പ്രശംസനേടി, സ്ലീപ്പര്‍ ഹിറ്റ്; ഒടുവില്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരംനേടി ട്വല്‍ത്ത് ഫെയിൽ

5 months ago 6

12th fail

ട്വൽത്ത് ഫെയിൽ photo: instagram/vidhuvinodchoprafilms

ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങി 'ട്വല്‍ത്ത് ഫെയില്‍'. വ്യാപകമായ നിരൂപക പ്രശംസ നേടുകയും ഒരു സ്ലീപ്പര്‍ ഹിറ്റായി മാറുകയും ചെയ്ത ഈ സിനിമയാണ് എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വിക്രാന്ത് മാസിക്ക് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തതും ഈ ചിത്രത്തിലെ അഭിനയമാണ്.

വിധു വിനോദ് ചോപ്ര സംവിധാനം, നിർമ്മാണം, രചന എന്നിവ നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഹിന്ദി ജീവചരിത്ര ഡ്രാമ ചിത്രമായിരുന്നു 'ട്വൽത്ത് ഫെയിൽ'. കടുത്ത ദാരിദ്ര്യത്തെ അതിജീവിച്ച് ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗസ്ഥനായിത്തീർന്ന മനോജ് കുമാർ ശർമ്മയെയും, ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥയായ ശ്രദ്ധ ജോഷി ശർമ്മയെയും കുറിച്ചുള്ള അനുരാഗ് പഥക്കിൻ്റെ 2019-ൽ അതേ പേരിൽ പുറത്തിറങ്ങിയ നോൺ-ഫിക്ഷൻ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരുന്നത്. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുമെത്തി ഐ.പി.എസ് നേടുന്ന മനോജ് കുമാറിന്റെ കഥയായിരുന്നു ട്വൽത്ത് ഫെയിൽ. തോൽവികളിൽ തളരാതെ മുന്നേറാനും സ്വപ്നങ്ങൾക്കായി കഠിനപ്രയത്നം ചെയ്യാനും മനോജ് കുമാർ നടത്തുന്ന ത്യാഗങ്ങളാണ് സിനിമ പറഞ്ഞത്. അനേകായിരം ഉദ്യോഗാർഥികളുടെ സ്വപ്നത്തിന് ലഭിച്ച വിജയമായി മനോജിന്റെ വിജയം മാറുന്നിടത്താണ് സിനിമ വൈകാരികമായി വിജയം നേടിയത്. വിക്രാന്ത് മാസ്സിയാണ് മനോജ് കുമാർ ശർമ്മയെ അവതരിപ്പിച്ചത്. മേധ ശങ്കർ, അനന്ത് ജോഷി, അൻഷുമാൻ പുഷ്കർ, പ്രിയാൻഷു ചാറ്റർജി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

2023 ഒക്ടോബർ 27-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 12th ഫെയിൽ, വ്യാപകമായ നിരൂപക പ്രശംസ നേടുകയും ഒരു സ്ലീപ്പർ ഹിറ്റായി മാറുകയും ചെയ്തു. 20 കോടി രൂപ (2.4 മില്യൺ യുഎസ് ഡോളർ) ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം, ലോകമെമ്പാടുമായി 71 കോടി രൂപയിൽ (8.2 മില്യൺ യുഎസ് ഡോളർ) അധികം കളക്ഷൻ നേടിയിരുന്നു. 2023 -ൽ ബോളിവുഡിൽ സംഭവിച്ച സൈലന്റ് ഹിറ്റ് ആയിരുന്നു ചിത്രം. ഫിലിം ഫെയർ പുരസ്കാരങ്ങളിലും ചിത്രം സാന്നിധ്യമറിയിച്ചിരുന്നു. 69-ാമത് ഫിലിംഫെയർ അവാർഡിൽ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച നടൻ (ക്രിട്ടിക്സ്) എന്നിവയുൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ വിജയചിത്രങ്ങളുടെ പട്ടികയിൽ പുതിയ ചരിത്രമെഴുതിയ 'ട്വൽത്ത് ഫെയിൽ' ചെെനയിലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.

കോവിഡ് കാലത്ത് സിനിമ വ്യവസായം അനശ്ചിതത്തിലായിരുന്ന ഘട്ടത്തിലാണ് സംവിധായകൻ വിധു വിനോദ് ചോപ്ര തന്റെ പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്തുവിട്ടത്. ഏറെക്കാലത്തെ കാത്തിരുപ്പിനൊടുവിൽ 2022 നവംബറിൽ, നടൻ വിക്രാന്ത് മാസി നായകനാകുമെന്ന് ചോപ്ര പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമായിരുന്നു ട്വൽത്ത് ഫെയിൽ. കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി യഥാർത്ഥ ജീവിതത്തെ പകർത്താനാണ് ചിത്രത്തിലുടനീളം സംവിധായകൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി, യുപിഎസ്‌സി പരിശീലകനായ വികാസ് ദിവ്യകീർത്തി അദ്ദേഹത്തിന്റെ തന്നെ വേഷം സിനിമയിൽ അവതരിപ്പിച്ചു. യഥാർത്ഥ ജീവിതത്തിലെ നിരവധി യുപിഎസ്‌സി ഉദ്യോഗാർത്ഥികളും വിവിധ റോളുകളിൽ ക്യാമറക്കു മുമ്പിലെത്തിയിരുന്നു. മനോജ് കുമാർ ശർമ്മയും ശ്രദ്ധ ജോഷിയും ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയുടെ ആധികാരികത നിലനിർത്താൻ അഭിനേക്കാളുടെ തിരഞ്ഞെടുപ്പും വലിയ പങ്കുവഹിച്ചിരുന്നു. ആഗ്ര, ചമ്പൽ, ഡൽഹി, മസൂറി, മുംബൈ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലായാണ് ചിത്രം പ്രധാനമായും ചിത്രീകരിച്ചിരുന്നത്. സർക്കാർ ജോലി ഉദ്യോഗാർത്ഥികളുടെ രണ്ട് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഡൽഹിയിലെ രാജേന്ദ്ര നഗറിലും മുഖർജി നഗറിലുമായിരുന്നു സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. 2022 ഡിസംബറിൽ ചിത്രീകരണം പൂർത്തിയായി. 2023-ൽ പുറത്തിറങ്ങിയ ബയോപിക്കിലൂടെ വിധു വിനോദ് ചോപ്ര വിജയത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. തുടക്കത്തിൽ ബോക്‌സ് ഓഫീസിൽ കളക്ഷൻ കുറവായിരുന്നെങ്കിലും, മികച്ച നിരൂപക പ്രശംസയും മൗത്ത് പബ്ലിസിറ്റിയും കാരണം ചിത്രം സാമ്പത്തികമായി വലിയ വിജയമായി മാറി. അനുരാഗ് കശ്യപ് ഉൾപ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖർ സിനിമയെ അഭിനന്ദിച്ച് രംഗത്തുവന്നിരുന്നു.

Content Highlights: vidhu vinod chopras 12th neglect won champion movie grant 71th nationalist movie awards

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article