.jpg?%24p=d12a53b&f=16x10&w=852&q=0.8)
പ്രദീപ് സോമസുന്ദരം (ഫോട്ടോ: മാതൃഭൂമി)
ടെലിവിഷന് മുന്നില്‍ മലയാളികള്‍ അക്ഷമരായി കാത്തിരുന്ന കാലമുണ്ടായിരുന്നു; പ്രദീപ് സോമസുന്ദരന്റെ പാട്ട് കേള്‍ക്കാന്‍.
ഇന്ത്യന്‍ സംഗീതലോകത്തെ റിയാലിറ്റി ഷോകളുടെ 'മുതുമുത്തച്ഛ'നായ മേരി ആവാസ് സുനോ (1996) യിലെ ആദ്യജേതാവായ പ്രദീപിനെ കുറിച്ചെഴുതിയത് രണ്ടു പതിറ്റാണ്ടോളം മുന്‍പാണ്; മാതൃഭൂമിയിലെ പാട്ടെഴുത്ത് പംക്തിയില്‍. ആ ലേഖനത്തിന്റെ തലക്കെട്ട് ഇതായിരുന്നു. 'ഓര്‍മ്മയുണ്ടോ ഈ ആവാസ്?'
നീണ്ട ഒരിടവേളക്കുശേഷം കഴിഞ്ഞ ദിവസം പ്രദീപിനെ കണ്ടപ്പോള്‍ അതേ ചോദ്യം വീണ്ടും മനസ്സില്‍ മുഴങ്ങി: 'ഓര്‍മ്മയുണ്ടോ ഈ ആവാസ്?'
ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും യൂട്യൂബിനും സോഷ്യല്‍ മീഡിയക്കുമെല്ലാം മുമ്പ് ആരുടേയും പിന്തുണയില്ലാതെ സ്വന്തം പ്രതിഭ കൊണ്ട് മാത്രം പ്രശസ്തിയുടെ ഔന്നത്യത്തില്‍ വിരാജിക്കാന്‍ കഴിഞ്ഞ ഈ പാട്ടുകാരനെ എങ്ങനെ മറക്കാനാകും മലയാളിക്ക്?
അത്ഭുതം തോന്നാം. വന്‍പ്രതീക്ഷയുണര്‍ത്തി കടന്നുവന്ന, ലതാ മങ്കേഷ്‌കറെയും മന്നാഡേയെയും പണ്ഡിറ്റ് ജസ്രാജിനെയും പോലുള്ള ലെജന്‍ഡുകളുടെ പ്രശംസ പിടിച്ചുപറ്റിയ ഈ ഗായകന്‍ എന്തുകൊണ്ട് സംഗീതലോകത്തെ കഴുത്തറുപ്പന്‍ പന്തയത്തില്‍ പിന്നിലായി?
'മേരി ആവാസ് സുനോ' അസാധാരണമായ മാധ്യമശ്രദ്ധയാണ് എനിക്ക് നേടിത്തന്നത്'- പ്രദീപ് പറയുന്നു. 'ഉത്തരേന്ത്യന്‍ തട്ടകത്തില്‍ ചെന്ന് ജയിച്ചുവന്ന മലയാളി എന്ന നിലക്ക് അസാമാന്യ താരപരിവേഷം തന്നെ കേരളത്തില്‍ ലഭിച്ചിരുന്നു. ധാരാളം അഭിമുഖങ്ങള്‍, ഫീച്ചറുകള്‍. അന്നത്തെ ഗ്ലാമര്‍ പരിവേഷത്തിന്റെ പിന്‍ബലത്തിലാവണം സിനിമയിലും കുറെ പാട്ടുകള്‍ കിട്ടി. നമ്മുടെ കഴിവ് തെളിയിക്കാന്‍ പോന്ന പാട്ടുകളൊന്നുമായിരുന്നില്ല. മിക്കതും ശരാശരി ഗാനങ്ങള്‍...'
