മുംബൈ: സ്റ്റുഡിയോയ്ക്ക് പുറത്ത് കാത്തുനിന്ന പ്രായമായ തന്റെ ആരാധികയുടെ കാൽ തൊട്ട് വന്ദിക്കുകയും കയ്യിൽ ചുംബിക്കുകയും ചെയ്ത് ബോളിവുഡ് താരം രൺവീർ സിംഗ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെ രൺവീറിന്റെ പെരുമാറ്റത്തെ അഭിനന്ദിച്ച് ആരാധകർ രംഗത്തുവന്നിരിക്കുകയാണ്.
ബുധനാഴ്ച രാത്രി, മുംബൈയിലെ ഡബ്ബിംഗ് സ്റ്റുഡിയോയ്ക്ക് പുറത്ത് കാത്തുനിൽക്കുന്ന പ്രായമായ സ്ത്രീയെ രൺവീർ കാണുകയായിരുന്നു. അദ്ദേഹം അവരുടെ അടുത്ത് ചെല്ലുകയും സംസാരിക്കുകയും ചെയ്തു. യാത്ര പറയുന്നതിന് മുൻപ് രൺവീർ അവരുടെ കാൽ തൊട്ടുവന്ദിക്കുകയും കയ്യിൽ ചുംബിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സ്ക്രീനിന് പുറത്തെ ഹൃദയസ്പർശിയായ പ്രവൃത്തിയിലൂടെ രൺവീർ സിംഗ് വീണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'ധുരന്ധർ' എന്ന തൻ്റെ പുതിയ ആക്ഷൻ ഡ്രാമ സിനിമയുടെ തിരക്കിലാണ് രൺവീർ സിംഗ്. സിനിമയുടെ ഇതിവൃത്തം രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പെഷ്യൽ ഏജൻ്റുമാരുടെ ധീരതയെ എടുത്തു കാണിക്കുന്ന ഈ ചിത്രത്തിൽ രൺവീർ ഒരു രഹസ്യ ഏജൻ്റായി അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം, നിർമ്മാതാക്കൾ സിനിമയുടെ ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറക്കിയിരുന്നു. നീണ്ട മുടിയും, ചുണ്ടിൽ സിഗരറ്റും, ആവേശം കൊള്ളിക്കുന്ന പശ്ചാത്തല സംഗീതത്തോടുകൂടിയ തീവ്രമായ ആക്ഷൻ രംഗങ്ങളുമായി പരുക്കൻ ഭാവത്തിലാണ് രൺവീർ ടീസറിൽ പ്രത്യക്ഷപ്പെട്ടത്. ആകാംഷ നിറഞ്ഞ ഒരു ത്രില്ലറായിരിക്കും ചിത്രമെന്ന് ടീസർ സൂചന നൽകുന്നു.
സഞ്ജയ് ദത്ത്, ആർ മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വർണ്ണപ്പല്ലുകൾ, മെറ്റാലിക് സൺഗ്ലാസുകൾ, കട്ടിയുള്ള നരച്ച താടി, തീക്ഷ്ണമായ ഭാവങ്ങൾ എന്നിവയോടു കൂടിയ അർജുൻ്റെ പരുക്കൻ ലുക്ക് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. സാറ അർജുനാണ് ചിത്രത്തിലെ നായിക. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിക്കുന്ന 'ധുരന്ധർ' 2025 ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Content Highlights: histrion ranveer Singh touches aged fan's feet, kisses her hand, video goes viral





English (US) ·