പ്രേക്ഷകനിൽ 'ഒട്ടിച്ചേരുന്ന' വൈകാരികത, കണ്ണും മനസും നിറച്ച് ആസിഫ്; ആഴമുള്ള 'സർകീട്ട്'

8 months ago 6

രണ്ടു തുടര്‍ഹിറ്റുകള്‍ക്കുശേഷം തീയേറ്ററിലെത്തുന്ന ആസിഫ് അലി ചിത്രം. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കൈയടിച്ച 'ആയിരത്തൊന്ന് നുണകള്‍'ക്കുശേഷം താമര്‍ സംവിധാനം ചെയ്യുന്ന രണ്ടാംചിത്രം. മറ്റ് അവകാശവാദങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രമാണ് 'സര്‍കീട്ട്'. എന്നാല്‍, പ്രതീക്ഷകള്‍ക്കപ്പുറം ചിത്രം പ്രേക്ഷകരുടെ ഉള്ളും കണ്ണും ഒരുപോലെ നിറയ്ക്കാന്‍ സാധിക്കുന്നിടത്ത് 'സര്‍കീട്ട്' വിജയമാവുന്നു. മനുഷ്യബന്ധങ്ങളുടെ വൈകാരികതയും ആഴവും ആഴക്കുറവുകളും ചിത്രം ശക്തമായി പ്രതിപാദിക്കുന്നു.

സംവിധായകന്റെ ആദ്യചിത്രംപോലെ തന്നെ പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദര്‍ശകവിസയ്ക്ക് യുഎഇയിലെത്തുകയാണ്‌ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം. അയാളുടെ കഷ്ടപ്പാടുകള്‍ക്കും സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ക്കും വൈകാരികമായൊരു ഭൂതകാലമുണ്ട്. എല്ലാവരേയും പെട്ടെന്ന് വിശ്വസിക്കുന്ന അമീര്‍ അതിന്റെ പേരില്‍ പലപ്പോഴും പറ്റിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, എല്ലാ തിരിച്ചടികള്‍ക്കിടയിലും അയാള്‍ക്ക് പ്രതീക്ഷ നല്‍കി സഹായമായി പലരുമെത്തുന്നു.

ഇതിന് സമാന്തരമായി സഞ്ചരിക്കുന്ന ഒരു ചെറിയ കുടുംബം. ദീപക് പറമ്പോല്‍ അവതരിപ്പിക്കുന്ന ബാലുവും ദിവ്യപ്രഭയുടെ സ്റ്റെഫിയും അവരുടെ മകന്‍, ബാലതാരം ഒര്‍ഹാന്‍ വേഷമിട്ട ജെഫ്റോണ്‍ എന്ന ജെപ്പുവും അടങ്ങുന്ന ലോകം. പ്രണയവിവാഹത്തെത്തുടര്‍ന്ന് കുടുംബങ്ങളില്‍നിന്ന് അകന്ന് പ്രവാസജീവിതം തിരഞ്ഞെടുത്തവരാണ് ബാലുവും സ്റ്റെഫിയും. കേവലം പിടിവാശി എന്ന് ആദ്യമവര്‍ വിധിയെഴുതുന്ന ജെപ്പുവിന്റെ സ്വഭാവ 'വൈകല്യങ്ങള്‍', എഡിഎച്ച്ഡി എന്ന അവസ്ഥയാണെന്ന് സ്ഥിരീകരിക്കപ്പെടുന്നു. ജോലിയിലും മകനെച്ചൊല്ലി ബന്ധത്തിലുമുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കിടെയാണ് അമീര്‍ അപ്രതീക്ഷിതമായി ഇവരുടെ ഇടയിലേക്ക് കയറിവരുന്നത്. സമാന്തരമായി വളര്‍ന്ന കഥകള്‍ ഇവിടെ ഒന്നിക്കുന്നു. അവിടെനിന്ന് ചിത്രത്തിന്റെ കഥ മറ്റൊരു തലത്തിലേക്ക് മാറുന്നു.

ശുഭപര്യവസായിയാണെങ്കിലും ചിത്രത്തില്‍ അമീറും ജെപ്പുവും കടന്നുപോകുന്ന വേദനകളെല്ലാം പ്രേക്ഷകരെ വൈകാരികമായി തൊടുന്നു. അനാവശ്യമായി ഒരു സംഭാഷണമോ രംഗമോ പാട്ടോ ഷോട്ടോ പോലും ഇല്ലെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. വരുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായ ഇടവും നിര്‍വഹിക്കാന്‍ കടമയുമുണ്ട്. പഴുതുകളില്ലാത്തതാണ് തിരക്കഥ. അത് മികച്ച രീതിയില്‍ സംവിധായകന്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നുമുണ്ട്. പ്രേക്ഷന്റെ ഉള്ളില്‍ തൊടുന്ന ഇമോഷണല്‍ രംഗങ്ങളും ആകാംക്ഷയുണര്‍ത്തുന്ന മുഹൂര്‍ത്തങ്ങളും അവയുടെ ലക്ഷ്യം നിറവേറ്റുന്നുണ്ട്. സംവിധായകന്റെ ആദ്യചിത്രത്തിലേതുപോലെ, കഥയ്ക്കുള്ളില്‍ 'പറയപ്പെടുന്ന' ഒരുപാട് ഉപകഥകള്‍ ചിത്രത്തെ ശക്തിപ്പെടുത്തുന്നു.

പ്രവാസം മലയാള സിനിമയില്‍ മുമ്പും പലതവണ പ്രമേയമായിട്ടുണ്ട്. എങ്കിലും പ്രവാസം പ്രമേയമാവുന്ന ചിത്രങ്ങളിലെ ഏതാനും ക്ലീഷേകള്‍ ചിത്രം ബ്രേക്ക് ചെയ്യുന്നു. അവസാനപ്രതീക്ഷയായി ഗള്‍ഫിലെത്തുന്ന അമീര്‍ നമുക്ക് ചുറ്റമുള്ള ആരോ ആണെന്ന തോന്നല്‍ പ്രേക്ഷനുണ്ടാക്കും.

ദീപക് പറമ്പോല്‍, ദിവ്യപ്രഭ, രമ്യ സുരേഷ്, ദീപക് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു അടക്കം എല്ലാവരും മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചത്. ഗോവിന്ദ് വസന്തയുടെ പാട്ടുകളും പശ്ചാത്തലസംഗീതവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. ചിത്രത്തിന്റെ മൂഡിലേക്ക് പ്രേക്ഷകരെ കൈപിടിച്ചെത്തിക്കുന്നുണ്ട് ഗോവിന്ദ് വസന്തയുടെ സംഗീതം. അയാസ് ഹസന്റെ ഛായാഗ്രഹണവും സംഗീത് പ്രതാപിന്റെ എഡിറ്റിങ്ങും മികച്ചതാണ്. അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ വേനലവധിക്കാലത്ത് വിശ്വസിച്ച് കുട്ടികള്‍ക്കൊപ്പം ടിക്കറ്റെടുക്കാവുന്ന ഇമോഷണല്‍ ഡ്രാമയാണ് 'സര്‍കീട്ട്'.

Content Highlights: Sarkeet movie review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article