ന്യൂഡല്‍ഹി: മുതിര്‍ന്ന ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്ര പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 25 വര്‍ഷത്തിലേറെ നീണ്ടുനിന്ന ശ്രദ്ധേയമായ കരിയറിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. 22 ടെസ്റ്റുകളിലും 36 ഏകദിനങ്ങളിലും 10 ടി20-കളിലും മിശ്ര രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
തുടര്‍ച്ചയായുള്ള പരിക്കുകളും ഭാവി തലമുറയ്ക്ക് അവസരങ്ങള്‍ നല്‍കണമെന്ന ആഗ്രഹവുമാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് മിശ്ര വ്യക്തമാക്കി.
'ക്രിക്കറ്റിലെ എന്റെ ജീവിതത്തിലെ ഈ 25 വര്‍ഷങ്ങള്‍ അവിസ്മരണീയമായിരുന്നു. ബിസിസിഐ, ഭരണസമിതി, ഹരിയാണ ക്രിക്കറ്റ് അസോസിയേഷന്‍, സപ്പോര്‍ട്ട് സ്റ്റാഫ്, എന്റെ സഹപ്രവര്‍ത്തകര്‍, കൂടാതെ ഇക്കാലമത്രയും എന്റെ കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി പറയുന്നു. ഞാന്‍ എവിടെ കളിക്കുമ്പോഴും എപ്പോള്‍ കളിക്കുമ്പോഴും സ്‌നേഹവും പിന്തുണയും നല്‍കി ഈ യാത്രയെ അവിസ്മരണീയമാക്കിയ ആരാധകര്‍ക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ് എനിക്ക് എണ്ണമറ്റ ഓര്‍മ്മകളും വിലമതിക്കാനാവാത്ത പാഠങ്ങളും നല്‍കിയിട്ടുണ്ട്, കളിക്കളത്തിലെ ഓരോ നിമിഷവും ജീവിതകാലം മുഴുവന്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്ന ഓര്‍മ്മകളാണ്' വിരമിക്കല്‍ പ്രസ്താവനയില്‍ മിശ്ര പറഞ്ഞു.
2003-ല്‍ ബംഗ്ലാദേശില്‍ നടന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിലൂടെയാണ് മിശ്ര തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, ടെസ്റ്റ് അരങ്ങേറ്റത്തിനായി 2008 വരെ അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു. മൊഹാലിയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അരങ്ങേറ്റ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് അദ്ദേഹം പ്രഗത്ഭരായ ബൗളര്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ചു.
2013-ല്‍ സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 18 വിക്കറ്റുകള്‍ വീഴ്ത്തി, ഒരു ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എന്ന ജവഗല്‍ ശ്രീനാഥിന്റെ ലോക റെക്കോര്‍ഡിനൊപ്പമാണ് ഇതിലൂടെ മിശ്ര എത്തിയത്. 2014-ല്‍ ബംഗ്ലാദേശില്‍ നടന്ന ടി20 ലോകകപ്പിലും അദ്ദേഹം കളിച്ചു.
ഹരിയാണയ്ക്ക് വേണ്ടി മികച്ച ആഭ്യന്തര ക്രിക്കറ്റ് കരിയര്‍ കാഴ്ചവെച്ചതിനു പുറമെ, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മിശ്ര. 162 മത്സരങ്ങളില്‍ നിന്ന് 23.82 ശരാശരിയിലും 7.37 ഇക്കോണമി റേറ്റിലും 174 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ ഏക ബൗളര്‍ എന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഭാവിയില്‍ പരിശീലകന്‍, കമന്റേറ്റര്‍, യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നയാള്‍ എന്നീ നിലകളില്‍ ക്രിക്കറ്റില്‍ സജീവമായി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് മിശ്ര വ്യക്തമാക്കി. അതോടൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും യൂട്യൂബിലൂടെയും ആരാധകരുമായി സംവദിക്കാനും മിശ്ര ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Veteran Indian leg-spinner Amit Mishra announces retirement








English (US) ·