പ്ലൂട്ടോ

1 month ago 12

മുജീബുര്‍റഹ്മാന്‍ കരിയാടന്‍

കഥകളിലേയും കണ്ട സിനിമകളിലേയും അന്യഗ്രഹ ജീവിക്ക് എത്രയോ കഴിവുകളുണ്ട്. ഒരു കഴിവുമില്ലാത്തവരാരും തങ്ങളുടെ ഗ്രഹം വിട്ട് ഭൂമിയില്‍ വന്ന് അത്ഭുതം കാണിച്ചിട്ടില്ല. എന്നാല്‍ പരീക്ഷയില്‍ തോറ്റ് തൊപ്പിയിട്ട് അച്ഛനുമമ്മയോടും ദേഷ്യം വന്ന് മുത്തച്ഛന്റെ 'പാട്ടവണ്ടി'യുമായി സ്ഥലം വിട്ട അന്യഗ്രഹ ജീവിയായ അവനൊരു കഴിവുമുണ്ടായിരുന്നില്ല. എത്തിപ്പെട്ടതോ ലോക തോല്‍വിയായ വിക്കിയെന്ന വിഘ്‌നേഷിന്റെ മുമ്പിലും!

നവഗ്രഹങ്ങളില്‍ നിന്ന് പുറത്തായിപ്പോയ പ്ലൂട്ടോയെ പോലെ തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഇടിച്ച് തെറിച്ച് അകലങ്ങളിലേക്കെത്തിപ്പോയ ആ അന്യഗ്രഹ ജീവിക്ക് പ്ലൂട്ടോ എന്നല്ലാതെ മറ്റൊരു പേരും ചേരില്ലായിരിക്കാം.

മനോഹരമായൊരു പ്ലോട്ടുമായാണ് പ്ലൂട്ടോ സ്‌ക്രീനിലേക്കിറങ്ങി വന്നത്. എന്നാല്‍ ഭാവനയുടെ വലിയ ലോകത്തെ അത്രയ്ക്കങ്ങ് മനോഹരമാക്കാന്‍ എന്തുകൊണ്ടോ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോയി. കുട്ടികളുടെ സിനിമയെന്ന തലത്തില്‍ നിന്ന് വിട്ടുപോവുകയും ചെയ്തു മുതിര്‍ന്നവരുടെ തലത്തിലേക്ക് എത്തിയതുമില്ല എന്ന അവസ്ഥയായിപ്പോയി സിനിമയ്ക്ക്. തന്റെ ഗ്രഹത്തില്‍ നിന്നും വിട്ടുപോവുകയും ഭൂമിയില്‍ സ്ഥിരമായി നില്‍ക്കാനാവാതെ വരികയും ചെയ്ത പ്ലൂട്ടോയുടെ അതേ അവസ്ഥ തന്നെ ചലച്ചിത്രത്തിനും സംഭവിച്ചു എന്നും പറയാം.

വ്യത്യസ്തമായ കാസ്റ്റിംഗ് നിര്‍വഹിക്കാന്‍ ധൈര്യം കാണിച്ചു എന്ന കാര്യത്തില്‍ പ്ലൂട്ടോയുടെ സംവിധായകനെ അഭിനന്ദിക്കാതെ വയ്യ. അല്‍താഫ് സലീമിനെ പോലൊരാളെയല്ലാതെ പ്ലൂട്ടോയായി സങ്കല്‍പ്പിക്കാനാവില്ലെന്നതാണ് നേര്. പ്ലൂട്ടോ എന്ന അന്യഗ്രഹ ജീവിയായി അല്‍താഫ് സലീമും അവന്റെ മനുഷ്യ സുഹൃത്ത് വിക്കിയായി നീരജ് മാധവും മുഴുനീളം വേഷമിട്ട സിനിമയില്‍ മറ്റു കഥാപാത്രങ്ങളും ഏകദേശം സമയങ്ങളിലുമുണ്ട്. അജുവര്‍ഗ്ഗീസിന്റെ ടൈഗറും ആര്‍ഷ ചാന്ദ്‌നി ബൈജുവിന്റെ ഡോ. മീരയും നിഹാല്‍ നിസാമിന്റെ അനിയനും വിനീത് തട്ടിലിന്റെ ഗുണ്ടയും ദിനേഷ് പ്രഭാകറിന്റെ ശാസ്ത്രജ്ഞനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് രചയിതാവ് സൃഷ്ടിച്ചിരിക്കുന്നത്. തന്റെ മനസ്സിലുള്ളത് മുഴുവന്‍ അതേ ചാരുതയോടെ കടലാസിലേക്ക് പകര്‍ത്താനും ഭാവനയുടെ പല അടരുകളുള്ള തിരക്കഥയെ മികവോടെ ചലച്ചിത്രമാക്കാന്‍ സംവിധായകനും സാധിച്ചിരുന്നുവെങ്കില്‍ മറ്റൊരു തലത്തിലേക്ക് മാറേണ്ട ചലച്ചിത്രമായിരുന്നു പ്ലൂട്ടോ.

