പ്രൈം വോളി: ജെറോം വിനീത്, ഷമീം, വിനീത് കുമാർ വിലയേറിയ താരങ്ങൾ

7 months ago 9

മനോരമ ലേഖകൻ

Published: June 09 , 2025 01:32 PM IST

1 minute Read


ജെറോം വിനീത്,  ഷമീമുദ്ദീൻ ,  വിനീത് കുമാർ
ജെറോം വിനീത്, ഷമീമുദ്ദീൻ , വിനീത് കുമാർ

കോഴിക്കോട് ∙ പ്രൈം വോളിബോൾ ലീഗ്‌ നാലാം സീസണിലെ വിലയേറിയ താരങ്ങളായി ജെറോം വിനീതും ഷമീമുദീനും വിനീത്‌ കുമാറും. താരലേലത്തിൽ മൂവർക്കും 22.5 ലക്ഷം രൂപ വീതം ലഭിച്ചു. ജെറോമിനെ ചെന്നൈ ബ്ലിറ്റ്‌സ്‌ സ്വന്തമാക്കിയപ്പോൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ ഷമീം കാലിക്കറ്റ്‌ ഹീറോസിന്റെ ഭാഗമായി. വിനീത്‌ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിലുമെത്തി. 789 താരങ്ങളുടെ ലേലമാണ് ഇന്നലെ കോഴിക്കോട്ടു നടന്നത്‌. 10 ഫ്രാഞ്ചൈസികൾ ആകെ 6 കോടിയിലേറെ രൂപ ലേലത്തിനായി ചെലവഴിച്ചു. എല്ലാ ഫ്രാഞ്ചൈസികൾക്കും കളിക്കാരെ നിലനിർത്താനുള്ള അവസരമുണ്ടായിരുന്നു.

ചെന്നൈ ബ്ലിറ്റ്‌സ്‌, ബെംഗളൂരു ടോർപിഡോസ്‌, കൊൽക്കത്ത തണ്ടർബോൾട്ട്‌സ്‌ ടീമുകളായിരുന്നു ജെറോം വിനീതിനായി രംഗത്ത്‌. മുൻപു കാലിക്കറ്റിനായി കളിച്ച വിനീതിനെ ഒടുവിൽ ചെന്നൈ 22.5 ലക്ഷത്തിനു ടീമിലെത്തിച്ചു.

ഷമീമുദീനെ വൻതുകയ്ക്കു സ്വന്തമാക്കിയ കാലിക്കറ്റ്‌ മോഹൻ ഉക്രപാണ്ഡ്യനെ 8 ലക്ഷത്തിനും ടീമിലെത്തിച്ചു. ജസ്‌ജോദ്‌ സിങ്‌ (14.75 ലക്ഷം), അമൽ കെ. തോമസ്‌ (6.5 ലക്ഷം) എന്നിവരും വിനീത്‌ കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്‌ ടീമിലെത്തി. അഹമ്മദാബാദ്‌ ഡിഫൻഡേഴ്‌സ്‌ 11.5 ലക്ഷത്തിനു ഷോൺ ടി. ജോണിനെ നിലനിർത്തി. 

അവസാന ഘട്ടത്തിൽ മികച്ച നീക്കവുമായി രംഗത്തെത്തിയ ബെംഗളൂരു ടോർപിഡോസ്‌ പി.വി.ജിഷ്‌ണുവിനെ 14 ലക്ഷത്തിനാണ്‌ നേടിയത്‌. 11 ലക്ഷം രൂപയ്‌ക്ക്‌ മുഹമ്മദ്‌ ജാസിമിനെ സ്വന്തമാക്കിയ ഡൽഹി തൂഫാൻസ്‌ 9 ലക്ഷം രൂപയ്‌ക്ക്‌ ആയുഷിനെയും കൂടാരത്തിലെത്തിച്ചു.16 ലക്ഷത്തിനു ശിഖർ സിങ്ങിനെ സ്വന്തമാക്കിയണ്‌ ഹൈദരാബാദ്‌ ബ്ലാക്‌ഹോക്‌സ്‌ തിളങ്ങിയത്‌. കൊൽക്കത്ത തണ്ടർബോൾട്‌സ്‌ 6 ലക്ഷത്തിനു പങ്കജ്‌ ശർമയെ സ്വന്തമാക്കി. പുതിയ സീസൺ പ്രൈം വോളി ലീഗിന് ഒക്ടോബർ രണ്ടിനു തുടക്കമാകും.  

English Summary:

Jerome Vineeth, Shameemudeen, and Vineeth Kumar header the Prime Volleyball League's October play aft fetching a hefty 22.5 lakhs each successful the subordinate auction. The caller play promises breathtaking matches with respective high-profile acquisitions crossed assorted teams.

Read Entire Article