Published: September 12, 2025 02:35 PM IST
1 minute Read
ദുബായ്∙ ഏറെ അഭ്യൂഹങ്ങൾക്കും ആകാംക്ഷയ്ക്കുമൊടുവിലാണ് ഏഷ്യാ കപ്പ് ടൂർണമെന്റിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സഞ്ജു സാംസൺ ഇടം പിടിച്ചത്. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചപ്പോൾ മുതൽ സഞ്ജുവിന് പ്ലേയിങ് ഇലവനിലുള്ള സ്ഥാനത്തെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഓപ്പണർ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി സഞ്ജു തുടരുകയായിരുന്നു.
യുഎഇക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും ടീം ലിസ്റ്റ് പ്രകാരം അഞ്ചാമനായാണ് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങുക. എന്നാൽ ആദ്യ വിക്കറ്റ് നേരത്തെ വീണാൽ പവർപ്ലേ എൻഫോഴ്‌സറായി സഞ്ജുവിനെ ഉപയോഗിക്കാമെന്ന നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. ആശ്വിൻ. യുഎഇക്കെതിരായ മത്സരത്തിൽ വൺഡൗൺ ആയി ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ക്രീസിലെത്തിയത്.
‘‘എനിക്ക് അദ്ഭുതം തോന്നുന്നു. പക്ഷേ സഞ്ജുവിന് ലഭിക്കുന്ന പിന്തുണയിൽ സന്തോഷവും തോന്നുന്നു. പരിശീലകനും ക്യാപ്റ്റനും അദ്ദേഹത്തോട് കാണിക്കുന്ന കരുതൽ അദ്ഭുതകരമാണ്. ‘ഞങ്ങൾ അദ്ദേഹത്തെ പരിപാലിക്കുന്നുണ്ട്’ എന്ന് സൂര്യകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു, അതു വ്യക്തമാണ്. സഞ്ജു കളിക്കണമെങ്കിൽ, അദ്ദേഹം ഒരു പവർപ്ലേ എൻഫോഴ്‌സ്‌മെന്ററായിരിക്കണം. പവർപ്ലേയിൽ ഒരു വിക്കറ്റ് വീണാൽ, സഞ്ജു കളിക്കും.’’– അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
‘‘ഇതു പ്രോജക്ട് സഞ്ജു സാംസൺ ആണ്. ഞാൻ സഞ്ജുവിനെ അഭിമുഖം ചെയ്തപ്പോൾ, 21 തവണ ഡക്കായാലും 22-ാം മത്സരത്തിലും തന്നെ ഉൾപ്പെടുത്തുമെന്ന് ഗംഭീർ ഉറപ്പു നൽകിയെന്നാണ് അദ്ദേഹം പറഞ്ഞത്. പരിശീലകനും സൂര്യകുമാറും അദ്ദേഹത്തിന് നൽകിയ ആത്മവിശ്വാസമാണത്. സഞ്ജു സാംസൺ കൊണ്ടുവരുന്ന കാര്യങ്ങളിൽ ടീം മാനേജ്മെന്റ് വിശ്വസിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന് ഒരു സ്ഥാനം നൽകാൻ അവർ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ തയാറാണ്. മികച്ച കാര്യം.’’– അശ്വിൻ കൂട്ടിച്ചേർത്തു.
ജിതേഷ് ശർമയ്ക്കു പകരം വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ, ഡൈവിങ് ക്യാച്ചുകളും അതിവേഗ സ്റ്റംപിങ്ങും യുഎഇക്കെതിരായ മത്സരത്തിൽ കയ്യടി നേടിയിരുന്നു. ബാറ്റിങ് ഓർഡറിൽ സൂര്യകുമാർ യാദവ് മൂന്നാംസ്ഥാനത്തേക്ക് കയറിയപ്പോൾ തിലക് വർമയ്ക്കും ശേഷം അഞ്ചാമനായാണ് സഞ്ജുവിന് ഇറങ്ങാനാകുക
English Summary:








English (US) ·