Published: November 05, 2025 11:02 AM IST
1 minute Read
മുംബൈ ∙ ട്വന്റി20 കരിയറും ഏകദിന കരിയറും ഒരുപോലെ കൊണ്ടുപോകുന്നതിൽ മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സിന്റെ ഉപദേശം തേടി ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഏകദിന ഫോർമാറ്റിൽ തനിക്കു തിളങ്ങാൻ സാധിക്കാതെ പോയതിനെക്കുറിച്ചും ഏകദിന ടീമിലേക്കു തിരിച്ചുവരാനുള്ള ആഗ്രഹവും സൂര്യകുമാർ യാദവ് പ്രകടിപ്പിച്ചത്. ഡിവില്ലിയേഴ്‌സിനെ നേരിട്ട് കാണാൻ അവസരം ലഭിച്ചാൽ, അദ്ദേഹം ട്വന്റി20, ഏകദിന കരിയർ എങ്ങനെ സന്തുലിതമായി മുന്നോട്ടു കൊണ്ടുപോയെന്ന് അറിയാൻ ആഗ്രഹമുണ്ടെന്ന് സൂര്യകുമാർ പറഞ്ഞു.
‘‘ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടുകയാണെങ്കിൽ, ട്വന്റി20, ഏകദിന ഫോർമാറ്റുകൾ ഒരുപോലെ കൊണ്ടുപോകാൻ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞുവെന്ന് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഏകദിനങ്ങൾ ട്വന്റി20 പോലെ കളിക്കണമെന്നാണ് ഞാൻ കരുതിയത്. രണ്ട് ഫോർമാറ്റുകളിലും വിജയിക്കാൻ അദ്ദേഹം എന്താണ് ചെയ്തതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്നു.’’– സൂര്യകുമാർ യാദവ് പറഞ്ഞു.
ഡിവില്ലിയേഴ്സിന് ഈ സന്ദേശം കൈമാറാമെന്ന് അവതാരകൻ പറഞ്ഞപ്പോൾ, ക്യാമറയെ നോക്കി ഡിവില്ലിയേഴ്‌സിനോട് സൂര്യകുമാർ സഹായം അഭ്യർഥിച്ചു. ഏകദിന ക്രിക്കറ്റിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തന്റെ കരിയറിൽ ഇനിയും സമയം ബാക്കിയുണ്ടെന്നും ഒരുപക്ഷേ ലോകകപ്പ് ടീമിൽ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു. ‘‘എബി, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ, ദയവായി എന്നെ പെട്ടെന്നു ബന്ധപ്പെടുക, കാരണം അടുത്ത മൂന്ന്-നാല് വർഷങ്ങൾ നിർണായകമാണ്. ഏകദിന ക്രിക്കറ്റ് കളിക്കാനും ഞാൻ വളരെ ആഗ്രഹിക്കുന്നു. ദയവായി എന്നെ സഹായിക്കൂ! എനിക്ക് ടി20യും ഏകദിനവും സന്തുലിതമാക്കാൻ കഴിഞ്ഞില്ല.’’– സൂര്യ കൂട്ടിച്ചേർത്തു
ട്വന്റി20യിൽ സൂര്യകുമാർ തിളങ്ങിയതോടെ ഏകദിനത്തിലും താരത്തെ സെലക്ടർമാർ പരീക്ഷിച്ചിരുന്നു. ലോവർ മിഡിൽ ഓർഡറിൽ ഫിനിഷറുടെ സ്ഥാനമായിരുന്നു സൂര്യകുമാറിന്. 2021ലാണ് താരം ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 2023 ഏകദിന ലോകകപ്പ് ടീമിലും സൂര്യകുമാർ സ്ഥാനം പിടിച്ചു. ഇതിനു വ്യാപക വിമർശനം ഉയർന്നിരുന്നു. 37 ഏകദിന മത്സരങ്ങളിൽനിന്ന് 773 റൺസാണ് സൂര്യകുമാറിന്റെ സമ്പാദ്യം. ആകെ നേടിയത് നാല് അർധസെഞ്ചറി മാത്രം. അതേസമയം, ഏകദിനത്തിലും ടി20യിലും ഒരുപോലെ തിളങ്ങിയ താരമാണ് എ.ബി.ഡിവില്ലിയേഴ്‌സ്. 228 ഏകദിനങ്ങളിൽ നിന്ന് 9577 റൺസും 78 ടി20യിൽ നിന്ന് 1672 റൺസും താരം നേടി.
English Summary:








English (US) ·