Published: May 26 , 2025 08:08 PM IST
1 minute Read
മുംബൈ∙ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം പ്രിയങ്ക് പാഞ്ചൽ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഗുജറാത്തിനായി കൂടുതൽ സെഞ്ചറി നേടിയ താരമാണ് പ്രിയങ്ക്. ഇക്കഴിഞ്ഞ രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിനെതിരെ 148 റൺസുമായി തിളങ്ങിയിരുന്നു.ഈ മത്സരത്തിൽ ആദ്യ ഇന്നിങ്സ് ലീഡ് രണ്ടു റൺസിന്റെ വ്യത്യാസത്തിൽ നഷ്ടമായ ഗുജറാത്ത് ഫൈനൽ കാണാതെ പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സില്‍ 457 റണ്‍സടിച്ചപ്പോള്‍ ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. താരത്തിന്റെ കരിയറിലെ അവസാന മത്സരവും ഇതാണ്.
2016–17 സീസണിൽ ഗുജറാത്ത് ആദ്യ രഞ്ജി കിരീടം വിജയിക്കുമ്പോൾ, 1310 റൺസുമായി ടീമിന്റെ ടോപ് സ്കോററായിരുന്നു പാഞ്ചൽ. വിജയ് ഹസാരെ ട്രോഫി വിജയിച്ച ഗുജറാത്ത് ടീമിലും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ 127 മത്സരങ്ങളിൽനിന്ന് 29 സെഞ്ചറികളും 34 അർധ സെഞ്ചറികളുമുൾപ്പടെ 8856 റൺസ് നേടിയിട്ടുണ്ട്. ലിസ്റ്റ് എയിൽ 97 കളികളിൽനിന്ന് 21 അർധ സെഞ്ചറികളും എട്ട് സെഞ്ചറികളും അടക്കം 3672 റൺസും സ്കോർ ചെയ്തു.
ഇന്ത്യ എ ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും സീനിയർ ടീമിലും ഇന്ത്യൻ പ്രീമിയർ ലീഗിലും താരത്തിന് അവസരങ്ങൾ ലഭിച്ചിട്ടില്ല. പിതാവിനെക്കുറിച്ചു സംസാരിച്ചുകൊണ്ടാണ് പ്രിയങ്കിന്റെ വിരമിക്കൽ കുറിപ്പു തുടങ്ങുന്നത്. ‘‘എല്ലാവരും അവരുടെ അച്ഛനെ നോക്കിയായിരിക്കും വളരുക. അവരെ മാതൃകയാക്കിയും, അവരെ ഇംപ്രസ് ചെയ്യാൻ വേണ്ടിയും ആയിരിക്കും ശ്രമിക്കുക. എന്റെ കാര്യവും അങ്ങനെ തന്നെ. എന്റെ കരുത്തിന്റെ ഉറവിടമായിരുന്നു അച്ഛൻ.’’
‘‘താരതമ്യേന ഒരു ചെറിയ നഗരത്തിൽനിന്നു വളർന്ന്, ഒരിക്കൽ ഇന്ത്യയുടെ തൊപ്പി തലയിൽ അണിയാനും, സ്വപ്നങ്ങളെ പിന്തുടരാനും അദ്ദേഹം കരുത്തായി. അദ്ദേഹം കുറേ മുൻപേ തന്നെ ഞങ്ങളെ വിട്ടുപോയെങ്കിലും, ഒരു സ്വപ്നമായി എനിക്കൊപ്പമുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഇതൊരു വൈകാരികമായ നിമിഷമാണ്. ഒരുപാടു നന്ദിയുള്ള നിമിഷം കൂടിയാണിത്.’’– പ്രിയങ്ക് പാഞ്ചൽ സമൂഹമാധ്യമത്തിൽ കുറിച്ചു.
English Summary:








English (US) ·