ആദ്യ മത്സരദിനത്തിൽത്തന്നെ സീസണിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന്. ഉജ്വല തുടക്കമിട്ട് ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോട്സപറും നോട്ടിങാം ഫോറസ്റ്റും. സമനിലക്കുരുക്കിലായി ചെൽസിയും ന്യൂകാസിലും. തോൽവിത്തുടക്കത്തിലും പ്രതീക്ഷകൾ ബാക്കിയാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിന്റെ 2025-26 സീസൺ തുടക്കം ആദ്യാവസാനം ആവേശകരമായ മത്സരം പോലെ ഉദ്വേഗം നിറഞ്ഞതും നാടകീയവുമായി.
തിരിച്ചുവരവറിയിച്ച് റിച്ചാർലിസൺഫോം താൽക്കാലികവും ക്ലാസ് സുസ്ഥിരവുമാണെന്ന ചൊല്ല് അന്വർഥമാക്കുകയായിരുന്നു ബ്രസീൽ സ്ട്രൈക്കർ റിച്ചാർലിസൺ. ബേൺലിക്കെതിരെ 60-ാം മിനിറ്റിൽ നേടിയ നേടിയ അത്യുജ്വലമായ ബൈസിക്കിൾ കിക്ക് പ്രീമിയർ ലീഗിലും ഫുട്ബോൾ ലോകത്തും തരംഗമായപ്പോൾ 2022 ലോകകപ്പിൽ സെർബിയയ്ക്കെതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോളിന്റെ ഓർമയാണുർന്നത്. വലതുവിങ്ങിൽ നിന്ന് മുഹമ്മദ് കുഡോസിന്റെ ക്രോസ് ബേൺലി ഗോൾമുഖത്തെത്തുമ്പോൾ ലോ ലൈനിൽ നിന്ന കാവൽനിരയെ കാഴ്ച്ചക്കാരാക്കി, വായുവിൽ ഒന്നുയർന്ന്, അസാധാരണമായ മെയ്‌വഴക്കത്തോടെ തൊടുത്ത ഷോട്ട് വലയിലെത്തിയപ്പോൾ ടോട്ടനം താരങ്ങൾക്കും സ്റ്റേഡിയത്തിനും അമ്പരപ്പായിരുന്നു ആദ്യം. അതു പിന്നീട് ആവേശത്തിന്റെ ആഘോഷമായിമാറി.
തോമസ് ഫ്രങ്കിന്റെ കീഴിൽ തിരിച്ചുവരവിനൊരുങ്ങുന്ന ടോട്ടനമിനൊപ്പം റിച്ചാർലിസൺ എന്ന ബ്രസീൽ താരത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനും വഴിയൊരുങ്ങുകയാണ്. ബ്രസീലിന്റെ ആക്രമണനിരയെ നയിച്ച, പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയ കഴിഞ്ഞ 16 കളികളിൽ 13 ഗോളുകൾ നേടിയ താരത്തെ പക്ഷേ ആരാധകർ മറന്ന മട്ടായിരുന്നു. എന്നാൽ യുവേഫ സൂപ്പർകപ്പിലും ബെൺലിക്കെതിരെയും തകർപ്പൻ പ്രകടനം കാഴ്ചവച്ച താരം ടീമിലെ പ്രധാന സ്ട്രൈക്കറുടെ റോളിന് അവകാശവാദമുന്നയിക്കുകയാണ്. എവർട്ടണിൽ നിന്ന് റെക്കോർഡ് തുകയക്ക് ടോട്ടനമിലെത്തിയ താരത്തിനു പരുക്കും മോശം ഫോമും തിരിച്ചടിയാവുകയായിരുന്നു. ഈ വർഷം ടീം വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ശാരീരിക മികവു വീണ്ടെടുത്ത സ്ട്രൈക്കറെ ഫ്രാങ്ക് തന്റെ പദ്ധതിയിലെ പ്രധാന താരങ്ങളിൽപ്പെടുത്തി. ആദ്യ രണ്ട് കളിയിലും പരിശീലകന്റെ വിശ്വാസം കാത്തുസൂക്ഷിച്ച റിച്ചാർലിസൺ പരുക്കുമാറിനിന്നാൽ ഈ സീസണിൽ തന്റെ ഏറ്റവും മികച്ച പ്രകടനം കാണാമെന്ന സൂചനയാണ് നൽകുന്നത്.
സൂപ്പർതാരം സോണിനു പകരക്കാരനെയെത്തിച്ചിട്ടില്ലെങ്കിലും പുതിയ പരിശീലകൻ തോമസ് ഫ്രാങ്കിനു കീഴിൽ പ്രതീക്ഷ നിറഞ്ഞ തുടക്കമായി ടോട്ടനമിന്. പോസ്റ്റകോഗ്ലുവിന്റെ കാലത്തിൽ നിന്നു മാറി, പ്രതിരോധം കടുപ്പിച്ചുള്ള പ്രത്യാക്രമണ ശൈലിയാണ് ഫ്രാങ്കിന്റേത്. പ്രതിരോധത്തിലെ അനാവശ്യ പാസുകൾ ഒഴിവാക്കി ലോങ് ബോളുകളിലൂടെ മുന്നറ്റനിരയ്ക്ക് പന്തെത്തിക്കുന്ന തന്ത്രം. ത്രോ ഇന്നുകളും സെറ്റ്പീസുകളും ഗോൾസാധ്യതയിലേക്കുള്ള വഴികളാക്കുകയാണ് ഡെൻമാർക്ക് പരിശീകൻ.
