11 June 2025, 03:44 PM IST

പ്രതീകാത്മക ചിത്രം | Photo: bhavanastudios.com, Facebook/ Dileesh Pothan
അടുത്തകാലത്ത് മലയാളസിനിമാ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച റൊമാന്റിക് കോമഡി ചിത്രമായിരുന്നു 'പ്രേമലു'. ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡിട്ട ചിത്രത്തിന് രണ്ടാംഭാഗമുണ്ടാവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം സംവിധാനംചെയ്തത് ഗിരീഷ് എഡിയായിരുന്നു. രണ്ടാംഭാഗമായ 'പ്രേമലു 2' പുറത്തിറങ്ങാന്‍ വൈകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഭാവനാ സ്റ്റുഡിയോസ് അടുത്തതായി നിര്‍മിക്കാന്‍ പോകുന്ന ചിത്രം 'പ്രേമലു 2' അല്ലെന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്. ഗിരീഷ് എഡിയുടെ സംവിധാനത്തിലുള്ള മറ്റൊരു ചിത്രമാണ് നിര്‍മാണക്കമ്പനിയുടെ അടുത്ത പ്രൊജക്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാണ് 'പ്രേമലു 2' വൈകിയേക്കുമെന്ന ചര്‍ച്ചകള്‍ക്ക് കാരണമായത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് 'പ്രേമലു' പ്രദര്‍ശനത്തിനെത്തിയത്. നസ്ലിന്‍, മമിത ബൈജു, സംഗീത് പ്രതാപ്, അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, മാത്യു തോമസ്, അല്‍ത്താഫ് സലീം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തത്. ഭാവനാ സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു 'പ്രേമലു'.
Content Highlights: Premalu 2 has officially been delayed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·