മുംബൈ ∙ ജയിച്ചാൽ മുംബൈ കയറും. തോറ്റാൽ പ്ലേഓഫിലെ നാലാം സ്ഥാനക്കാരെ അറിയാനുള്ള കാത്തിരിപ്പ് വീണ്ടും നീളും. മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇന്ന് ഐപിഎൽ മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ സാധ്യതകൾ ഇങ്ങനെ. ഗുജറാത്ത്, ബെംഗളൂരു, പഞ്ചാബ് ടീമുകൾ പ്ലേഓഫ് കടമ്പ കടന്നപ്പോൾ അവശേഷിക്കുന്ന ഏക സ്ഥാനത്തിനായി മത്സരിക്കുന്നത് മുംബൈയും ഡൽഹിയുമാണ്. ഇരു ടീമുകൾക്കും ഇനി 2 മത്സരം മാത്രം ബാക്കി.
പട്ടികയിൽ ഒരു പോയിന്റിന്റെ മേൽക്കൈയുള്ള മുംബൈയ്ക്ക് ഇവയിലൊന്ന് ജയിച്ചാൽ പ്ലേഓഫിലെത്താം. എന്നാൽ ജയം അനിവാര്യമായ ഡൽഹി ക്യാപിറ്റൽസിന് ഇന്നത്തേത് ജീവൻമരണ പോരാട്ടമാണ്. വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
വാങ്കഡെയിൽ ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ടീമുകൾക്ക് ആശങ്കയാണ്. ഇന്നലെ വൈകിട്ട് നടക്കേണ്ട പരിശീലന സെഷനും മഴമൂലം മുടങ്ങിയിരുന്നു.12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയിൽ നാലാംസ്ഥാനത്തും ഇത്രയും മത്സരങ്ങളിൽനിന്ന് 13 പോയിന്റുള്ള ഡൽഹി അഞ്ചാമതുമാണ്.
അവസാന മത്സരത്തിലെ അനിശ്ചിതത്വത്തിനായി കാത്തിരിക്കാതെ ഹോം ഗ്രൗണ്ടിൽ ഇന്നത്തെ മത്സരം ജയിച്ച് പ്ലേഓഫ് ഉറപ്പിക്കുകയാണ് മുംബൈയുടെ ലക്ഷ്യം. എന്നാൽ ഞായറാഴ്ച ഗുജറാത്തിനോട് 10 വിക്കറ്റിനു പരാജയപ്പെട്ടതിന്റെ നിരാശയുമായാണ് ഡൽഹിയുടെ വരവ്.
ഗ്രൂപ്പ് റൗണ്ടിൽ ഇരുടീമുകളുടെയും അവസാന മത്സരം പഞ്ചാബിനെതിരെയാണ്. ഇന്നു മുംബൈ തോറ്റാൽ പ്ലേഓഫിലെത്തുന്ന നാലാം ടീമിനെ അറിയാൻ ഈ മാസം 26 വരെ കാത്തിരിക്കേണ്ടിവരും.
∙ മുംബൈയുടെ സൂര്യൻ
12 ഇന്നിങ്സുകളിൽനിന്ന് 510 റൺസുമായി ടോപ് സ്കോറർ പട്ടികയിൽ നാലാംസ്ഥാനത്ത് നിൽക്കുന്ന സൂര്യകുമാർ യാദവിന്റെ ഫോമിലാണ് മുംബൈയുടെ വലിയ പ്രതീക്ഷ. ടെസ്റ്റ് വിരമിക്കലിനുശേഷമുള്ള ആദ്യ മത്സരത്തിൽ രോഹിത് ശർമയുടെ ഒരു ഉജ്വല ഇന്നിങ്സിനായും മുംബൈ ആരാധകർ കാത്തിരിക്കുന്നു.
എന്നാൽ കഴിഞ്ഞ 5 ഇന്നിങ്സുകളിൽ മൂന്നിലും രണ്ടക്കം കടക്കാനാകാത്ത തിലക് വർമയുടെ ഫോമിൽ ആശങ്കയുണ്ട്. ജസ്പ്രീത് ബുമ്രയും ട്രെന്റ് ബോൾട്ടും ഉൾപ്പെടുന്ന മൂർച്ചയേറിയ പേസ് ബോളിങ് നിരയാണ് മുംബൈയുടെ മറ്റൊരു കരുത്ത്.
∙ ഡൽഹിക്ക് ആശങ്ക
കെ.എൽ.രാഹുലിനെ ചുറ്റിപ്പറ്റിയാണ് ഡൽഹിയുടെ ബാറ്റിങ് പ്രതീക്ഷകൾ. ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരത്തിൽ രാഹുൽ സെഞ്ചറി നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. ഓപ്പണിങ്ങിൽ തുടർപരീക്ഷണങ്ങൾ നടത്തിയ ഡൽഹിക്ക് ഒരു വിജയ ജോടിയെ കണ്ടെത്താനായിട്ടില്ല.
14 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക് ഇടവേളയ്ക്കുശേഷം ഓസ്ട്രേലിയയിൽനിന്നു തിരിച്ചുവരാതിരുന്നത് ബോളിങ്ങിലും ടീമിനു വലിയ തിരിച്ചടിയായി.
∙ സാധ്യതകൾ ഇങ്ങനെ
മുംബൈ ഇന്ത്യൻസ്
∙ ഇന്നത്തെ മത്സരത്തിൽ ഡൽഹിയെ തോൽപിച്ചാൽ മുംബൈ പ്ലേഓഫിലെത്തും.
∙ ഇന്നു ഡൽഹിയോട് തോറ്റാൽ പഞ്ചാബിനെതിരായ അവസാന മത്സരം നിർണായകം. അതിൽ മുംബൈ ജയിക്കുകയും ഡൽഹി പഞ്ചാബിനോട് തോൽക്കുകയും വേണം.
ഡൽഹി ക്യാപിറ്റൽസ്
∙ ഇനിയുള്ള 2 മത്സരങ്ങളും ജയിച്ചാൽ പ്ലേഓഫിൽ
∙ ഇന്നു മുംബൈയ്ക്കെതിരെ ജയം അനിവാര്യം. അതിനുശേഷം അവസാന മത്സരത്തിൽ ഇരു ടീമുകളും തോറ്റാൽ ഡൽഹി പ്ലേഓഫിൽ.
* മഴ മൂലം മത്സരങ്ങൾ ഉപേക്ഷിച്ചോ മറ്റോ ഇരുടീമും പോയിന്റ് നിലയിൽ ഒപ്പം വന്നാൽ നെറ്റ് റൺറേറ്റ് നിർണായകമാവും. ഇപ്പോൾ മുംബൈയ്ക്കാണ് മേൽക്കൈ.
English Summary:








English (US) ·