പ്രൊഡ്യൂസര്‍മാരുടെ അസോസിയേഷന്‍ ഗുണ്ടകളുടെ ആസ്ഥാനം, വരണാധികാരി പക്ഷപാതം കാട്ടി- സാന്ദ്രാതോമസ്

5 months ago 5

Sandra Thomas

സാന്ദ്രാ തോമസ് | ഫോട്ടോ: www.facebook.com/sandrathomasofficial

കൊച്ചി: പ്രൊഡ്യൂസര്‍മാരുടെ അസോസിയേഷന്‍ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്ന് നിർമാതാവ് സാന്ദ്രാതോമസ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സാന്ദ്രാതോമസ്സിന്റെ പത്രിക തള്ളിയതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രസിഡണ്ട്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ബൈലോ പ്രകാരമുള്ള സിനിമകളുടെ എണ്ണം സാന്ദ്ര നിര്‍മിച്ചിട്ടില്ല എന്ന കാരണം പറഞ്ഞാണ് പത്രിക തള്ളിയത്. ഇതേച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

'സിനിമകള്‍ എന്റെ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്തിട്ടുള്ള ഒരാളാണ് ഞാന്‍. എന്റെ എല്ലാ സിനിമകളും അസോസിയേഷനില്‍ രജിസ്‌ട്രേഡായതുപോലും കാണാന്‍ തയ്യാറാവാതെ റിട്ടേണിങ് ഓഫീസര്‍ റിജക്ട് ചെയ്യുകയാണുണ്ടായത്. തീര്‍ത്തും വേദനാജനകവും എന്നോടുള്ള അനീതിയുമാണിത്. കോടതിയും നിയമവുമൊക്കെ നിലമനില്‍ക്കുന്ന സ്ഥലമാണിത്. നിയമപരമായിത്തന്നെ നേരിടും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ ഏതെങ്കിലും ഒരു സിനിമ നിര്‍മ്മിച്ചാല്‍ മതി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും.-സാന്ദ്രാ തോമസ് പ്രതികരിച്ചു.

ഒമ്പത് സിനിമകള്‍ നിര്‍മിച്ചയാളാണ് താനെന്നും ഫ്രൈഡേ ഫിലിംസുമായി സഹകരിച്ച് ഏഴുസിനിമകളും സ്വതന്ത്രമായി രണ്ടുസിനിമകളും നിര്‍മിച്ചെന്ന് വരണാധികാരിക്ക് മുമ്പില്‍ വ്യക്തമാക്കിയിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. ബൈലോയില്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞാണ് പത്രിക തള്ളിയതെന്നും ബൈലോ പ്രകാരം മൂന്ന് സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് മതി മത്സരിക്കാനെന്നും അവര്‍ വ്യക്തമാക്കി. 'മത്സരിച്ച് ജയിച്ച് കാണിക്കുന്നതിന് പകരം പത്രിക തള്ളി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം അത് തനിക്ക് ഉണ്ട്- സാന്ദ്ര തോമസ് പ്രതികരിച്ചു. വരണാധികാരി പക്ഷപാതം കാട്ടിയെന്നും സാന്ദ്ര ആരോപിച്ചു.

നിര്‍മാതാവ് എന്ന നിലയില്‍ സ്വതന്ത്രമായി മൂന്ന് സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്നായിരുന്നു വരണാധികാരിയുടെ നിലപാട്. സാന്ദ്രയ്ക്ക് കോടതിയെ സമീപിക്കാമെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. തന്റെ പത്രിക തള്ളാന്‍ നീക്കം നടക്കുന്നു എന്ന് നേരത്തേ സാന്ദ്രാ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.

നേരത്തേ സംഘടനാ ഭാരവാഹികള്‍ക്കെതിരേ സാന്ദ്ര സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിരുന്നു. ആ കേസ് ഇപ്പോഴും തുടരുകയാണ്.സിനിമാ മേഖലയില്‍നിന്ന് തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സാന്ദ്ര തുറന്ന് പറഞ്ഞിരുന്നു. തനിക്ക് സിനിമ നല്‍കരുതെന്ന് മേഖലയിലെ മറ്റുള്ളവരോടും നിര്‍ദേശിച്ചിരിക്കുകയാണ്. സംഘടനായോഗത്തില്‍വെച്ച് തന്നെ അപമാനിച്ചുവെന്നും സാന്ദ്രാ തോമസ് മുന്‍പ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണനും നിര്‍മാതാവ് ആന്റോ ജോസഫിനും എതിരായ പരാതിയില്‍ പറഞ്ഞിരുന്നു.

Content Highlights: Sandara Thomas Alleged against Film Producres Association

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article