പ്രവചനാതീതത പുതുമകൊണ്ടുവരുന്നു, തഗ് ലൈഫിലും ലക്ഷ്യമിട്ടത് അതുതന്നെ -മണിരത്നം

7 months ago 6

kamal haasan thug life

കമൽ ഹാസൻ തഗ് ലൈഫിൽ | Photo: Screen grab/ Saregama Tamil

രംഗരായ ശക്തിവേൽ നായ്‌ക്കർ... നീണ്ട 36 വർഷങ്ങൾക്കുശേഷം കമൽഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമ വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമുയരുന്നത് സ്വാഭാവികം. രണ്ട് ഗെറ്റപ്പിൽ കമൽഹാസൻ പ്രത്യക്ഷപ്പെടുന്ന തഗ് ലൈഫ് എന്ന സിനിമ വെള്ളിത്തിരയിൽ തെളിയുമ്പോൾ രംഗരായ ശക്തിവേൽ നായ്‌ക്കർ എന്ന കഥാപാത്രം കൈയടികൾ നേടുമെന്നതിന് ടീസർ ലോഞ്ചിങ് മുതൽ സാക്ഷ്യപത്രങ്ങൾ ഏറെ കണ്ടതാണ്. തഗ് ലൈഫ് സിനിമയുടെ ഗാന ലോഞ്ചിങ് ചടങ്ങിൽ ചെന്നൈയിലെ കൺവെൻഷൻ സെന്ററിലെ കൂറ്റൻ ഡിജിറ്റൽവാളിൽ ‘ഞാൻ രംഗരായ ശക്തിവേൽ നായ്‌ക്കർ..’ എന്ന ഡയലോഗ് മുഴങ്ങുമ്പോൾ കൈയടികളുടെ സാഗരമായിരുന്നു അവിടെ. കമൽഹാസൻ എന്ന അതുല്യനടന്റെ അഭിനയമികവിന് സാക്ഷ്യപത്രമായി ഒരു സിനിമകൂടി വരുന്നുവെന്നതിന്റെ പ്രഖ്യാപനമായിരുന്നു ആ ചടങ്ങ്. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ അടയാളങ്ങളാണ് എവിടെയും കാണുന്നത്.

പ്രതീക്ഷയുടെ ശക്തിവേൽ
മണിരത്‌നത്തിനൊപ്പം വീണ്ടുമൊരു സിനിമ. കാത്തിരുന്ന ഒന്ന് സംഭവിച്ച സന്തോഷത്തിലാണ് ഉലകനായകൻ. ‘മണിരത്‌നം ഇന്ത്യൻസിനിമയിലെ അതുല്യനായ സംവിധായകനാണ്. അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓരോ അനുഭവമാണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ ഞാൻ അഭിനയിച്ചിട്ട് 36 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്നത് കാലം കൈയൊപ്പിട്ട സത്യമാണ്. നായകൻ എന്ന സിനിമയ്ക്കുശേഷം ഞങ്ങൾക്ക് ഒരുമിക്കാൻ ഈ കഥാപാത്രവും സിനിമയും വേണ്ടിവന്നു എന്നതിനെയും അതേ അർഥത്തിൽത്തന്നെയാണ് ഞാൻ കാണുന്നത്. മണിരത്‌നത്തിനൊപ്പം പ്രവർത്തിച്ച സമയമൊക്കെ എന്റെ ജീവിതത്തിലെ അവിസ്മരണീയനിമിഷങ്ങളായിരുന്നു. ഈ സിനിമയും ഈ കഥാപാത്രവും എന്നെ തേടിവന്നപ്പോഴും മണിരത്‌നത്തിനൊപ്പം എന്ന വലിയ ഒരു സന്തോഷവും പ്രതീക്ഷയുമുണ്ടായിരുന്നു. രംഗരായ ശക്തിവേൽ നായ്‌ക്കർ എന്ന കഥാപാത്രം വളരെ മനോഹരമായി അവതരിപ്പിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിൽ മണിരത്‌നം എന്ന സംവിധായകന്റെ വലിയ സഹായമുണ്ട്’ -കമൽഹാസൻ പറയുന്നു.

