29 April 2025, 04:07 PM IST

രോഹിത് ബസ്ഫോർ | Photo: x.com/AICWAOfficial
സൂപ്പര്‍ഹിറ്റ് വെബ് സീരീസ് ഫാമിലി മാന്റെ മൂന്നാം സീസണിലെ അഭിനേതാവ് രോഹിത് ബസ്‌ഫോറിനെ വെള്ളച്ചാട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ഗുവാഹത്തിയിലുള്ള ഗര്‍ഭംഗ വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് രോഹിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു രോഹിതെന്ന് പോലീസ് പറഞ്ഞു. രോഹിതിന് പുറമെ ഒമ്പത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാഴ്ചകള്‍ കാണുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് രോഹിത് വീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.
നാല് മണിയോടെയാണ് അപകടമുണ്ടായതായി പോലീസിന് വിവരം ലഭിക്കുന്നത്. നാലരയോടെ പോലീസ് സംഭവസ്ഥലത്തെത്തി. സംസ്ഥാന ദുരന്ത പ്രതികരണ സേനയാണ് (എസ്ഡിആര്‍എഫ്) ആറരയോടെ മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്. നിലവില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. രോഹിതിന്റെ മരണത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം നടന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു.
Content Highlights: Family Man 3 Actor Rohit Basfore Found Dead Near Guwahati Waterfall
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·