ദുബായ്∙ അടുത്തതായി എന്തു സംഭവിക്കുമെന്ന ആകാംക്ഷയാണ് ത്രില്ലർ സിനിമകളുടെ വിജയഫോർമുലയെങ്കിൽ ഈയടുത്ത കാലത്ത് ലോകം കണ്ട ഏറ്റവും മികച്ച ‘ത്രില്ലർ ചിത്രമായിരുന്നു’ ഇന്ത്യ– പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ. ടൂർണമെന്റിന്റെ പ്രഖ്യാപനം മുതൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തിച്ചാണ് ഫൈനലിൽ ഇന്ത്യ ‘കപ്പില്ലാ കപ്പ്’ ഉയർത്തിയത്. ക്രിക്കറ്റിനോടൊപ്പം രാഷ്ട്രീയവും ചർച്ചയായ ഏഷ്യാകപ്പ് ഫൈനലിലെ നാടകീയ രംഗങ്ങളിലൂടെ...
സീൻ 1: ടോസ്ടൂർണമെന്റിൽ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പർ ഫോർ റൗണ്ടിലും നേർക്കുനേർ വന്നപ്പോൾ ഇന്ത്യ– പാക്കിസ്ഥാൻ ടീമുകൾ സ്വീകരിച്ച നയങ്ങൾ തന്നെയാണ് ഫൈനലിലും ആവർത്തിച്ചത്. ടോസ് സമയത്ത് ഇരു ടീം ക്യാപ്റ്റൻമാരും പരസ്പരം സംസാരിക്കുകയോ കൈകൊടുക്കുകയോ ടീം ലിസ്റ്റ് കൈമാറുകയോ ചെയ്തില്ല. ഒരുപടി കൂടി കടന്ന് ടോസ് സമയത്ത് ഇരു ക്യാപ്റ്റൻമാരോടും സംസാരിക്കാൻ പ്രത്യേകം കമന്റേറ്റർമാരെയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) നിയോഗിച്ചത്. ഇന്ത്യൻ ക്യാപ്റ്റനോടു രവി ശാസ്ത്രിയും പാക്ക് ക്യാപ്റ്റനോടു വഖാർ യൂനിസുമാണു സംസാരിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സംഭവം.
സീൻ 2: ബുമ്രയുടെ വിമാനംമത്സരത്തിൽ പാക്ക് ബാറ്റർ ഹാരിസ് റൗഫിനെ പുറത്താക്കിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര വിമാനം താഴെ വീഴുന്ന ആംഗ്യം കാണിച്ചിരുന്നു. നേരത്തേ, സൂപ്പർ ഫോർ റൗണ്ടിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യൻ ആരാധകരെ ഇതേ ആംഗ്യം കാണിച്ചാണ് റൗഫ് കളിയാക്കിയിരുന്നത്. ഇതിനുള്ള മറുപടിയാണ് ഫൈനലിൽ റൗഫിനു ബുമ്ര നൽകിയത്.
സീൻ 3: ട്രോഫി ഡ്രാമഫൈനൽ ഇന്ത്യ 5 വിക്കറ്റിന് ജയിച്ചതിനു പിന്നാലെ വിജയികൾക്കുള്ള ട്രോഫി ആര് കൈമാറുമെന്നതായി അടുത്ത ചോദ്യം. പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) പ്രതിനിധിയും പാക്കിസ്ഥാൻ മന്ത്രിയുമായ എസിസി ചെയർമാൻ മുഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ സമ്മാനച്ചടങ്ങ് അനിശ്ചിതത്വത്തിലായി. ഒടുവിൽ ഒരു മണിക്കൂർ വൈകിയാണു സമ്മാനച്ചടങ്ങ് തുടങ്ങിയത്.
സീൻ 4: അഭിഷേകും കുൽദീപുംടൂർണമെന്റിലെ മികച്ച താരത്തിനും മോസ്റ്റ് വാല്യുബിൾ പ്ലെയറിനുമുള്ള പുരസ്കാരങ്ങളാണ് ആദ്യം സമ്മാനിച്ചത്. പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം ഏറ്റുവാങ്ങാൻ അഭിഷേക് ശർമയും വാല്യുബിൾ പ്ലെയർ അവാർഡ് വാങ്ങാൻ കുൽദീപ് യാദവും സ്റ്റേജിലെത്തി. ഇതോടെ ഇന്ത്യൻ ടീമംഗങ്ങൾ ട്രോഫിയും മെഡലും സ്വീകരിക്കാൻ സ്റ്റേജിൽ വരുമെന്ന പ്രതീതി ഉണ്ടായി. അവാർഡ് സ്പോൺസർമാരിൽനിന്നാണ് ഇവർ പുരസ്കാരം സ്വീകരിച്ചത്.