പിന്നെയെപ്പോഴോ മാധ്യമങ്ങള്‍ക്ക് ഈ 'താര'ത്തില്‍ താല്പര്യം നഷ്ടപ്പെടുന്നു. പതുക്കെ പ്രദീപ് വെള്ളിവെളിച്ചത്തില്‍ നിന്ന് അകലുന്നു. രവീന്ദ്രന്‍ മാസ്റ്ററൊഴിച്ച് അധികമാരും ഈ പുതുഗായകന്റെ പ്രതിഭ ഉചിതമായി ഉപയോഗിക്കാനുള്ള തന്റേടം പോലും കാട്ടിയില്ല. പ്രദീപിനാകട്ടെ, സിനിമയിലെ ഗ്രൂപ്പുകളിലും കോക്കസ്സുകളിലുമൊന്നും ചെന്ന് തലവെച്ചു കൊടുക്കാന്‍ താല്പര്യവും ഉണ്ടയായിരുന്നില്ല; സമയവും.
'മേരി ആവാസ് സുനോ'യിലെ പുരുഷ- വനിതാ ജേതാക്കള്‍ക്ക് ലതാ മങ്കേഷ്‌കര്‍ ട്രോഫിക്കും സമ്മാനത്തുകക്കും (വിവിധ റൗണ്ടുകളിലെ വിജയങ്ങളിലൂടെ ഏതാണ്ട് 1.35 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചറാണ് പ്രദീപിന് ലഭിച്ചത്) പുറമെ രണ്ട് അപൂര്‍വ ഭാഗ്യങ്ങള്‍ കൂടി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. യഷ് ചോപ്ര ചിത്രത്തില്‍ പിന്നണി പാടാനുള്ള അവസരം; പിന്നെ എച്ച്എംവിയുടെ ഓഡിയോ കാസറ്റില്‍ പാടാനുള്ള കരാര്‍.
യഷ് രാജ് ഫിലിംസിന്റെ പടത്തില്‍ പാടുക എന്നാല്‍ അന്നുമിന്നും അപൂര്‍വ സൗഭാഗ്യമാണ്. ബോളിവുഡിലെ വിഖ്യാത ബാനര്‍. 'വന്‍ പ്രതീക്ഷയുണ്ടായിരുന്നു എനിക്ക്. എന്തു ചെയ്യാം? വെള്ളത്തില്‍ വരച്ച വരപോലെയായി ആ വാഗ്ദാനം.'- പ്രദീപ് ചിരിക്കുന്നു. 'മത്സരം കഴിഞ്ഞു കുറച്ചു കാലം കാത്തിരുന്നുനോക്കി; പാടാന്‍ ക്ഷണം വരുമെന്ന പ്രതീക്ഷയോടെ. ഒന്നും സംഭവിച്ചില്ല. എല്ലാ വര്‍ഷവും പഴയ വാഗ്ദാനം ഓര്‍മ്മിപ്പിച്ച് പതിവായി യഷ് രാജ് ഫിലിംസിന് കത്തെഴുതാറുണ്ടായിരുന്നു. വഴിപാട് പോലെ മറുപടി വരും: 'ഒട്ടും സംശയം വേണ്ട. താങ്കളുടെ ശബ്ദത്തിന് അനുയോജ്യമായ ഒരു ഗാനം എന്റെ ഏതെങ്കിലും സിനിമയില്‍ ഉണ്ടാകുകയാണെങ്കില്‍ തീര്‍ച്ചയായും അറിയിക്കുന്നതാണ്. പല പല ഘടകങ്ങളെ ആശ്രയിച്ചു നില്‍ക്കുന്ന വ്യവസായമാണ് സിനിമ എന്നറിയാമല്ലോ. താങ്കളുടെ ഊഴം വന്നേക്കും. അതുവരെ ക്ഷമാപൂര്‍വം കാത്തിരിക്കുക.'
കാത്തിരുന്നു; വര്‍ഷങ്ങളോളം. ആ ഊഴം ഒരിക്കലും വന്നെത്തിയില്ല എന്നുമാത്രം. ഒടുവില്‍ പ്രതീക്ഷ കൈവിട്ടു പ്രദീപ്; കത്തെഴുത്തും നിര്‍ത്തി. ഇപ്പോള്‍ പഴയ വാഗ്ദാനത്തെക്കുറിച്ചു ഓര്‍ക്കാറുപോലുമില്ല.
