Published: July 04 , 2025 09:04 AM IST
1 minute Read
ബാതുമി(ജോർജിയ)∙ ഫിഡെ ലോക കെഡറ്റ്സ് കപ്പിൽ മലയാളി താരം ദിവി ബിജേഷിനു സ്വർണം. ഗേൾസ് അണ്ടർ 10 വിഭാഗത്തിലാണ് ദിവി സ്വർണം നേടിയത്. ചാംപ്യൻഷിപ്പിൽ ഇന്ത്യ മൂന്നു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും നേടി. ദിവിക്കു പുറമെ, സർബാർതോ മണി (ഓപ്പൺ അണ്ടർ 10), പ്രതിതി ബൊർദലോയ് (ഗേൾസ് അണ്ടർ 12) എന്നിവരാണ് സ്വർണം നേടിയത്. ഓപ്പൺ അണ്ടർ 10 വിഭാഗത്തിൽ ഒയിഷ്ക് മൊണ്ഡലും ഗേൾസ് അണ്ടർ 12ൽ ആദ്യ ദൗഡയും വെള്ളി നേടി.
ഓപ്പൺ അണ്ടർ 10 വിഭാഗത്തിൽ ആരിത് കപിലും ഗേൾസ് അണ്ടർ 10ൽ എ.എസ്.ശ്രാവണികയുമാണ് വെങ്കലം നേടിയത്. വെങ്കലം നേടിയ ആരിത് കപിൽ കഴിഞ്ഞദിവസം ഓൺലൈൻ ബ്ലിറ്റ്സ് മത്സരത്തിൽ ലോക ഒന്നാംനമ്പർ താരം മാഗ്നസ് കാൾസനെ സമനിലയിൽ തളച്ചിരുന്നു.
രണ്ടു ഘട്ടങ്ങളിലായി നടന്ന 9 റൗണ്ട് മത്സരത്തിൽ ഒറ്റ റൗണ്ടും തോൽക്കാതെയാണ് ദിവിയുടെ നേട്ടം. അവസാന റൗണ്ടിൽ ചൈനയുടെ ചെൻ സിനാനെതിരെയായിരുന്നു ദിവിയുടെ വിജയം. സെപ്റ്റംബറിൽ കസഖ്സ്ഥാനിൽ നടക്കുന്ന ലോക കെഡറ്റ് ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
ഈ വർഷം ദിവിയുടെ രണ്ടാമത്തെ ലോക കിരീടമാണിത് - ഏപ്രിലിൽ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്കുള്ള വേൾഡ് റാപ്പിഡ് ചെസ് കിരീടം നേടിയിരുന്നു. കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. എസ്.ബിജേഷിന്റെയും ബി.എസ്.പ്രഭയുടെയും മകൾ. സഹോദരൻ, പത്താം ക്ലാസുകാരൻ ദേവനാഥ് ബിജേഷും ദേശീയ ചെസ് ചാംപ്യനാണ്.
English Summary:








English (US) ·