Published: November 05, 2025 09:23 AM IST Updated: November 05, 2025 11:00 AM IST
1 minute Read
കോട്ടയം ∙ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ആദ്യവിജയം നേടിയതിന്റെ ആഘോഷം തുടരുമ്പോൾ, ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന്റെ പെരുമയിൽ കോട്ടയം. ഓസ്ട്രേലിയയിൽനിന്ന് മിഷനറി പ്രവർത്തനങ്ങൾക്കായി കോട്ടയത്തെത്തിയ ആൻ കെല്ലവേയാണു പെൺകുട്ടികളെ ക്രിക്കറ്റ് കളി പഠിപ്പിച്ച് മത്സരങ്ങൾ നടത്തിയത്. ചർച്ച് മിഷൻ സൊസൈറ്റി അംഗമായ ആൻ കെല്ലവേ കോട്ടയം ബേക്കർ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു.
അക്കാലത്ത്, 1913ൽ പെൺകുട്ടികൾക്കു ക്രിക്കറ്റ് പഠനം നിർബന്ധമാക്കി. 1914ൽ കോട്ടയം നഗരത്തിലെ ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് 11 അംഗങ്ങൾ വീതമുള്ള 2 ടീമുകൾ തമ്മിൽ ആൻ കെല്ലവേ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. ബേക്കർ സ്കൂളിലെ വിദ്യാർഥിനികൾക്കൊപ്പം സിഎംഎസ് കോളജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന വിദ്യാർഥിനികളും ക്രിക്കറ്റ് മത്സരങ്ങളുടെ ഭാഗമായി.
1887ൽ മെൽബണിൽ ജനിച്ച ആൻ 25–ാം വയസ്സിൽ 1912ലാണ് കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ പ്രധാനാധ്യാപികയായി എത്തിയത്. 1925ൽ മാർത്തോമ്മാ സഭ തിരുവല്ലയിൽ വനിതാ മന്ദിരം തുടങ്ങിയപ്പോൾ അതിന്റെ ആദ്യ പ്രിൻസിപ്പലായി പോകുന്നതു വരെ കോട്ടയത്തു ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നതായി ചരിത്രരേഖകൾ പറയുന്നു.
കുട്ടികൾക്കു ധരിക്കാൻ വെള്ള വസ്ത്രങ്ങൾ ലഭ്യമായിരുന്നില്ല. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽനിന്ന് എത്തിച്ച തുണി ഉപയോഗിച്ചാണു വെള്ള വസ്ത്രങ്ങൾ നെയ്തെടുത്തതെന്ന് ഇതേക്കുറിച്ച് പഠിച്ച, ‘ജ്ഞാനനിക്ഷേപം’ അസോഷ്യേറ്റ് എഡിറ്ററും മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയ്നിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. അശോക് അലക്സ് ഫിലിപ് പറയുന്നു.
പെൺകുട്ടികളുടെ ഗ്രേസ് മാച്ചുകൾ സംഘടിപ്പിച്ച് അതിൽ നിന്നു ലഭിച്ചിരുന്ന പണം ചേർത്തല ആശുപത്രിയിൽ ചികിത്സ തേടുന്നവർക്കായി വിനിയോഗിച്ചിരുന്നു. മത്സരങ്ങൾക്കിടയിൽ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ ആൻ കെല്ലവേ പ്രഭാഷണവും നടത്തിയിരുന്നു. പിച്ച് ടോക് എന്നായിരുന്നു ഇതിനു നൽകിയ പേര്.
1946ൽ ഓസ്ട്രേലിയയിലേക്കു മടങ്ങിയ ആൻ, മെൽബൺ പ്രാന്തപ്രദേശമായ അപ്‌വേയിൽ തന്റെ വീടിനു നൽകിയ പേര് ‘മന്ദിരം’ എന്നാണ്. 1972ൽ ആൻ കെല്ലവേ അന്തരിച്ചു.
English Summary:









English (US) ·