ഫന്റാസ്റ്റിക് ഫസീല!: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിലെ ടോപ്സ്കോറർ സംസാരിക്കുന്നു

9 months ago 8

കോഴിക്കോട് ∙ 13 മത്സരങ്ങളിൽ 24 ഗോളുകൾ. അതിൽ 5 ഹാട്രിക്കുകൾ. ചരിത്രവനിതയായി മാറുകയാണ് ഗോകുലം കേരള എഫ്സിയുടെ യുഗാണ്ട ഫുട്ബോളർ ഫസീല ഇക്വാപുത്ത്. ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ, ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടുന്ന വനിതാതാരമായി മാറിക്കഴി‍ഞ്ഞു ഫസീല. കഴിഞ്ഞ സീസണിലും വനിതാ ലീഗിന്റെ ടോപ് സ്കോററും മികച്ച സ്ട്രൈക്കറുമായിരുന്നു ഫസീല (13 ഗോൾ). നാളെ കൊൽക്കത്തയിൽ നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്നതിനുള്ള തയാറെടുപ്പുകൾക്കിടെ ഫസീല ‘മനോരമ’യോടു സംസാരിക്കുന്നു....

Qഫസീല ഫുട്ബോളിലേക്കു വന്നത് എങ്ങനെയാണ്?

Aഫുട്ബോൾ ഒരു ഫൺ ഗെയിമാണ്. കുട്ടിക്കാലം മുതൽ ഫുട്ബോൾ എനിക്കിഷ്ടമായിരുന്നു. യുഗാണ്ടയിലെ എംബലേയിൽനിന്നാണ് ഞാൻ വരുന്നത്. രക്ഷിതാക്കളുടെ പ്രോത്സാഹനമാണ് എന്നെ പ്രഫഷനൽ ഫുട്ബോളിലെത്തിച്ചതത്. യുഗാണ്ടയ്ക്കായി ആഫ്രിക്ക വിമൻസ് കപ്പ് ഓഫ് നേഷൻസിൽ കളിച്ചു. ഫുഫ സൂപ്പർലീഗിൽ കംപാല ക്വീൻസ് എഫ്സിക്കുവേണ്ടി കളിക്കുമ്പോഴാണു ഗോകുലത്തിൽനിന്നു ക്ഷണം കിട്ടിയത്.

Qയുഗാണ്ടയിൽനിന്ന് ഇന്ത്യയിലേക്ക്.. എന്തു തോന്നുന്നു?

Aഇന്ത്യൻ ഫുട്ബോളിനെക്കാൾ യുഗാണ്ടയിലെ ഫുട്ബോളിന് ആവേശമുണ്ട്. ഇന്ത്യയിൽ വനിതാ ഫുട്ബോൾ വളർന്നു തുടങ്ങിയിട്ടേയുള്ളൂ. കൂടുതൽ സൗകര്യങ്ങൾ വരേണ്ടിയിരിക്കുന്നു. പരിശീലന മൈതാനങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. എന്നാൽ, യുഗാണ്ടയിൽനിന്ന് കേരളത്തിലെത്തിയപ്പോൾ ചൂടിനു മാത്രം ഒരു കുറവുമില്ല.

Qഒരു സീസണിൽ 24 ഗോളുകൾ; അദ്ഭുതകരമായ നേട്ടമാണല്ലോ?

Aഗോകുലത്തിനായി 24 ഗോളുകൾ നേടിയെന്നതു സന്തോഷകരമാണ്. ടോപ് സ്കോററാവുകയെന്നത് എല്ലാവരും സ്വപ്നം കാണുന്ന കാര്യമാണ്. ചാംപ്യനാവുകയെന്നതു ദൈവത്തിന്റെ തീരുമാനമാണ്. സഹതാരങ്ങളാണ് ഓരോ ഗോളിനും പിന്നിലുള്ളത്. അവരില്ലാതെ ഈ ഗോളുകളില്ല.

Qമറക്കാനാവാത്ത അനുഭവങ്ങളുണ്ടോ?

Aഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങൾ തരുന്നതു റഫറിമാരാണ്. അവരുടെ സമീപനത്തിൽ മാറ്റം വരണമെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്ത്യയിൽ വനിതാ റഫറിമാരാണുള്ളത്. അവർ ഇമോഷൻസിനല്ല പ്രാധാന്യം കൊടുക്കേണ്ടത്.

Qഇന്ത്യയിലെ പെൺകുട്ടികളോട് എന്താണ് പറയാനുള്ളത്?

Aഇന്ത്യയിൽ കൂടുതൽ പെൺകുട്ടികൾ ഫുട്ബോൾ കളിക്കാൻ വരണം. ഫുട്ബോളിനെ സ്നേഹിക്കണം. കഠിനാധ്വാനം ചെയ്യണം.

English Summary:

Fazila Ikwaput: The Ugandan Striker Dominating the Indian Women's League

Read Entire Article