അല്‍താഫ് സലീമിനെ പോലെ അജു വര്‍ഗ്ഗീസും ദിനേശ് പ്രഭാകറും വ്യത്യസ്ത ഗെറ്റപ്പിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ കണക്ട് ചെയ്യിക്കാവുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ടെങ്കിലും അവയെല്ലാം അമൂര്‍ത്തമാവുകയോ കൃത്യമായൊരു ദിശാസൂചനകളിലൂടെ സഞ്ചരിക്കാതിരിക്കുകയോ ചെയ്യാതിരുന്നത് സിനിമയ്ക്ക് വിനയാകുന്നുണ്ട്. പ്ലൂട്ടോ എന്ന കഥാപാത്രത്തെ തന്നെ അന്യഗ്രഹ ജീവി എന്നതിനേക്കാള്‍ വളരെ വേഗത്തില്‍ മായാവിയിലെ ലുട്ടാപ്പിയുമായി ചേര്‍ത്തു വെക്കാവുന്ന എത്രയോ സാധ്യതകളുണ്ടായിരുന്നു. എന്നിട്ടും ചെവിയുടെ കാര്യം മാത്രം പറഞ്ഞ് ലുട്ടാപ്പിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അജു വര്‍ഗ്ഗീസിന്റെ കഥാപാത്രത്തെ ശിക്കാരി ശംഭുവിലേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമവും കണ്ടുകൊണ്ടിരിക്കെ പാഴായിപ്പോകുന്നതുപോലെ അനുഭവപ്പെട്ടേക്കും.

പുതിയ കാലത്ത് പുതിയ കാഴ്ചകളും പുതിയ അനുഭവങ്ങളും തേടി തിയേറ്ററിലേക്കെത്തുന്നവരെ അത്ര എളുപ്പത്തിലൊന്നും സംതൃപ്തിപ്പെടുത്താനാവില്ലെന്നത് സത്യമാണ്. ഒരുപക്ഷേ, അണിയറ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കാവുന്ന തരത്തില്‍ ഏറ്റവും മികച്ചത് തന്നെയായിരിക്കാം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടാവുക. സംവിധായകന്റേയും തിരക്കഥാകൃത്തിന്റേയും മനസ്സു മാറ്റിവെച്ച് പ്രേക്ഷകന്റെ കണ്ണുകൊണ്ടു കൂടി സിനിമ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി മികവോടെ പ്ലൂട്ടോ മുമ്പിലെത്തിക്കാന്‍ സാധിക്കുമായിരുന്നു.

കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള അന്യഗ്രഹ ജീവിയുടെ കഥയുമായി പ്ലൂട്ടോയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. ആനന്ദ് അര്‍ക്കാഡോയുടെ സംഗീതം, വിഷ്ണു ശര്‍മയുടെ ക്യാമറ, സനത് ശിവരാജിന്റെ എഡിറ്റിംഗ്, രാഖിലിന്റെ ആര്‍ട്ട് വിഭാഗം, സ്‌റ്റെഫി സേവ്യറുടെ കോസ്റ്റിയൂം, റോണക്‌സ് സേവ്യറിന്റെ മേക്കപ്പ്, പ്രോസ്‌തെറ്റിക്‌സ് എന്നിവയെല്ലാം സിനിമയ്ക്ക് അനുകൂലമായ തരത്തില്‍ ചെയ്തുവെക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ടെങ്കിലും മുഴുവന്‍ കാഴ്ചയില്‍ എവിടെയൊക്കെയോ ചില പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട്. ആദിത്യന്‍ ചന്ദ്രശേഖരനാണ് പ്ലൂട്ടോ സംവിധാനം നിര്‍വഹിച്ചത്.

ഓര്‍ക്കിഡ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ രെജു കുമാറും രശ്മി രെജുവുമാണ് പ്ലൂട്ടോ നിര്‍മിച്ചിരിക്കുന്നത്.

ആദ്യം പറഞ്ഞതിലേക്ക് മടങ്ങിയെത്തട്ടെ. ഒരു കഴിവുമില്ലാത്തൊരു അന്യഗ്രഹ ജീവിയാണ് പ്ലൂട്ടോയെങ്കിലും ഭൂമിയിലെ ചില മനുഷ്യര്‍ക്ക് തങ്ങളുടെ കഴിവുകളുടെ ചില തിരിച്ചറിവുകള്‍ നല്‍കിയാണ് അവന്‍ മടങ്ങുന്നത്. ഭൂമിയിലെ വാസത്തിനിടയില്‍ തന്നേയും പ്ലൂട്ടോ തിരിച്ചിറിയുന്നുണ്ട്. തിരിച്ചറിവുണ്ടാവുക എന്നതാണല്ലോ ഏറ്റവും വലിയ കഴിവ്.

അശ്വിനി പി

ഓതറിനെ കുറിച്ച്

അശ്വിനി പി

സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കൂ

Read Entire Article