മുന്‍ ലോക ചെസ് ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന്റെ വിവാദ 'ജീന്‍സ്' ലേലത്തില്‍ പോയത് 31 ലക്ഷത്തോളം രൂപയ്ക്ക്. ഇക്കഴിഞ്ഞ ഡിസംബറില്‍ ന്യൂയോര്‍ക്കില്‍ നടന്ന ലോക റാപിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് വസ്ത്രധാരണച്ചട്ടം ലംഘിച്ചതിന് കാള്‍സനെ പുറത്താക്കാന്‍ കാരണമായ ജീന്‍സാണിത്. ഇ-ബേയിലൂടെ കാള്‍സന്‍ തന്നെയാണ് ജീന്‍സ് ലേലത്തില്‍വെച്ചത്. 22 പേരോളം ലേലത്തില്‍ പങ്കെടുത്തു.
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ കോര്‍ണേലിയാനിയുടെ റെഗുലര്‍ ഫിറ്റ് ജീന്‍സാണിത്. വിപണിയില്‍ 25,000 മുതല്‍ 50,000 വരെയാണ് ഇതിന്റെ വില. മത്സരത്തിനു ശേഷം അലക്കുകപോലും ചെയ്യാതിരുന്ന ജീന്‍സ് ഫെബ്രുവരിയിലാണ് ഇ-ബേയില്‍ ലേലത്തിനുവെച്ചത്. ലേലത്തിലൂടെ ലഭിക്കുന്ന തുക കുട്ടികള്‍ക്കായുള്ള ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ബിഗ് ബ്രദേഴ്‌സ്, ബിഗ് സിസ്റ്റേഴ്‌സ്' എന്ന സംഘടനയ്ക്ക് നല്‍കുമെന്ന് കാള്‍സന്‍ അറിയിച്ചു. താരത്തിന്റെ ഈ പ്രവൃത്തിക്ക് സംഘടനയുടെ സി.ഇ.ഒ ആര്‍ട്ടിസ് സ്റ്റീവന്‍സ് നന്ദി പറയുകയും ചെയ്തു. ലേലം അവസാനിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പുവരെ 12.3 ലക്ഷം രൂപവരെയായിരുന്ന ലേലത്തുക. അവസാന മണിക്കൂറികളില്‍ വാശിയേറിയ ലേലത്തെ തുടര്‍ന്ന് വില കുതിച്ചുയരുകയായിരുന്നു.
നേരത്തേ, വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാല്‍ ഒരു കളിയില്‍ വിലക്ക് ലഭിച്ചതിനെത്തുടര്‍ന്ന് കാള്‍സന്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം ജീന്‍സ് ധരിച്ചെത്തിയ കാള്‍സന് 200 ഡോളര്‍ പിഴയിടുകയും ടൂര്‍ണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ചീഫ് ആര്‍ബിറ്റര്‍ അലക്‌സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, അടുത്ത ദിവസം മുതല്‍ വസ്ത്രധാരണച്ചട്ടം പാലിക്കാമെന്നായി കാള്‍സന്‍. സംഘാടകര്‍ പക്ഷേ, ഒരാള്‍ക്കു മാത്രമായി ചട്ടം മാറ്റാനാകില്ലെന്ന് നിലപാടെടുത്തു. ഇതോടെയാണ് എട്ടു റൗണ്ടുകള്‍ പിന്നിട്ട് ഒമ്പതാം റൗണ്ടില്‍നിന്ന് കാള്‍സനെ ഒഴിവാക്കിയത്. ഇതേത്തുടര്‍ന്നായിരുന്നു താരം ചാമ്പ്യന്‍ഷില്‍ നിന്ന് പിന്മാറിയത്.
സാധാരണ വസ്ത്രങ്ങളായ ടീ ഷര്‍ട്ട്, ജീന്‍സ് തുടങ്ങിയ വസ്ത്രങ്ങള്‍ ചെസ് ചാമ്പ്യന്‍ഷിപ്പുകളില്‍ ധരിക്കാന്‍ പാടില്ലെന്നാണ് ഫിഡെയുടെ നിര്‍ദേശം. പുരുഷ താരങ്ങള്‍ക്ക് സ്യൂട്ട്, ഷര്‍ട്ട്, പോളോ ടീഷര്‍ട്ട്, ഷൂ, ജാക്കറ്റ്, വെസ്റ്റ്, സ്വെറ്റര്‍ എന്നിവ ധരിക്കാന്‍ അനുവാദമുണ്ട്. വനിതകള്‍ക്ക് ഇത്തരം വസ്ത്രങ്ങള്‍ക്കു പുറമെ ആഭരണങ്ങള്‍ ധരിക്കാനും അനുമതിയുണ്ട്.
Content Highlights: Magnus Carlsen`s jeans, banned from a chess championship, fetched $37,000 astatine auction








English (US) ·