കിടിലൻ കുഡുസ്ലീഗിലെ ആദ്യ മത്സരദിനത്തിൽ ഏറ്റവമധികം ശ്രദ്ധനേടിയ താരം ടോട്ടനമിന്റെ വിങ്ങർ മുഹമ്മദ് കുഡുസാണ്. റിച്ചാർലിസന്റെ രണ്ടു ഗോളിനും അവസരമൊരുക്കിയത് വലതുവിങ്ങിൽ നിന്ന് ഘാന താരം നീട്ടിക്കൊടുത്ത ക്രോസുകളായിരുന്നു. പന്തുമായി തന്റെ കാൽവേഗത്തിനൊപ്പം മത്സരഗതി കൊണ്ടുപോകാനുള്ള അസാധാരണ മികവുണ്ട് കുഡുസിന്. ടോട്ടനമിന്റ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച സൈനിങ് ആയി മാറുമെന്ന് രണ്ടു കളികൾക്കൊണ്ടുതന്നെ താരം സൂചന നൽകിക്കഴിഞ്ഞു. സൂപ്പർ കപ്പുമുതൽ ക്ലിക്കായി കഴിഞ്ഞ കുഡുസ് – റിച്ചാർലിസൺ സഖ്യം ഫ്രാങ്കിനും പ്രതീക്ഷകൾ നൽകുകയാണ്.
കുതിച്ചു തുടങ്ങി ലിവർപൂൾ, സിറ്റിപ്രതീക്ഷിച്ചതുപോലെ സീസണിൽ മികച്ച തുടക്കമിട്ട് ലിവർപൂളും സിറ്റിയും. സിറ്റിക്കായി ഇരട്ടഗോൾ നേടിയ ഹാലണ്ട് ഇക്കുറിയും ഗോൾവേട്ടയിൽ മുൻനിരയിലെത്തുമെന്ന സൂചനയാണ് നൽകുന്നത്. പുതിയ താരങ്ങൾ ടീമുമായി ഇണങ്ങിക്കഴിഞ്ഞു എന്നത് പെപ്പിന് ഏറെ ആശ്വാസം നൽകും. ബോൺമത്തിനെതിരെ സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നെങ്കിലും താളം കണ്ടെത്തിയതോടെ ലിവർപൂൾ ടോപ് ഗിയറിലെത്തുന്നതാണ് കണ്ടത്. സെമന്യോയുടെ ഇരട്ടഗോളുകളിലൂടെ ബോൺമത്ത് തിരിച്ചുവരുമെന്നു കരുതിയെങ്കിലും അവസാനഘട്ടത്തിലെ രണ്ടു ഗോളകളിലൂടെ ചെമ്പട തകർപ്പൻ വിജയത്തുടക്കമിട്ടു.
ആർനസനലിനെതിരെ തോൽവിയോടെ തുടങ്ങിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയെക്കാൾ പ്രതീക്ഷ നൽകുന്ന മത്സരമായിരുന്നു. പുതിയ താരങ്ങളായ കൂഞ്ഞയും എംബ്യുമോയും മികച്ച ധാരണയും പ്രകടനവുമാണ് പുറത്തെടുത്തത്. കോച്ച് അമോറിമിന്റെ ടീമായിക്കഴിഞ്ഞു യുണൈറ്റഡ്. ഇനി വിജയങ്ങൾ വന്നാൽ പെരുമയുടെ കാലത്തിലേക്ക് തിരിച്ചെത്താനാകും. മധ്യനിരയിൽ മികച്ച ഒരു പ്ലേമേക്കറുടെ അഭാവം പ്രകടമായിരുന്നു.
കമ്യൂണിറ്റി ഷീൽഡ് വിജയത്തിന്റെ ആവേശത്തിലെത്തിയ ക്രിസ്റ്റൽപാലസ് ചെൽസിയെ പിടിച്ചുകെട്ടി. ആസ്റ്റണവില്ലയ്ക്കെതിരെ സമനിലയിൽ കുരുങ്ങിയ ന്യൂകാസിലിനും വിജയത്തിനായി കാത്തിരിക്കണം. പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ സണ്ടർലൻഡ് തകർപ്പൻ വിജയവുമായി സാന്നിധ്യമറിയിച്ചുകഴിഞ്ഞു.
ചരിത്രത്തിലേക്ക് ഡുബ്രാവ്
ടോട്ടനം – ബേൺലി മത്സരത്തിൽ പ്രീമിയ ലീഗിലെ പുതിയൊരു ചരിത്രനിമിഷവും കണ്ടു. ലീഗിൽ ആദ്യമായി ഏർപ്പെടുത്തിയ ‘എട്ട് സെക്കൻഡ്’ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ ഗോൾകീപ്പറായി ബേൺലി കീപ്പർ മാർട്ടിൻ ഡുബ്രാവ്ക. എട്ടു സെക്കൻഡിനു മുകളിൽ ഗോൾകീപ്പർമാർ പന്തു കൈവശം വച്ചാൽ എതിർ ടീമിന് കോർണർകിക്ക് അനുവദിക്കുന്നതാണ് പുതിയ നിയമം.
English Summary:








English (US) ·