21 May 2025, 12:51 PM IST

പ്രിയദർശൻ, സുനിൽ ഷെട്ടി, പരേഷ് റാവൽ | Photo: Mathrubhumi, AFP, PTI
പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന 'ഹേരാ ഫേരി 3'-യില്‍നിന്ന് പരേഷ് റാവലിന്റെ പിന്മാറ്റം ഞെട്ടിക്കുന്നതാണെന്ന് നടന്‍ സുനില്‍ ഷെട്ടി. പിന്മാറാനുള്ള പരേഷിന്റെ തീരുമാനം ചിത്രത്തെ സംബന്ധിച്ച് പ്രതിസന്ധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പരേഷന്റെ പിന്മാറ്റവിവരം തന്നെ അറിയിച്ചത് തന്‍റെ മക്കളാണെന്നും സുനില്‍ ഷെട്ടി ഇന്ത്യാ ടുഡേയോട് പറഞ്ഞു. അക്ഷയ് കുമാറിന്റെ നിര്‍മാണത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഹേരാ ഫേരി 3'-ല്‍നിന്ന് പരേഷ് റാവല്‍ പിന്മാറിയിരുന്നു. പിന്നാലെ, അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
'എനിക്ക് അതിനെക്കുറിച്ച് കാര്യമായി അറിയില്ല. ഞെട്ടിക്കുന്നതാണത്. ആദ്യം അദ്ദേഹത്തിന് മെസേജ് അയച്ചാലോ എന്ന് ഓര്‍ത്തു. പക്ഷേ, പിന്നീട് നേരിട്ട് കണ്ടുസംസാരിക്കാമെന്ന് തീരുമാനിച്ചു. ഞാന്‍ അതിനെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അക്ഷയ്ക്കുപോലും മനസിലായിട്ടില്ല', എന്നായിരുന്നു പരേഷിന്റെ പിന്മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുനില്‍ ഷെട്ടിയുടെ പ്രതികരണം.
'ഇതൊരു പ്രതിസന്ധി തന്നെയാണ്. അദ്ദേഹത്തിന്റെ പിന്മാറ്റം വലിയ ഞെട്ടലായിപ്പോയി. ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങാനിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍, ആരംഭിച്ചുകഴിഞ്ഞു. പ്രൊമോ ഷൂട്ട് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്തായാലും അത് ഞെട്ടിക്കുന്നതാണ്. എന്‍റെ മക്കളാണ് എന്നെ കാര്യം അറിയിച്ചത്. എന്താണ് സംഭവമെന്ന് അവര്‍ ചോദിച്ചു', സുനില്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു.
സിദ്ധിഖ്- ലാല്‍ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ 'റാംജിറാവു സ്പീക്കിങ്ങി'ന്റെ റീമേക്കായിരുന്നു 'ഹേരാ ഫേരി'. പിന്നീട് ചിത്രത്തിന് രണ്ടാംഭാഗവും പുറത്തിറങ്ങി. അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും പരേഷ് റാവലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണതോതില്‍ ആരംഭിക്കാനിരിക്കെയാണ് വിവാദം. ചിത്രത്തില്‍നിന്ന് പിന്മാറിയ പരേഷ് റാവല്‍ തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ചാണ് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ് വക്കീല്‍ നോട്ടീസ് അയച്ചത്.
Content Highlights: Actor Sunil Shetty expresses daze implicit Paresh Rawal`s exit from Hera Pheri 3
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·