സീൻ 5: പാക്ക് ക്യാപ്റ്റന്റെ ചെക്ക്ടൂർണമെന്റിൽ റണ്ണറപ്പായ പാക്ക് ടീമിനെയാണ് സമ്മാനച്ചടങ്ങിലേക്ക് ആദ്യം ക്ഷണിച്ചത്. കളിക്കാർ എല്ലാരും മെഡൽ വാങ്ങിയ ശേഷം ക്യാപ്റ്റൻ സൽമാൻ ആഗ റണ്ണറപ് ടീമിനുള്ള ചെക്ക് ഏറ്റുവാങ്ങി. എന്നാൽ സ്റ്റേജിൽ നിന്ന് ചെക്ക് താഴേക്ക് നീട്ടിയെറിഞ്ഞ സൽമാന്റെ പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. സമ്മാനച്ചടങ്ങിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിന്റെ പ്രതിഷേധമായിരുന്നു സൽമാൻ കാണിച്ചതെന്ന് ഇതു വ്യാഖ്യാനിക്കപ്പെട്ടു.
സീൻ 6: നഖ്‌വിയും ട്രോഫിയുംചാംപ്യൻമാരായ ഇന്ത്യൻ ടീമിനു ട്രോഫി കൈമാറാൻ എസിസി ചെയർമാൻ മുഹ്സിൻ നഖ്‌വി സ്റ്റേജിൽ തുടർന്നെങ്കിലും സൂര്യകുമാർ യാദവും സംഘവും ചടങ്ങ് ബഹിഷ്കരിച്ചു. പ്ലെയർ ഓഫ് ദ് ടൂർണമെന്റ്, മോസ്റ്റ് വാല്യുബിൾ പ്ലെയർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത് സ്പോൺസർമാരുടെ സമ്മർദം കാരണമാണെന്നും എന്നാൽ ചാംപ്യൻമാരുടെ ട്രോഫി സ്വീകരിക്കുന്ന കാര്യത്തിൽ നിലപാട് മാറ്റില്ലെന്നും ബിസിസിഐ അറിയിച്ചു.
സീൻ 7: പ്ലാൻ ബിസംഘാടകർ സമ്മർദം ചെലുത്തിയപ്പോൾ നഖ്‌വി അല്ലാതെ മറ്റാരെങ്കിലും ട്രോഫി നൽകിയാൽ സ്വീകരിക്കാമെന്ന് ഇന്ത്യൻ ടീം നിലപാട് മയപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂനി ട്രോഫി കൈമാറുമെന്നും ഇന്ത്യ അതു സ്വീകരിക്കുമെന്നും വാർത്ത പരന്നു. എന്നാൽ തന്റെ കയ്യിൽ നിന്ന് ടീം ഇന്ത്യ ട്രോഫി വാങ്ങില്ലെന്ന് ഉറപ്പായതോടെ ട്രോഫിയുമായി നഖ്‌വി സ്റ്റേഡിയത്തിൽ നിന്നു മടങ്ങി.
സീൻ 8: കപ്പില്ലാ കപ്പ്നഖ്‌വിക്കു പിന്നാലെ സ്റ്റേജിൽ നിന്ന് എല്ലാവരും മടങ്ങി. ഇതോടെ, ഇന്ത്യൻ ടീം താരങ്ങളും പരിശീലകരും മാനേജ്മെന്റ് അംഗങ്ങളുമെല്ലാം സ്റ്റേജിന്റെ പരിസരത്തേക്കു വന്നു. സാങ്കൽപിക ട്രോഫിയുമായി ഇന്ത്യൻ ടീമിന്റെ വിജയാഘോഷം. കളിക്കാരുടെ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. ട്രോഫി കിട്ടിയില്ലെങ്കിലും തങ്ങളുടെ ഫോട്ടോയ്ക്കൊപ്പം ട്രോഫിയുടെ ചിത്രം ചേർത്ത് ഇന്ത്യൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ക്ലൈമാക്സ്ട്രോഫിയുമായി സ്റ്റേഡിയത്തിൽ നിന്നു മടങ്ങിയ മുഹ്സിൻ നഖ്‌വിക്കെതിരെ വ്യാപക വിമർശനം. ട്രോഫിയും മെഡലുകളും എത്രയും പെട്ടെന്ന് തങ്ങൾക്ക് കൈമാറണമെന്ന് ബിസിസിഐ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടു. നവംബറിൽ നടക്കുന്ന ഐസിസി കോൺഫറൻസിൽ നഖ്‌വിക്കെതിരെ നടപടി ആവശ്യപ്പെടുമെന്നും ബിസിസിഐ അധികൃതർ അറിയിച്ചു.
രണ്ടാം ഭാഗം?ഏഷ്യാകപ്പിലെ ഇന്ത്യ– പാക്ക് ത്രില്ലർ ‘സിനിമയ്ക്ക്’ ഒരു രണ്ടാം ഭാഗം വരുമോ? അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടേണ്ടിവരും. അവിടെ, ആദ്യ ഭാഗത്തെ വെല്ലുന്ന ത്രില്ലറിന് വേദിയാകുമോയെന്നാണ് ആശങ്ക. ഇന്നു തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നുണ്ട്. ഒക്ടോബർ 5നു നടക്കുന്ന മത്സരത്തിൽ എന്തൊക്കെ സംഭവിക്കും? കാത്തിരിക്കണം.
English Summary:








English (US) ·