പ്രാർഥന ഫലം കണ്ടെന്ന് ആരാധകർ, ഇച്ചാക്കയ്ക്ക് ലാലുവിന്റെ സ്നേഹമുത്തം; സന്തോഷം പങ്കുവെച്ച് മോഹൻലാൽ

5 months ago 5

mohanlal mammootty

മോഹൻലാലും മമ്മൂട്ടിയും | Photo: Facebook/ Mohanlal

മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമയില്‍ സജീവമാവുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മലയാളത്തിന്റെ മഹാനടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍. ഒരു പരിപാടിയിലെ വേദിയില്‍ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹന്‍ലാലിന്റെ പോസ്റ്റ്.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കമന്റുമായി ആരാധകരെത്തി. ഇന്നത്തെ എഫ്ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇരുവരും പരസ്പരം അഭിസംബോധനചെയ്യുന്ന പേരുകള്‍ ഓര്‍മിപ്പിച്ച് ലാലുലിന്റെ ഇച്ചാക്ക, ഹരികൃഷ്ണന്‍സ്, ബിഗ് എംസ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍. മമ്മൂട്ടിയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച വാര്‍ത്തകള്‍ക്കുപിന്നാലെ മോഹന്‍ലാല്‍ ശബരിമലയില്‍ നടത്തിയ വഴിപാട് ഓര്‍മിപ്പിച്ചും കമന്റുകളുണ്ട്. ലാലേട്ടന്റെ പ്രാര്‍ഥന ഫലം കണ്ടുവെന്നാണ് കമന്റ്‌.

എമ്പുരാന്റെ റിലീസിന് മുമ്പായി നടത്തിയ ശബരിമല ദര്‍ശനത്തിനിടെയാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു വഴിപാട് നടത്തിയത്. മമ്മൂട്ടിക്കായി ഉഷഃപൂജ വഴിപാടായിരുന്നു മോഹന്‍ലാല്‍ നടത്തിയത്.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മമ്മൂട്ടി കുറച്ചുകാലമായി സിനിമയില്‍നിന്ന് മാറി നില്‍ക്കുകയായിരുന്നു. താരം ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് നടി മാലാ പാര്‍വതി അറിയിച്ചിരുന്നു. നിര്‍മാതാക്കളായ എസ്. ജോര്‍ജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടന്‍ രമേഷ് പിഷാരടി, എംപിമാരായ കെ.സി. വേണുഗോപാല്‍, ജോണ്‍ ബ്രിട്ടാസ് അടക്കം നിരവധിപ്പേര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

Content Highlights: Mohanlal shared a representation kissing Mammootty, celebrating his betterment and instrumentality to films

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article