
പരേഷ് റാവൽ, അക്ഷയ് കുമാർ | Photo: AFP, PTI
പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ബോളിവുഡ് ചിത്രം ഹേരാ ഫേരി-3 കുറച്ചുദിവസങ്ങളായി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. കേപ് ഓഫ് ഗുഡ് ഫിലിംസിന്റെ ബാനറില്‍ അക്ഷയ് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍നിന്ന് പിന്മാറുന്നതായി പരേഷ് റാവല്‍ അറിയിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. പിന്നാലെ, 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് പരേഷ് റാവല്‍ ഇനി ചിത്രത്തിലേക്ക് തിരിച്ചുവരുമോ എന്ന ചര്‍ച്ച സാമൂഹികമാധ്യമങ്ങളില്‍ പൊടിപൊടിക്കുകയാണ്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അക്ഷയ് കുമാറിന്റെ കമ്പനിയുടെ നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന പരിണാം അസോസിയേറ്റ്‌സിന്റെ ജോയിന്റ് മാനേജിങ് പാര്‍ട്ണര്‍ പൂജ ടിഡ്‌കെ. 'ഇനിയും പ്രതീക്ഷയുയുണ്ടാവാം' എന്നാണ് വാര്‍ത്താഏജന്‍സിയായ പിടിഐയോട് പൂജ പ്രതികരിച്ചത്.
പരേഷ് റാവലിന്റെ പിന്മാറ്റത്തിന് നിയമപരമായി കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നതെന്ന് പൂജ ടിഡ്‌കെ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ചിത്രീകരണോപകരണങ്ങള്‍ക്കുമായി ഒരുപാട് പണം ഇതുവരെ കമ്പനി ചെലവഴിച്ചിട്ടുണ്ട്. ട്രെയ്‌ലര്‍ ഷൂട്ടിന് മുമ്പായി കരാറായിരുന്നു. മൂന്നരമിനിറ്റോളം ഷൂട്ടുചെയ്തുകഴിഞ്ഞു. പെട്ടന്നാണ് ദിവസങ്ങള്‍ക്കുമുമ്പ് ചിത്രവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്ന് കാണിച്ച് പരേഷ്ജി നോട്ടീസ് നല്‍കിയത്. അത് എല്ലാവരേയം ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
'ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ അഭിനേതാക്കളുടെ പ്രശസ്തിക്ക് കോട്ടം തട്ടിയിട്ടുണ്ട്. ആ പരമ്പരയ്ക്കുതന്നെ അതുണ്ടായിട്ടുണ്ട്. പ്രേക്ഷകരിലും വലിയ നിരാശയുണ്ട്. അതിനാല്‍, കാര്യങ്ങള്‍ നന്നായി അവസാനിക്കുമെന്നാണ് ശുഭപ്രതീക്ഷ', പൂജ വ്യക്തമാക്കി.
സിദ്ധിഖ്- ലാലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മലയാളചിത്രം 'റാംജിറാവു സ്പീക്കിങ്ങി'ന്റെ ഹിന്ദി റീമേക്കായിരുന്നു 'ഹേരാ ഫേരി'. 2000-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് രണ്ടാംഭാഗവുമുണ്ടായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനംചെയ്ത 'ഹേരാ ഫേരി'യില്‍ അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവൽ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മൂന്നാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെ പരേഷ് റാവല്‍ പിന്മാറിയതായി വാര്‍ത്തകള്‍ വന്നു. ഇത് പരേഷ് റാവല്‍ തന്നെ സ്ഥിരീകരിച്ചു. പിന്നാലെയാണ് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി പരേഷിന് വക്കീല്‍ നോട്ടീസ് അയച്ചത്. 11 ലക്ഷം രൂപയോളം ആദ്യഗഡു പ്രതിഫലം വാങ്ങിയ ശേഷമാണ് പരേഷിന്റെ പിന്മാറ്റമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പരേഷിന്റെ പിന്മാറ്റം ഞെട്ടിച്ചുവെന്ന് സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ സുനില്‍ ഷെട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഏഴുദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് വക്കീല്‍ നോട്ടീസിലുള്ളത്.
Content Highlights: Paresh Rawal Returns To Hera Pheri 3 After Akshay Kumar Lawsuit?
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·