പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റിന് രണ്ടാം തോൽവി; പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മുംബൈ

3 months ago 4

മനോരമ ലേഖകൻ

Published: October 06, 2025 10:41 PM IST

1 minute Read

പ്രൈം വോളിബോള്‍ ലീഗില്‍ തിങ്കളാഴ്ച നടന്ന കാലിക്കറ്റ് ഹീറോസ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍ നിന്ന്
പ്രൈം വോളിബോള്‍ ലീഗില്‍ തിങ്കളാഴ്ച നടന്ന കാലിക്കറ്റ് ഹീറോസ്-മുംബൈ മിറ്റിയോഴ്‌സ് മത്സരത്തില്‍ നിന്ന്

ഹൈദരാബാദ്∙   പ്രൈം വോളിബോള്‍ ലീഗിൽ നിലവിലെ ചാംപ്യന്‍മാരായ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് മുംബൈ മിറ്റിയോഴ്‌സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി. സ്‌കോര്‍: 15-9, 15-8, 15-12. ജയത്തോടെ ബെംഗളൂരുവിനെ മറികടന്ന് പട്ടികയിലും മുംബൈ ഒന്നാമതെത്തി. കാലിക്കറ്റിന്റെ രണ്ടാം തോല്‍വിയാണ്.  അമിത് ഗുലിയ ആണ് കളിയിലെ താരം. നടി മംമ്ത മോഹൻദാസ് ഹീറോസിന് പിന്തുണയുമായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

ആത്മവിശ്വാസത്തോടെയാണ് കാലിക്കറ്റ് തുടങ്ങിയത്. മികച്ച പാസുകള്‍ നല്‍കി ആക്രമണം നടത്താനായിരുന്നു ക്യാപ്റ്റന്‍ മോഹന്‍ ഉക്രപാണ്ഡ്യന്റെ ശ്രമം. എന്നാല്‍ ബ്ലോക്കര്‍ അഭിനവ് സലാറിന്റെ തകര്‍പ്പന്‍ പ്രകടനം മുംബൈക്ക് കാലിക്കറ്റിന്റെ ആക്രമണ ഭീഷണിയെ ഒഴിവാക്കാന്‍ സഹായിച്ചു. കാലിക്കറ്റ് ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്റെ ഡബിള്‍ ടച്ച് മുബൈക്ക് തുടക്കത്തില്‍തന്നെ സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. അവര്‍ ലീഡ് നേടുകയും ചെയ്തു. ശുഭം ചൗധരിയുടെ കരുത്തുറ്റ സ്‌പൈക്കുകള്‍ കാലിക്കറ്റ് പ്രതിരോധത്തെ നിലയുറപ്പിക്കാന്‍ സമ്മതിച്ചില്ല. മത്തിയാസ് ലോഫ്‌ടെന്‍സെന്‍സും കാലിക്കറ്റിനെ കാര്യമായി പരീക്ഷിച്ചു. 

ഡെറ്റെ ബോസ്‌കോ ആയിരുന്നു ചാംപ്യന്മാരുടെ നിരയിലെ ഏറ്റവും അപകടകാരിയായ കളിക്കാരന്‍. കാലിക്കറ്റിന്റെ ആക്രമണങ്ങള്‍ക്ക് ഡെറ്റെ കരുത്ത് പകര്‍ന്നു. എന്നിരുന്നാലും പിഴവുകള്‍ കാലിക്കറ്റിനെ തളര്‍ത്തി. മുംബൈ ആധിപത്യം തുടരുകയും ചെയ്തു. സന്തോഷാണ് കാലിക്കറ്റിന് ആവശ്യ ഘട്ടത്തില്‍ ഉണര്‍വ് നല്‍കിയത്. വികാസ് മാനും താളം കണ്ടെത്താന്‍ തുടങ്ങി. പക്ഷേ, ക്യാപ്റ്റന്‍ അമിത് ഗുലിയ ശാന്തമായി കാര്യങ്ങള്‍ നിയന്ത്രിച്ചു.

നിര്‍ണായക ഘട്ടത്തില്‍ മുംബൈക്ക് അത് ഗുണകരമായി. പദ്ധതികള്‍ കൃത്യമായി അവര്‍ നടപ്പാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിച്ച ടീം നിര്‍ണായകമായ മൂന്ന് പോയിന്റും നേടി. ഒക്ടോബര്‍ 10ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരെയാണ് കാലിക്കറ്റിന്റെ അടുത്ത മത്സരം. ഇന്ന് വൈകിട്ട് 6.30ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. രാത്രി 8.30ന് ഗോവ ഗാര്‍ഡിയന്‍സും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന കളിയില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്  ഗോവ ഗാര്‍ഡിയന്‍സിനെ 3-2ന് തോല്‍പ്പിച്ചിരുന്നു. 

English Summary:

Prime Volleyball League witnessed Mumbai Meteors decision Calicut Heroes successful consecutive sets. With this victory, Mumbai Meteors present tops the league table, portion Calicut faces its 2nd decision successful the ongoing season.

Read Entire Article