Published: May 05 , 2025 08:16 AM IST
1 minute Read
ലണ്ടൻ ∙ യൂറോപ്പ ലീഗിൽ മിന്നും ഫോമിലാണെങ്കിലും ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല! ബ്രെന്റഫഡിനെതിരെ 3–4 തോൽവി വഴങ്ങിയ റൂബൻ അമോറിമിന്റെ ടീം പോയിന്റ് പട്ടികയിൽ 15–ാം സ്ഥാനത്തു തുടരുന്നു. വെള്ളിയാഴ്ച യൂറോപ്പ ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക് ബിൽബാവോയെ 3–0നു തോൽപിച്ചതിനു പിന്നാലെയാണ് യുണൈറ്റഡിന്റെ തോൽവി.
ഈ വെളളിയാഴ്ച രണ്ടാം പാദം ഉള്ളതിനാൽ യുവതാരങ്ങളെയാണ് യുണൈറ്റഡ് കോച്ച് റൂബൻ അമോറിം ഇന്നലെ കളത്തിലിറക്കിയത്. 14–ാം മിനിറ്റിൽ മേസൻ മൗണ്ടിന്റെ ഗോളിൽ മുന്നിലെത്തിയെങ്കിലും 27–ാം മിനിറ്റിൽ ലൂക്ക് ഷാ വഴങ്ങിയ സെൽഫ് ഗോൾ യുണൈറ്റഡിനു തിരിച്ചടിയായി.
കെവിൻ ഷേഡിന്റെ ഇരട്ട ഗോളിന്റെയും (33,70 മിനിറ്റുകൾ) യൊവാൻ വിസ്സയുടെ ഗോളിന്റെയും മികവിൽ ബ്രെന്റ്ഫഡ് 4–1നു മുന്നിലെത്തി. അവസാന നിമിഷം അലഹാന്ദ്രോ ഗർനാച്ചോ (82), അമാദ് ദിയാലോ (90+5) എന്നിവരുടെ ഗോളിൽ യുണൈറ്റഡ് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും പിന്നീട് സമനില ഗോൾ നേടാനായില്ല.
∙ പിഎസ്ജിക്ക് വീണ്ടും തോൽവി
സ്ട്രാസ്ബർഗ് (ഫ്രാൻസ്) ∙ കിരീടം ഉറപ്പിച്ചതിനു പിന്നാലെ ആലസ്യത്തിലായ പിഎസ്ജിക്ക് ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ തുടർച്ചയായ രണ്ടാം തോൽവി. സ്ട്രാസ്ബർഗിനോടാണ് ചാംപ്യൻമാർ 2–1 തോൽവി വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ നീസിനോടും പാരിസ് ക്ലബ് തോൽവി വഴങ്ങിയിരുന്നു.
തുടർച്ചയായി 30 മത്സരങ്ങളിൽ പരാജയമറിയാതെ കിരീടം ഉറപ്പിച്ചതിനു പിന്നാലെയാണ് 2 തുടർ തോൽവികൾ. ആർസനലിനെതിരെ ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദം 1–0നു ജയിച്ച ടീമിൽ, പോർച്ചുഗീസ് താരം ജോവ നെവിസിനെ മാത്രമാണ് പിഎസ്ജി കോച്ച് ലൂയി എൻറിക്വെ ഇന്നലെ ആദ്യ ഇലവനിൽ ഇറക്കിയത്. ബുധനാഴ്ച പിഎസ്ജിയുടെ ഹോംഗ്രൗണ്ടിലാണ് രണ്ടാംപാദം.
English Summary:








English (US) ·