പ്രാഥമിക ഘട്ടത്തിൽ രണ്ടു തവണയും വിജയം, സാലി സാംസന്റെ ബ്ലൂ ടൈഗേഴ്സ് കപ്പടിക്കുമോ? കൊല്ലം അത്ര സില്ലിയല്ല!

4 months ago 5

മനോരമ ലേഖകൻ

Published: September 07, 2025 09:48 AM IST

1 minute Read

 സലി സാംസൺ, സച്ചിൻ ബേബി
സലി സാംസൺ, സച്ചിൻ ബേബി

തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസൺ ചാംപ്യൻമാരെ ഇന്നറിയാം. നിലവിലെ കിരീടജേതാക്കളായ കൊല്ലം സെയ്‌ലേഴ്സും കന്നി ഫൈനൽ കളിക്കാനെത്തിയ കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിലുള്ള ഫൈനൽ ഇന്നു വൈകിട്ട് 6.45 മുതൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ. കാണികൾക്കു പ്രവേശനം സൗജന്യം.

പത്തിൽ 8 മത്സരങ്ങളും ജയിച്ച് ഓൾറൗണ്ട് മികവുമായാണ് സലി സാംസൺ നയിക്കുന്ന കൊച്ചി ഫൈനലിന് ഇറങ്ങുന്നത്. പരിചയസമ്പത്തിന്റെ കരുത്തിലാണ് സച്ചിൻ ബേബി നായകനായ കൊല്ലം പ്രതീക്ഷയർപ്പിക്കുന്നത്. പ്രാഥമിക റൗണ്ടിൽ കൊച്ചിയും കൊല്ലവും 2 തവണ ഏറ്റുമുട്ടിയപ്പോഴും ജയം കൊച്ചിക്കായിരുന്നു. കഴിഞ്ഞതവണ സെമി കാണാതെ പുറത്തായ കൊച്ചി ഇത്തവണ തൃശൂർ ടൈറ്റൻസിനോടും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനോടും മാത്രമാണ് തോറ്റത്.

കൊച്ചി പഴയ കൊച്ചിയല്ലരാജ്യാന്തര താരം സഞ്ജു സാംസൺ ഏഷ്യാ കപ്പ് കളിക്കാൻ ദുബായിലേക്കു പോയെങ്കിലും കൊച്ചി ടീമിന്റെ കരുത്ത് ചോർന്നിട്ടില്ലെന്നു തെളിയിക്കുന്നതായിരുന്നു സെമിഫൈനലിൽ ഉൾപ്പെടെയുള്ള മത്സരങ്ങളിലെ പ്രകടനം. സഞ്ജുവിന്റെ അഭാവത്തിൽ സീനിയർ താരമായ വിനൂപ് മനോഹരനാണ് ബാറ്റിങ് നയിക്കുന്നത്. സഞ്ജുവിനു പകരം ഓപ്പണറായെത്തിയ വിപുൽ ശക്തിയും മികച്ച പ്രകടനം നടത്തുന്നു.

മുഹമ്മദ് ഷാനുവും നിഖിൽ തോട്ടത്തിലും സാലി സാംസണും അടങ്ങുന്ന മധ്യനിരയും മോശമല്ല. ഈ സീസണിലെ താരോദയമായ മുഹമ്മദ് ആഷിഖാണ് ടീമിന്റെ വജ്രായുധം. കൊല്ലത്തിനെതിരായ ആവേശകരമായ ആദ്യ മത്സരത്തിൽ അവസാന ബോൾ സിക്സർ പറത്തി ടീമിനെ ജയിപ്പിക്കുകയും സെമിയിൽ ഓൾറൗണ്ട് മികവുമായി കാലിക്കറ്റിനെ തകർക്കുകയും ചെയ്ത ആഷിഖിനെ കൊല്ലം ഭയക്കണം. ആൽഫി ഫ്രാൻസിസ് ജോൺ, ജോബിൻ ജോബി, പി.എസ്.ജെറിൻ എന്നീ ഓൾറൗണ്ടർമാരും മികവ് തെളിയിച്ചവർ. ബോളിങ്ങിൽ പരിചയസമ്പന്നനായ കെ.എം.ആസിഫാണ് ടീമിന്റെ കരുത്ത്.

കൊല്ലം അത്ര സില്ലിയല്ല

നിലവിലെ ചാംപ്യന്മാർക്കു ചേരുന്ന പ്രകടനമായിരുന്നില്ല ആദ്യ റൗണ്ടിൽ കൊല്ലത്തിന്റേത്. 10 മത്സരങ്ങളിൽ ജയിക്കാനായത് അഞ്ചെണ്ണത്തിൽ മാത്രം. എന്നാൽ, സെമിയിൽ തൃശൂർ ടൈറ്റൻസിനെതിരെ കൊല്ലത്തിന്റെ ചാംപ്യൻസ് കരുത്തിനു ഗാലറികൾ സാക്ഷികളായി. ഫൈനലിലും ഇതേ പ്രകടനം തുടരാനായാൽ ഇന്ന് തീപാറും.

ബാറ്റിങ്ങിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും വിഷ്ണു വിനോദുമാണ് നിർണായക ശക്തികൾ. കഴിഞ്ഞ ഫൈനലിൽ സെഞ്ചറി നേടി ടീമിനെ ചാംപ്യൻമാരാക്കുകയും സീസണിലെ ടോപ് സ്കോറർ ആവുകയും ചെയ്ത സച്ചിനും കെസിഎലിലെ വേഗമേറിയ സെഞ്ചറി പേരിലുള്ള വിഷ്ണു വിനോദിനും ഈ സീസണിൽ ഇതുവരെ സ്ഥിരതയുള്ള ഫോം കണ്ടെത്താനായിട്ടില്ല.

ആദ്യ മത്സരത്തിൽ സെഞ്ചറിക്ക് അടുത്തെത്തിയ ഇരുവരുടെയും മികച്ച പ്രകടനം ഇന്ന് ആവർത്തിക്കാനായാൽ കൊല്ലത്തിനു പ്രതീക്ഷ വയ്ക്കാം. അഭിഷേക് നായരും ഫോമിലാണ്. അവസാന മത്സരങ്ങളിൽ ഭരത് സൂര്യയും വത്സൽ ഗോവിന്ദും മികച്ച പ്രകടനം കാഴ്ചവച്ചതും പ്രതീക്ഷ നൽകുന്നു. ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള (16 വിക്കറ്റ്) പേസർ എ.ജി.അമലാണ് ബോളിങ് നിരയെ നയിക്കുന്നത്. ഒപ്പം അജയഘോഷ്, എം.എസ്.അഖിൽ, പവൻ രാജ്, ഷറഫുദീൻ എന്നിവരുടെ സാന്നിധ്യം കരുത്തുവർധിപ്പിക്കുന്നു.

English Summary:

KCL Final: Kollam Sailors vs Kochi Blue Tigers – Championship Decider Today!

Read Entire Article