'പ്രൊഡക്ഷൻ കൺട്രോളർമാർ മോഷ്ടിക്കും, അവരെ സിനിമയ്ക്കാവശ്യമില്ല'; പരാമർശത്തിൽ സാന്ദ്രയ്ക്കെതിരെ കേസ്

7 months ago 7

02 June 2025, 07:04 PM IST

Sandra Thomas

സാന്ദ്രാ തോമസ് | ഫോട്ടോ: Facebook

കൊച്ചി: നിർമാതാവ് സാന്ദ്രാ തോമസിനെതിരെ ഫെഫ്ക്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചു. പ്രൊഡക്ഷൻ കൺട്രോളർമാരെ സാന്ദ്രാ തോമസ് മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് സംഘടന പറയുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടുകൊണ്ട് മാനനഷ്ടക്കേസാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ എറണാകുളം സബ്കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

ഹൈക്കോടതി അഭിഭാഷക ശ്രുതി ഉണ്ണിക്കൃഷ്ണൻ മുഖേനയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഫെഫ്ക്ക ജനറൽ സെക്രട്ടറി ഷിബു ജി. സുശീലൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടുമാസം മുൻപ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ സാന്ദ്രാ തോമസ് സംസാരിച്ചതാണ് ഇപ്പോഴത്തെ മാനനഷ്ടക്കേസിന് ആധാരം.

പ്രൊഡക്ഷൻ കൺട്രോളർ എന്ന തസ്തിക ഇനി മലയാള സിനിമയിൽ ആവശ്യമില്ലെന്നായിരുന്നു സാന്ദ്രാ തോമസിന്റെ പരാമർശം. അവരിപ്പോൾ ആർട്ടിസ്റ്റ് മാനേജേഴ്സ് ആണ്. ആ തസ്തികയുടെ പേര് മാറ്റി ആർട്ടിസ്റ്റ് മാനേജേഴ്സ് എന്നാക്കണം. പ്രൊഡക്ഷൻ കൺട്രോളിങ്ങല്ല അവർ ചെയ്യുന്നത്. അതിനേക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണവർ. ഇതുകേൾക്കുന്ന പ്രൊഡക്ഷൻ കൺട്രോളർമാർ തനിക്കെതിരെ വന്നാലും യാഥാർത്ഥ്യം ഇതാണ്.

പ്രൊഡക്ഷൻ കൺട്രോളർ വന്ന് കാര്യങ്ങൾ ചെയ്യുമ്പോൾ എല്ലാം കട്ട് ചെയ്യും. തന്റെ കൂടെ പ്രവർത്തിച്ച പല പ്രൊഡക്ഷൻ കൺട്രോളർമാരും പൈസക്കാരായി ഫ്ളാറ്റും വീടും കാറുമെല്ലാം വാങ്ങിയിട്ടുണ്ട്. തനിക്ക് മനസിലാവാത്ത രീതിയിൽ മോഷ്ടിച്ചോളൂ എന്ന് താൻ തന്നെ ചിലരോട് പറഞ്ഞിട്ടുണ്ട്. അതും ​ഗതികെട്ടിട്ടാണ് പറഞ്ഞത്. ഫെഫ്ക്ക വാളെടുക്കുന്നതുകൊണ്ടാണ് പ്രൊഡക്ഷൻ കൺട്രോളർമാരെ ഒഴിവാക്കാത്തത്. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിർമാതാവിനില്ലെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ മാനനഷ്ടക്കേസിലേക്ക് നയിച്ചത്.

Content Highlights: FEFKA`s accumulation enforcement national filed a defamation lawsuit against filmmaker Sandra Thomas

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article