Published: August 22, 2025 08:46 PM IST
1 minute Read
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന്റെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ് ആരാധകർ രണ്ടു കയ്യും നീട്ടിയാണു സ്വീകരിച്ചത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം എന്ന സിനിമയിലാണ് മഞ്ഞപ്പടയുടെ സ്വന്തം ആശാൻ പ്രധാന വേഷത്തിലെത്തുന്നത്. ആന്ദ്രെ നിക്കോള എന്ന കഥാപാത്രത്തെയാണ് ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ ഇവാൻ കൈകാര്യം ചെയ്യുന്നതെന്ന് വിനീത് ശ്രീനിവാസൻ സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
സിനിമയുടെ ട്രെയിലർ ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. ‘‘നമ്മളെല്ലാവരുടെയും പ്രിയപ്പെട്ട ആശാൻ. ഞാൻ എന്റെ ലൈഫിൽ കണ്ടതിൽവെച്ചേറ്റവും പോസിറ്റീവ് ആയ മനുഷ്യരിൽ ഒരാൾ. നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതു തന്നെ ആദരവാണ്.’’– വിനീത് ശ്രീനിവാസൻ വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. പൂജ റിലീസായി സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ.ടി.ജോൺ ആണ്. ഷാൻ റഹ്മാനാണ് സംഗീതം.
കരം സിനിമയുടെ ട്രെയിലർ ഇവാൻ വുക്കൊമനോവിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുമുണ്ട്. 48 വയസ്സുകാരനായ ഇവാൻ കഴിഞ്ഞ വർഷമാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്. പിന്നീട് മറ്റൊരു ക്ലബ്ബിനെയും സെർബിയയുടെ മുൻ ഫുട്ബോൾ താരം പരിശീലിപ്പിച്ചിരുന്നില്ല. ഇടയ്ക്ക് ഏതാനും പരസ്യചിത്രങ്ങളിൽ മോഡലായിരുന്നെങ്കിലും സിനിമയിൽ ആദ്യമായാണ് അഭിനയിക്കുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @VineethSreenivasan എന്ന എഫ്ബി അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·