തിരുവനന്തപുരം∙ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ബ്രസീൽ താരം പൗലോ വിക്ടറിന്റെ ഗോളിൽ സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചിക്കെതിരെ തിരുവനന്തപുരം കൊമ്പൻസിന് ജയം (1-0). ലീഗിൽ കൊമ്പൻസിന്റെ ആദ്യ ജയമാണിത്. ഫോഴ്‌സ കൊച്ചിയുടെ തുടർച്ചയായ രണ്ടാം തോൽവിയും.
അഞ്ചാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ മുന്നേറി കൊമ്പൻസിന്റെ അണ്ടർ 23 താരം അക്ഷയ് നടത്തിയ ഗോൾ ശ്രമം ഫോഴ്‌സ കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാറിന്റെ കൈകളിൽ അവസാനിക്കുന്നത് കണ്ടാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മത്സരം ചൂടുപിടിച്ചത്. തകർത്തു കളിക്കുകയായിരുന്ന അക്ഷയ് പതിനാറാം മിനിറ്റിൽ തന്നെ പരുക്കേറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് ഷാഫി.
പത്തൊൻപതാം മിനിറ്റിൽ പെനാൽറ്റി ഏരിയക്ക് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റൻ പാട്രിക് മോട്ട പോസ്റ്റിന് മുന്നിലേക്ക് അടിച്ചു നൽകിയെങ്കിലും കണക്ട് ചെയ്യാൻ അവിടെയുണ്ടായിരുന്ന കൊമ്പൻസിന്റെ മൂന്ന് താരങ്ങൾക്കും സാധിച്ചില്ല. കൗണ്ടർ അറ്റാക്കിലൂടെ ഫോഴ്‌സ കൊച്ചി നടത്തിയ ശ്രമങ്ങൾക്കൊന്നും തന്നെ കൊമ്പൻസ് പോസ്റ്റിൽ പന്തെത്തിക്കാൻ കരുത്തില്ലാതെ പോയി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളിൽ കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, കൊമ്പൻസ് താരങ്ങളായ പാട്രിക് മോട്ട, ഷാനിദ് വാളൻ എന്നിവർക്ക് റഫറി മഞ്ഞക്കാർഡ് നൽകി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പാട്രിക് മോട്ടയെ ഫൗൾ ചെയ്ത ഫോഴ്‌സ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസിനും റഫറിയുടെ മഞ്ഞ ശിക്ഷ ലഭിച്ചു. അൻപത്തിനാലാം മിനിറ്റിൽ ഫോഴ്‌സ കൊച്ചിയുടെ ബ്രസീലിയൻ താരം ഡഗ്ലസ് റോസ നാല് എതിർതാരങ്ങൾക്ക് ഇടയിൽ നിന്ന് പറത്തിയ കനത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. അറുപത്തി മൂന്നാം മിനിറ്റിൽ ഫോഴ്‌സ കൊച്ചി റിജോൺ ജോസ്, ഡഗ്ലസ് റോസ എന്നിവരെ പിൻവലിച്ച് ലൂയിസ് റോഡ്രിഗസ്, റിൻറെയ്താൻ ഷെയ്സ എന്നിവരെ കളത്തിലിറക്കി. തൊട്ടു പിന്നലെ കൊമ്പൻസ് പൗലോ വിക്ടർ, ഖാലിദ് റോഷൻ, കാർവാലോ ലിമ എന്നിവർക്കും അവസരം നൽകി.
കൊമ്പൻസ് കോച്ചിന്റെ സബ്സ്റ്റിട്യൂഷൻ തന്ത്രം വിജയിച്ചു. എഴുപത്തിനാലാം മിനിറ്റിൽ കൊമ്പൻസ് ഗോൾ നേടി. ഇടതു വിങിലൂടെ മുന്നേറി മൂന്ന് പ്രതിരോധക്കാർക്ക് ഇടയിൽ നിന്ന് മുഹമ്മദ് അസ്ഹർ നൽകിയ പന്ത് പകരക്കാരനായി വന്ന ബ്രസീൽ താരം പൗലോ വിക്ടർ ഹെഡ് ചെയ്ത് ഫോഴ്‌സ കൊച്ചിയുടെ വലയിലെത്തിച്ചു (1-0). ഗോൾ തിരിച്ചടിക്കാനുള്ള ഫോഴ്‌സ കൊച്ചിയുടെ ശ്രമങ്ങൾ കൊമ്പൻസ് പ്രതിരോധം കൃത്യമായി തടഞ്ഞതോടെ മത്സരം 1-0 എന്ന സ്‌കോറിൽ ഫൈനൽ വിസിലായി. 6452 കാണികൾ മത്സരം കാണാനെത്തി.
സ്തനാർബുദ ബോധവൽക്കരണത്തി ന്റെ ഭാഗമായി കൊമ്പൻസ് പിങ്ക് ജഴ്‌സിയിലാണ് വെള്ളിയാഴ്ച കളത്തിലിറങ്ങിയത്. രണ്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച കാലിക്കറ്റ് എഫ് സി തൃശൂർ മാജിക് എഫ് സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്. ടിക്കറ്റിനായി www.quickerala.com സന്ദർശിക്കുക.
English Summary:








English (US) ·