പ്ലേഓഫിൽ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ 3 ടീമുകൾ. പ്ലേഓഫ് കയ്യകലത്തുള്ള 4 ടീമുകൾ. പൊരുതിക്കളിച്ചു കളം പിടിക്കാമെന്നു കണക്കുകൂട്ടുന്ന 3 ടീമുകൾ. ഇടവേള കഴിഞ്ഞെത്തുന്ന ഐപിഎലിന്റെ പടക്കളത്തിനു തീപിടിക്കുമ്പോൾ ടീമുകളുടെ ആയുധശേഖരവും യുദ്ധമുറയുമെല്ലാം മാറുകയാണ്. ലീഗ് കിരീടപ്പോരാട്ടത്തോട് അടുക്കുമ്പോൾ നിർണായകമാകുന്നതു വിദേശ താരങ്ങളുടെ പങ്കാളിത്തമാണ്. ഇടയ്ക്കു കളി നിർത്തിവച്ചപ്പോൾ നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളിൽ ആരൊക്കെ തിരിച്ചുവരുമെന്നതിൽ ഇപ്പോഴുമില്ല ഉറപ്പ്.
ഐപിഎലിൽ തുടരാൻ വെസ്റ്റിൻഡീസ് താരങ്ങൾക്ക് അനുമതി കിട്ടുകയും ഓസ്ട്രേലിയ തീരുമാനം താരങ്ങളുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്തെങ്കിലും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കാര്യത്തിൽ സ്ഥിതി മറിച്ചാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ കളിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങളും വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ട ഇംഗ്ലണ്ട് താരങ്ങളും പ്ലേഓഫിനു മുൻപേ ഐപിഎൽ വിടും.
ഗുജറാത്ത് ടൈറ്റൻസ്ഒരേ ഒരു ജയം കൂടി മതി ഗുജറാത്തിനു പ്ലേഓഫ് ഉറപ്പിക്കാൻ. ടീമിന്റെ നട്ടെല്ലായ ജോസ് ബട്‌ലറുടെ അഭാവമാണു പ്ലേഓഫിൽ ഗുജറാത്തിനു വലിയ തിരിച്ചടിയാവുക. സീസണിൽ അഞ്ഞൂറിലേറെ റൺസ് നേടിയ ബട്‌ലർക്കൊപ്പം ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദയും പ്ലേഓഫിനു മുൻപേ ടീം വിടും. എന്നാൽ വിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോഡ് തുടരും.
റോയൽ ചാലഞ്ചേഴ്സ്ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്സൽവുഡ് തിരിച്ചെത്തുമെന്നതു ടീമിനു പകരുന്ന ആശ്വാസം ചെറുതാകില്ല. ഇംഗ്ലണ്ട് ടീമിൽ ഇടമില്ലാത്ത ഓപ്പണർ ഫിൽ സോൾട്ടിന്റെയും ലിയാം ലിവിങ്സ്റ്റന്റെയും സേവനം സീസൺ മുഴുവനും ലഭിക്കും. ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഗിഡിയുടെ അഭാവത്തിൽ ഹെയ്സൽവുഡിന്റെ ഫിറ്റ്നസ് നിർണായകമാവും.
പഞ്ചാബ് കിങ്സ്ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ യാൻസൻ പ്ലേഓഫ് മത്സരങ്ങൾക്കു മുൻപേ മടങ്ങും. എന്നാൽ, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനെ തുടർന്നു സീസൺ തീരും മുൻപേ ടീം വിടുമെന്നു പ്രതീക്ഷിച്ചിരുന്ന ഓസ്ട്രേലിയൻ ബാറ്റർ ജോഷ് ഇംഗ്ലിസ് അവസാനം വരെ ലീഗിൽ തുടരുമെന്നാണു വിവരം.
മുംബൈ ഇന്ത്യൻസ്മുംബൈ നോക്കൗട്ടിലെത്തിയാൽ രണ്ടു പ്രധാന താരങ്ങളുടെ സേവനം നഷ്ടമാകും. ഫോം കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ ബാറ്റർ റിയാൻ റിക്കൽറ്റനും ഇംഗ്ലിഷ് ഓൾറൗണ്ടർ വിൽ ജാക്സും പ്ലേഓഫ് മുതൽ ടീമിന്റെ ഭാഗമാകില്ല.
ഡൽഹി ക്യാപിറ്റൽസ്പ്ലേഓഫ് എൻട്രി ഉറപ്പിക്കാൻ ജീവൻ മരണപ്പോരാട്ടം നടത്തേണ്ട ഡൽഹി ക്യാപിറ്റൽസിന് മാച്ച് വിന്നറായ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ സേവനം നഷ്ടമാകും. പകരക്കാരനായി ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ എത്തിക്കാനുള്ള ശ്രമം ഫലം കണ്ടിട്ടില്ല. ബംഗ്ലദേശ് ബോർഡിന്റെ അനുമതി ലഭിക്കാത്തതാണു കാരണം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്കൊൽക്കത്തയ്ക്ക് ഒരു മത്സരത്തിലെ തിരിച്ചടി പോലും ഇനി താങ്ങാനാവില്ല. ഇനിയുള്ള 3 കളികൾ ജയിച്ചാലും മറ്റു ടീമുകളുടെ ഗതിവിഗതികൾ ആശ്രയിച്ചാകും നിലനിൽപ്. വ്യക്തിപരമായ കാരണങ്ങളാൽ സീസൺ അവസാനിപ്പിച്ച ഇംഗ്ലിഷ് ഓൾറൗണ്ടർ മോയിൻ അലിയുടെ അഭാവം വലിയ തിരിച്ചടിയാണ്.
ലക്നൗ സൂപ്പർ ജയന്റ്സ്10 പോയിന്റ് മാത്രമുള്ള ലക്നൗ സൂപ്പർ ജയന്റ്സ് പ്ലേഓഫ് കടക്കണമെങ്കിൽ 3 മത്സരവും ജയിക്കുകയും മുംബൈയും ഡൽഹിയുമെല്ലാം വീഴുകയും വേണം. പ്ലേഓഫിലെത്തിയാൽ ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം ടീമിലുണ്ടാകില്ല.'
English Summary:








English (US) ·