13 August 2025, 06:29 PM IST

ബംഗാളി സിനിമകളുടെ പോസ്റ്ററുകൾ | ഫോട്ടോ: X
മൾട്ടിപ്ലെക്സുകൾക്കും സിനിമാ തിയേറ്ററുകൾക്കും പുതിയ നിർദേശം നൽകി പശ്ചിമ ബംഗാൾ സർക്കാർ. വർഷത്തിലെ എല്ലാ ദിവസവും പ്രൈം ടൈമിൽ ബംഗാളി സിനിമകൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചത്. വർഷത്തിലെ 365 ദിവസവും പ്രതിദിനം ഒരു ബംഗാളി സിനിമയുടെയെങ്കിലും ഷോ ഉണ്ടായിരിക്കണമെന്നും ഉത്തരവിലുണ്ട്.
വർഷം മുഴുവനും ബംഗാളി സിനിമകളുടെ 365 പ്രൈം ടൈം പ്രദർശനങ്ങൾ നിർബന്ധമായും നടത്തിയിരിക്കണമെന്നാണ് സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള ഷോകളെയാണ് ഈ നിർദ്ദേശപ്രകാരം പ്രൈം ടൈം ആയി കണക്കാക്കുന്നത്. ഇതിനർത്ഥം, ഓരോ സ്ക്രീനും അതിൻ്റെ പ്രോഗ്രാമിംഗ് ഷെഡ്യൂൾ പരിഗണിക്കാതെ, ദിവസവും ഒരു പ്രൈം ടൈം സ്ലോട്ട് ഒരു ബംഗാളി ഭാഷാ സിനിമയ്ക്കായി നീക്കിവയ്ക്കണം.
ഉത്തരവിലെ പ്രധാന നിർദേശങ്ങൾ ഇങ്ങനെ:
- സംസ്ഥാനത്തുടനീളമുള്ള എല്ലാ സിനിമാ തിയേറ്ററുകളിലും മൾട്ടിപ്ലെക്സുകളിലും പ്രതിദിനം ഒരു ബംഗാളി സിനിമയെങ്കിലും പ്രദർശിപ്പിച്ചിരിക്കണം.
- വർഷം മുഴുവനും ബംഗാളി സിനിമ പ്രേക്ഷകർക്ക് ലഭ്യമാകുന്നെന്ന് ഉറപ്പാക്കിക്കൊണ്ട്, ആകെ 365 പ്രൈം ടൈം പ്രദർശനങ്ങൾ (ഉച്ചകഴിഞ്ഞ് 3-നും രാത്രി 9-നും ഇടയിൽ) നടത്തണം.
- ഈ ഉത്തരവ് ഉൾപ്പെടുത്തുന്നതിനായി വെസ്റ്റ് ബംഗാൾ സിനിമാസ് (റെഗുലേഷൻ ഓഫ് പബ്ലിക് എക്സിബിഷൻസ്) റൂൾസ്, 1956-ൽ യഥാസമയം ഭേദഗതികൾ വരുത്തും.
- ഈ ഉത്തരവിന് ഉടനടി പ്രാബല്യമുണ്ട്, അടുത്ത നിർദ്ദേശം ഉണ്ടാകുന്നത് വരെ ഇത് നിലനിൽക്കും.
ഹിന്ദി, ദക്ഷിണേന്ത്യൻ, അന്താരാഷ്ട്ര റിലീസുകൾ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ പ്രാദേശിക സിനിമയെ പ്രോത്സാഹിപ്പിക്കുക, ബംഗാളി സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നല്‍കുക എന്നിവയാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം. ബംഗാളി സിനിമയുടെ നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ മുമ്പ് പ്രോത്സാഹനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇത്രയും കർശനമായ ഒരു പ്രദർശന വ്യവസ്ഥ നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.
Content Highlights: West Bengal mandates each cinemas to surface Bengali films during premier clip (3-9 pm) daily
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·