറ്റുള്ളവരേയും മറ്റുള്ളവര്‍ക്ക് അയാളേയും ഇഷ്ടമല്ല. ഭാര്യ പോലും സഹിക്കാനാവാതെ പിരിയാനുള്ള നീക്കത്തിലായിരുന്നു. അത്രയും 'അലമ്പന്‍' പൊലിസിനെ അസീസ് മനോഹരമാക്കിയിട്ടുണ്ട്. അസീസിന്റെ മറ്റൊരു ഭാവപ്പകര്‍ച്ച എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.

വിജയരാഘവന്റെ ഹാരിസ് മീരാന്‍ എന്ന ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സിനിമയുടെ നട്ടെല്ലാണ്. അയാള്‍ തെളിയിച്ച എത്രയോ കേസുകള്‍ അയാളുടെ തൊപ്പിയില്‍ പൊന്‍തൂവലായി നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അയാളെഴുതിയ കേസന്വേഷണ ഡയറിക്ക് പൊലീസുകാര്‍ക്കിടയില്‍ ഇത്രയും പ്രിയവും. തന്നെയേല്‍പ്പിക്കുന്ന ഏതുവേഷവും തന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന് ഹാരിസ് മീരാനിലൂടെ വിജയരാഘവന്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നു. സിനിമയുടെ ടൈറ്റിലില്‍ കണ്ട ഒരു കൗതുകം വിജയരാഘവന്റെ പേര് അദ്ദേഹത്തിന്റെ അച്ഛന്റെ പേര് കൂടി ചേര്‍ത്ത് 'നാരായണപിള്ള വിജയരാഘവന്‍' എന്നെഴുതിക്കാണിച്ചതാണ്.

ഇലവന്‍ ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു പൊലീസ് കുറ്റാന്വേഷണ കഥയുടെ എല്ലാ ഉദ്വേഗത്തോടെയും കണ്ടിരിക്കാനാവുന്ന സിനിമയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article