Published: November 08, 2025 12:05 PM IST
1 minute Read
ധാക്ക∙ 2022 ലോകകപ്പിനിടെ ലൈംഗികാതിക്രമത്തിനിരയായെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലത്തിന്റെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). ജഹനാരയുടെ ആരോപണം വളരെ ആത്മാർഥതയോടെ അന്വേഷിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഏജൻസികളുടെ സഹായം തേടുമെന്നും ബിസിബി വനിതാ വിഭാഗം ചെയർമാൻ അബ്ദുർ റസാഖ് പറഞ്ഞു. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജഹനാര ഉന്നയിച്ച ലൈംഗിക പീഡന ആരോപണം ബംഗ്ലദേശ് കായികമേഖലയെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ആരോപണങ്ങൾ ആദ്യം അവഗണിച്ചെങ്കിലും എല്ലാ കോണുകളിൽനിന്നും കടുത്ത വിമർശനം ഉയർന്നതിനു പിന്നാലെയാണ് അന്വേഷണം നടത്താമെന്ന് ബിസിബി സമ്മതിച്ചത്.
‘‘ഈ വിഷയം ഞങ്ങൾ ഗൗരവമായി കാണുന്നു. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനം. കാരണം, ഇത് ഒരു ക്രിക്കറ്റ് താരത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് വനിതാ ക്രിക്കറ്റിന്റെ മൊത്തത്തിലുള്ള അഭിമാനപ്രശ്നമാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ തീർച്ചയായും ആലോചിക്കും. നിലവിൽ, ഞങ്ങളുടെ ബിസിബി പ്രസിഡന്റ് ബുൾബുൾ (അമിനുൾ ഇസ്‌ലാം) ഭായ് വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാലുടൻ ഞങ്ങൾ അദ്ദേഹവുമായി ഇരുന്ന് സംസാരിച്ച് അടുത്ത നടപടിയെക്കുറിച്ച് തീരുമാനമെടുക്കും.’’– അബ്ദുർ റസാഖ് പറഞ്ഞു.
‘‘ആവശ്യമെങ്കിൽ, അന്വേഷണം പൂർത്തിയാക്കാൻ സർക്കാർ ഏജൻസികളിൽനിന്നു സഹായം തേടും. ഈ അന്വേഷണത്തിൽ ഒന്നും വിട്ടുകളയാൻ ആഗ്രഹിക്കുന്നില്ല. വനിതാ താരങ്ങൾ സുരക്ഷിതമായ അന്തരീക്ഷത്തിൽ കളിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കണം. അങ്ങനെയല്ലെങ്കിൽ, ഭാവിയിൽ ക്രിക്കറ്റ് കളിക്കാൻ ആളുകൾക്ക് അവരുടെ പെൺമക്കളെയോ ബന്ധുക്കളെയോ അയയ്ക്കുന്നതിന് വിശ്വാസം നഷ്ടപ്പെടും.’’– അബ്ദുർ റസാഖ് കൂട്ടിച്ചേർത്തു.
2022ലെ വനിതാ ലോകകപ്പിനിടെ മുൻ വനിതാ വിഭാഗം സെലക്ടറും മാനേജരുമായ മഞ്ജുരുൾ ഇസ്‌ലാം തനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ജഹനാര ആലത്തിന്റെ ആരോപണം. നിലവിൽ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന 32 വയസ്സുകാരിയായ താരം, ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
മഞ്ജുരുൾ തന്നെ മോശമായ രീതിയിൽ സമീപിച്ചെന്നും വിസമ്മതിച്ചപ്പോൾ അപമര്യാദയായി പെരുമാറാൻ തുടങ്ങിയെന്നും ജഹനാര ആരോപിച്ചു. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തലവനായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദിനെ ‘വേണ്ട പോലെ കാണണമെന്ന്’ ബോർഡിലെ ജീവനക്കാരനായ സർഫറാസ് ബാബു തന്നോട് പറഞ്ഞെന്നും ജഹനാര ആരോപിച്ചു.
മഞ്ജുരുൾ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും പ്രോത്സാഹനത്തിന്റെ പേരിൽ പലപ്പോഴും വനിതാ താരങ്ങളെ കെട്ടിപ്പിടിക്കുകയോ നെഞ്ചിൽ അമർത്തുകയോ ചെയ്യുമെന്നും ജഹനാര വെളിപ്പെടുത്തി. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനു കത്തെഴുതി ഇക്കാര്യം പരിശോധിക്കാൻ അപേക്ഷിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും താരം വ്യക്തമാക്കി. ബംഗ്ലാദേശിനായി 135 വൈറ്റ് ബോൾ മത്സരങ്ങൾ കളിച്ച പേസർ ജഹനാര ആലം, ഏകദിനത്തിൽ 48 വിക്കറ്റുകളും ട്വന്റി20യിൽ 60 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
English Summary:








English (US) ·