മണിരത്‌നത്തിന്റെ കൈയൊപ്പ്
തഗ് ലൈഫ് എന്ന സിനിമ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോൾ ക്യാമറയ്ക്കുപിന്നിൽ ഇതിഹാസംപോലൊരു പേരുണ്ട്, മണിരത്നം. 36 വർഷത്തെ ഇടവേളയ്ക്കുശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനംചെയ്യുന്ന ചിത്രം എന്നതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ടാഗ്‌ലൈൻ. തഗ് ലൈഫ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ കമൽഹാസൻ നായകനാകുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. പക്ഷേ, ഞാൻ ഒരു സംവിധായകൻ എന്നനിലയിൽ പ്രവചനാതീതമായി തുടരാനാണ് എന്നും ഇഷ്ടപ്പെടുന്നത്. എന്റെ ആദ്യ ചിത്രം ചെയ്തപ്പോൾ ഏറ്റവുംമികച്ചത് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. എന്റെ എല്ലാ സിനിമകളെയും അതുപോലെത്തന്നെയാണ് സമീപിക്കുന്നത്. പ്രവചനാതീതതയുടെ ഏറ്റവുംവലിയ നേട്ടം എല്ലാറ്റിലും അത് കൊണ്ടുവരുന്ന പുതുമയാണ്. തഗ് ലൈഫ് എന്ന സിനിമയിലും പുതുമതന്നെയാണ് ഞാൻ ലക്ഷ്യമിടുന്നത്. രംഗരായ ശക്തിവേൽ നായ്‌ക്കർ എന്ന കഥാപാത്രത്തിന് തീർത്തും അനുയോജ്യമായ ആളായതുകൊണ്ടുതന്നെയാണ് കമൽഹാസനെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത്. ഞങ്ങൾതമ്മിൽ ഒരുമിച്ചുപ്രവർത്തിച്ചിട്ട് ഇത്രയുംകാലമായി എന്നതിന്റെ അടിസ്ഥാനത്തിലൊന്നുമല്ല ഈ സിനിമ ചെയ്തത്’ -മണിരത്‌നം പറയുന്നു.

സൂപ്പറാണ് അണിയറക്കാർ
തഗ് ലൈഫ് എന്ന എന്ന സിനിമ അണിയറയിൽ ഒരുങ്ങുമ്പോൾ പ്രേക്ഷകരുടെ ആകാംക്ഷ അതിന്റെ പാരമ്യത്തിൽ വരുന്നതിന് കാരണം ഒന്നേയുള്ളൂ, അത്രേയറെ സൂപ്പറാണ് അതിന്റെ അണിയറക്കാർ. കമൽഹാസനും മണിരത്നവും എ.ആർ. റഹ്‌മാനും തൃഷയും സിലമ്പരശനും ജോജു ജോർജും അടക്കമുള്ള താരനിരയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്‌സ്. ടീസർ ലോഞ്ചിങ്ങിലും ഗാന ലോഞ്ചിങ്ങിലുമെല്ലാം അവർ പങ്കുവെച്ചതും ഒരു സൂപ്പർഹിറ്റ് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു. മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജും ഈ സിനിമയുടെ ഭാഗമാണ്. സിലമ്പരശൻ, തൃഷ, ഐശ്വര്യാ ലക്ഷ്മി, അശോക് സെൽവൻ, അഭിരാമി, നാസർ തുടങ്ങി വമ്പൻതാരനിരയാണ് കമൽഹാസനൊപ്പം ഈ ചിത്രത്തിലുള്ളത്. മണിരത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തേ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ. ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യംചെയ്യുന്നത്. വിക്രമിനുവേണ്ടി കമലുമായി സഹകരിച്ച അൻപറിവ് മാസ്റ്റേഴ്സിനെയാണ് ആക്‌ഷൻ കൊറിയോഗ്രാഫി ഏൽപ്പിച്ചിരിക്കുന്നത്.

ജിങ്കുച്ചാ ജിങ്കുച്ചാ
ഓരോതവണ കേൾക്കുമ്പോഴും പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുന്ന ജിങ്കുച്ചാ എന്ന ഗാനവും തഗ് ലൈഫിന്റെ ഹൈലൈറ്റ്‌സുകളിലൊന്നാണ്. കമൽഹാസന്റെ വരികൾക്ക് എ.ആർ. റഹ്‌മാന്റെ സംഗീതം. അതുതന്നെയാണ് പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ‘ജിങ്കുച്ചാ’യുടെ സവിശേഷത. ‘ഈ പാട്ട് തഗ് ലൈഫ് സിനിമയുടെ ഹൈലൈറ്റായി വരുന്നതിൽ സന്തോഷമുണ്ട്. കഥയ്ക്കും രംഗത്തിനും അനുയോജ്യമായ വരികളാണ് എ.ആർ. റഹ്‌മാനോട് മണിരത്‌നം ആവശ്യപ്പെട്ടിരുന്നത്. എ.ആർ. റഹ്‌മാനെപ്പോലെയുള്ള ഒരാളുടെ സംഗീതസംവിധാനത്തിൽ പാട്ടെഴുതാൻകഴിയുന്നത് വലിയ ഭാഗ്യമാണ്. എന്റെ പാട്ടെഴുത്തിനെ ഞാൻ അങ്ങനെയാണ് കാണുന്നത്’ -കമൽഹാസന്റെ വാക്കുകളിൽ ആ പാട്ടിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളുമുണ്ടായിരുന്നു.

Content Highlights: Thug Life Movie Review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article