15 June 2025, 04:33 PM IST

നന്ദമൂരി ബാലകൃഷ്ണ | സ്ക്രീൻഗ്രാബ്
പൊതുവേദികളിൽ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ)യുടെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെയും അങ്ങനെയൊന്ന് സംഭവിച്ചു. ഒരു പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കേ സൂപ്പർ താരത്തിന്റെ വെപ്പുമീശ ഇളകിപ്പോയതാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.
ബാലകൃഷ്ണയുടെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വേദിക്കുചുറ്റും തിങ്ങിനിറഞ്ഞ ആരാധകരിൽ ആവേശം നിറയ്ക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു ബാലകൃഷ്ണ. ഇതിനിടെ വെപ്പുമീശ ഒരരികിൽനിന്ന് ഇളകിപ്പോവാൻ തുടങ്ങി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സൂപ്പർതാരത്തിന് യാതൊരു കൂസലുമുണ്ടായിരുന്നില്ല.
മൈക്ക് കയ്യിൽവെച്ചുകൊണ്ടുതന്നെ താരം പശ ചോദിച്ചു. ശേഷം പ്രസംഗം തുടർന്നു. കുറച്ചുസമയത്തിനുശേഷം പശ കിട്ടിയപ്പോൾ തിരിഞ്ഞുനിന്ന് മീശയൊട്ടിക്കുകയും യാതൊന്നും സംഭവിക്കാത്തതുപോലെ പ്രസംഗം തുടരുകയും ചെയ്തു.
ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന 'അഖണ്ഡ 2: താണ്ഡവം' ആണ് ബാലകൃഷ്ണ നായകനായി ഇനി വരാനിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കിയ സൂചന. സെപ്റ്റംബര്‍ 25-ന് ദസറയോടനുബന്ധിച്ച് ചിത്രം ആഗോളറിലീസായെത്തും.
Content Highlights: Nandamuri Balakrishna`s mustache fell disconnected during a speech. Watch the viral video





English (US) ·