Published: April 09 , 2025 01:08 PM IST
2 minute Read
-
ചെന്നൈയ്ക്കെതിരെ പഞ്ചാബിനു 18 റൺസ് ജയം
-
പ്രിയാംശ് ആര്യയ്ക്കു സെഞ്ചറി (103)
മുല്ലൻപുർ∙ ശ്രേയസ് അയ്യരും ഗ്ലെൻ മാക്സ്‌വെലും അടങ്ങുന്ന ‘പടയെ പേടിച്ചാണ്’ പഞ്ചാബ് കിങ്സിനെതിരെ കളിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് എത്തിയത്. പക്ഷേ, അവിടെ ‘പന്തവും കൊളുത്തി’ ഒരു ചെറുപ്പക്കാരൻ കാത്തിരിക്കുന്നുണ്ടെന്ന് ചെന്നൈ സ്വപ്നത്തിൽ പോലും കരുതിയില്ല; പ്രിയാംശ് ആര്യ എന്നായിരുന്നു ആ ഇരുപത്തിനാലുകാരന്റെ പേര്! 42 പന്തിൽ 9 സിക്സും 7 ഫോറുമടക്കം കന്നി ഐപിഎൽ സെഞ്ചറിയുമായി (103) പ്രിയാംശ് ആളിപ്പടർന്ന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ പഞ്ചാബിനു 18 റൺസ് ജയം. പഞ്ചാബ് നൽകിയ 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 201 റൺസിൽ അവസാനിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 6ന് 219. ചെന്നൈ 20 ഓവറിൽ 5ന് 201. പ്രിയാംശാണ് പ്ലെയർ ഓഫ് ദ് മാച്ച്.
തുടക്കം നന്നായിട്ടും...220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്കു ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ രചിൻ രവീന്ദ്രയും (23 പന്തിൽ 36)– ഡെവൻ കോൺവേയും (49 പന്തിൽ 69) നൽകിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇരുവരും ചേർന്ന് പവർപ്ലേ അവസാനിക്കുമ്പോൾ ടീം സ്കോർ 59ൽ എത്തിച്ചു. എന്നാൽ രചിനെയും ഋതുരാജ് ഗെയ്ക്‌വാദിനെയും (3 പന്തിൽ 1) അടുത്തടുത്ത ഓവറുകളിൽ നഷ്ടമായതോടെ ചെന്നൈ പ്രതിരോധത്തിലായി. മൂന്നാം വിക്കറ്റിൽ 51 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ശിവം ദുബെ (27 പന്തിൽ 42)– കോൺവേ സഖ്യം ചെന്നൈയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും 16–ാം ഓവറിലെ അഞ്ചാം പന്തിൽ ദുബെയെ ലോക്കി ഫെർഗൂസൻ വീഴ്ത്തി. പിന്നാലെ കോൺവേ റിട്ടയേഡ് ഔട്ടായി മടങ്ങി. അവസാന ഓവറുകളിൽ പതിവുരീതിയിൽ ബാറ്റ് വീശിയ എം.എസ്.ധോണി (12 പന്തിൽ 27) ആരാധകരെ രസിപ്പിച്ചെങ്കിലും ചെന്നൈയ്ക്കു ജയിക്കാൻ അതു പോരായിരുന്നു.
തകർത്തടിച്ച് താരനിരടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനു രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിനെ (0) നഷ്ടമായി. പിന്നാലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (7 പന്തിൽ 9), മാർക്കസ് സ്റ്റോയ്നിസ് (7 പന്തിൽ 4), നേഹൽ വധേര (7 പന്തിൽ 9), ഗ്ലെൻ മാക്സ്‌വെൽ (2 പന്തിൽ 1) എന്നിവരും നിലയുറപ്പിക്കും മുൻപേ മടങ്ങിയതോടെ 5ന് 83 എന്ന നിലയിലായി പഞ്ചാബ്. 6–ാം വിക്കറ്റിൽ ശശാങ്ക് സിങ്ങിനൊപ്പം (36 പന്തിൽ 52 നോട്ടൗട്ട്) 71 റൺസ് കൂട്ടിച്ചേർത്ത പ്രിയാംശാണ് പഞ്ചാബിനെ രക്ഷിച്ചത്. മതീഷ പതിരാന എറിഞ്ഞ 13–ാം ഓവറിൽ തുടർച്ചയായി 3 സിക്സും ഒരു ഫോറും നേടിയ പ്രിയാംശ് 39 പന്തിൽ കന്നി ഐപിഎൽ സെഞ്ചറി തികച്ചു.
അടുത്ത ഓവറിൽ നൂർ അഹമ്മദിന്റെ പന്തിൽ ബൗണ്ടറിക്കു ശ്രമിച്ച് പ്രിയാംശ് പുറത്തായി. പ്രിയാംശ് വീണിട്ടും ഒരറ്റത്ത് ആക്രമിച്ചു കളിച്ച ശശാങ്ക് റൺ നിരക്ക് കുറയാതെ നോക്കി. പിന്നാലെ മാർക്കോ യാൻസനും (19 പന്തിൽ 34 നോട്ടൗട്ട്) തകർത്തടിച്ചതോടെ പഞ്ചാബ് സ്കോർ 219ൽ എത്തി.
ക്യാച്ചസ് വിൻ മാച്ചസ്ഒരു ക്യാച്ചിന് ഒരു മത്സരത്തിന്റെ വിലയുണ്ടെന്ന് ചെന്നൈ സൂപ്പർ കിങ്സിന് ഇന്നലെ മനസ്സിലായിക്കാണും. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രണ്ടു തവണയാണ് ഓപ്പണർ പ്രിയാംശ് ആര്യയുടെ ക്യാച്ച് ചെന്നൈ ഫീൽഡർമാർ കൈവിട്ടത്. ആദ്യത്തേത് ഒന്നാം ഓവറിലെ രണ്ടാം പന്തിൽ. ഖലീൽ അഹമ്മദ് എറിഞ്ഞ ഓവറിൽ റിട്ടേൺ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാൻ ഖലീലിനു സാധിച്ചില്ല. വ്യക്തിഗത സ്കോർ 6ൽ നിൽക്കെയായിരുന്നു പ്രിയാംശിന് ആദ്യ ലൈഫ് ലഭിച്ചത്. പിന്നാലെ ഖലീൽ എറിഞ്ഞ അഞ്ചാം ഓവറിൽ പ്രിയാംശിന്റെ ക്യാച്ച് ചെന്നൈ ഫീൽഡർ വിജയ് ശങ്കർ കൈവിട്ടു. 35 റൺസായിരുന്നു അപ്പോൾ പഞ്ചാബ് ഓപ്പണറുടെ സ്കോർ. അവിടെ നിന്ന് 42 പന്തിൽ 103 റൺസ് അടിച്ചെടുത്ത പ്രിയാംശ് പഞ്ചാബ് ടോട്ടലിന്റെ പകുതിയോളം പേരിൽ കുറിച്ചാണു തിരികെക്കയറിയത്.
English Summary:








English (US) ·