Published: April 29 , 2025 09:39 PM IST Updated: April 29, 2025 11:38 PM IST
1 minute Read
ന്യൂഡൽഹി ∙ ഫാഫ് ഡുപ്ലേസി, അക്ഷർ പട്ടേൽ, വിപ്രജ് നിഗം എന്നിവരൊഴികെയുള്ളവർ ചെറുത്തുനിൽപ്പിന് ശ്രമിക്കാതെ കീഴടങ്ങിയപ്പോൾ ഡൽഹിയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് 14 റൺസ് ജയം. സ്കോർ: കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസ്. ഡൽഹി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസ്.
205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഡൽഹിക്ക് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ അഭിഷേക് പോറലിനെ (4 റൺസ്) നഷ്ടമായി. വൈകാതെ 15 റൺസെടുത്ത് കരുൺ നായരും ഏഴു റൺസുമായി കെ.എൽ. രാഹുലും മടങ്ങി. 6.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിൽ പരുങ്ങിയ ഡൽഹിക്ക് പ്രതീക്ഷ നൽകിയത് ഫാഫ് ഡുപ്ലേസി – അക്ഷർ പട്ടേൽ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്. 42 പന്തിൽ 76 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അക്ഷർ പട്ടേൽ (43 റൺസ്) മടങ്ങിയത്. ഫാഫ് ഡുപ്ലേസി 62 റൺസെടുത്തു പുറത്തായി.
തുടർന്നു വന്നവരിൽ 38 റൺസെടുത്ത വിപ്രജ് നിഗം മാത്രമാണ് ചെറുത്തുനിൽപ് നടത്തിയത്. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിൽ ഡൽഹിയുടെ ഇന്നിങ്സ് അവസാനിച്ചു. സുനിൽ നരെയ്ൻ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി രണ്ടു വിക്കറ്റും അനുകുൽ റോയ്, വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ, മുൻനിര ബാറ്റർമാരുടെ മികവിലാണ് കൊൽക്കത്ത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തത്. 32 പന്തിൽ 44 റൺസെടുത്ത അംഗ്ക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
അംഗ്ക്രിഷിനൊപ്പം റിങ്കു സിങ് (36 റൺസ്), റഹ്മാനുല്ല ഗുർബാസ് (26), സുനിൽ നരെയ്ൻ (27), അജിൻക്യ രഹാനെ (26), ആന്ദ്രെ റസ്സൽ (17) എന്നിവരുടെ പ്രകടനമാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. വെങ്കടേഷ് അയ്യർ (7), റൂവ്മൻ പവൽ (5), അനുകുൽ റോയ് (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഒരു റൺസോടെ വരുൺ ചക്രവർത്തിയും റണ്ണൊന്നുമെടുക്കാതെ ഹർഷിത് റാണയും പുറത്താകാതെ നിന്നു.
റിങ്കു സിങ് – അംഗ്ക്രിഷ് രഘുവംശി കൂട്ടുകെട്ട് 61 റൺസും സുനിൽ നരെയ്ൻ – റഹ്മാനുല്ല ഗുർബാസ് കൂട്ടുകെട്ട് 48 റൺസുമെടുത്തു. ഡൽഹിയ്‌ക്കു വേണ്ടി മിച്ചൽ സ്റ്റാർക് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ, വിപ്രജ് നിഗം എന്നിവർ രണ്ടു വിക്കറ്റും ദുഷ്മന്താ ചമീര ഒരു വിക്കറ്റും നേടി.
English Summary:








English (US) ·