'പറയുമ്പോള്‍ എല്ലാം പറയണമല്ലോ. എച്ച്എംവിക്കാര്‍ ഒരു ഭക്തിഗാന ആല്‍ബത്തില്‍ പാടാന്‍ അവസരം തന്നു. ജയവിജയന്മാരുടെ ട്യൂണായിരുന്നു. ആര്‍ക്കോ വേണ്ടി എന്ന മട്ടില്‍ ഇറക്കിയ ആല്‍ബം. പാട്ട് മോശമല്ലായിരുന്നെങ്കിലും കാസറ്റിന് ഒരു പബ്ലിസിറ്റിയും നല്‍കിയില്ല അവര്‍. പാട്ടിറങ്ങിയത് അധികമാരും അറിഞ്ഞതുപോലുമില്ല. എന്നിലെ പാട്ടുകാരന് തെല്ലും ഗുണം ചെയ്യാതിരുന്ന ഒരു അഭ്യാസം.'
മത്സരത്തിന്റെ വനിതാവിഭാഗത്തില്‍ ഒന്നാമതായ സുനിധി ചൗഹാന്റെ കാര്യത്തിലും ഇതിലും അത്ഭുതകരമായി ഒന്നും സംഭവിച്ചിരിക്കാനിടയില്ല എന്ന് വിശ്വസിക്കുന്നു പ്രദീപ്. 'യഷ് രാജ് ഫിലിംസുകാരുടെ വാഗ്ദാനം സുനിധിയുടെ കാര്യത്തിലും പാലിക്കപ്പെടുകയുണ്ടായില്ല. അന്ന് ആ കുട്ടിക്ക് കഷ്ടിച്ച് 12-13 വയസ്സേ കാണൂ. അവസരം ചോദിച്ചുചെന്നപ്പോള്‍ പലരും പരിഹസിക്കുകയായിരുന്നത്രേ. നായികക്ക് വേണ്ടി പാടാന്‍ പിഞ്ചുപൈതലോ എന്നായിരുന്നു ചോദ്യം. പില്‍ക്കാലത്ത് സുനിധി ഹിന്ദിയിലെ പ്രശസ്ത ഗായികയായി വളര്‍ന്നുവെങ്കില്‍ അത് ആ കുട്ടിയുടെ കഠിനാധ്വാനം കൊണ്ട് മാത്രമാകണം.'

രാംഗോപാല്‍ വര്‍മ്മയുടെ 'മസ്തി'ല്‍ പാടാന്‍ അവസരം ലഭിച്ചതാണ് സുനിധിക്ക് വഴിത്തിരിവായത്. പാടിയ പാട്ടുകള്‍ ഹിറ്റായതോടെ യഷ് രാജ് ഫിലിംസ് ഉള്‍പ്പെടെയുള്ള ബാനറുകള്‍ക്ക് സുനിധിയ്ക്ക് വേണ്ടി കാത്തുകെട്ടി കിടക്കേണ്ടിവന്നു. നിര്‍ഭാഗ്യവശാല്‍ പ്രദീപിന്റെ ജീവിതത്തില്‍ അങ്ങനെയൊരു വഴിത്തിരിവ് ഉണ്ടായില്ല.
എങ്കിലും പരിഭവമില്ല പ്രദീപിന്. സിനിമക്കും അപ്പുറത്താണല്ലോ അദ്ദേഹത്തിന്റെ സംഗീത സങ്കല്പങ്ങള്‍. കണ്‍വെട്ടത്തു നിന്നേ മാഞ്ഞിട്ടുള്ളൂ പ്രദീപ്. കാതോരത്ത് ഇപ്പോഴുമുണ്ട് ആ ശബ്ദം.
Content Highlights: Ravi Menon Feature astir Meri Awaz Suno Winner Pradeep Somasundaram
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·