16 April 2025, 06:18 PM IST

Photo: Screengrab/ x.com/nnis_sports/
ഫിനിഷിങ് ലൈന്‍ കടക്കും മുമ്പേ ആഘോഷത്തിന് മുതിരരുതെന്ന് അത്‌ലറ്റുകളോട് പരിശീലകരടക്കം പറയാറുള്ളതാണ്. അത്തരത്തില്‍ ഒരു മൈക്രോ സെക്കന്‍ഡ് മാത്രം നീണ്ടുനിന്ന അബദ്ധം ഇന്ത്യന്‍ താരത്തിന് നഷ്ടമാക്കിയത് സ്വര്‍ണ മെഡലാണ്. സൗദി അറേബ്യയില്‍ നടന്ന അണ്ടര്‍ 18 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ റേസ്വാക്ക് ഫൈനലില്‍ ഇന്ത്യയുടെ നിതിന്‍ ഗുപ്തയ്ക്കാണ് ഇത്തരത്തില്‍ സെക്കന്‍ഡില്‍ ഒരംശത്തിന്റെ വ്യത്യാസത്തില്‍ സ്വര്‍ണ മെഡല്‍ നഷ്ടമായത്.
റേസ്‌വാക്ക് ഫൈനലില്‍ അവസാന 50 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇന്ത്യന്‍ താരത്തിന്റെ അബദ്ധം. അവസാന 50 മീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മുന്നിലുണ്ടായിരുന്ന താരത്തെ മറികടക്കാനായതിന്റെ ആവേശത്തിലാണ് ഉത്തര്‍ പ്രദേശുകാരനായ നിതിന്‍ ആഘോഷത്തിന് മുതിര്‍ന്നത്. എന്നാല്‍ ചൈനയുടെ സു നിങ്ഹാവോ, നിതിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു. അവസാന സ്‌ട്രെച്ചിലെ മൈക്രോ സെക്കന്‍ഡുകള്‍ നീണ്ട നിതിന്റെ ആഘോഷത്തിനു പിന്നാലെ സു നിങ്ഹാവോ താരത്തെ മറികടന്ന് മുന്നിലെത്തി ഫിനിഷിങ് ലൈനും കടന്നു. സ്വര്‍ണം ഉറപ്പായിരുന്ന നിതിന് ഇതോടെ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
20:21.50 സെക്കന്‍ഡിലായിരുന്നു നിങ്ഹാവോ ഫിനിഷ് ചെയ്തത്. 20:21.51 സെക്കന്‍ഡിലായിരുന്നു നിതിന്റെ ഫിനിഷ്. ഇത്തവണത്തെ അണ്ടര്‍ 18 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലായിരുന്നു നിതിന്റെ വെള്ളി. അണ്ടര്‍ 20 വിഭാഗത്തില്‍ 5,000 മീറ്റര്‍ റേസ്വാക്കില്‍ നിലവിലെ ലോക റെക്കോഡ് നിതിന്‍ ഗുപ്തയുടെ പേരിലാണ്. ബിഹാറിലെ പട്‌നയില്‍ നടന്ന ദേശീയ യൂത്ത് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 19:24.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 17-കാരനായ നിതിന്‍ നേട്ടം സ്വന്തമാക്കിയത്.
Content Highlights: https://indianexpress.com/article/sports/sport-others/watch-indian-athlete-loses-gold-due-to-early-c








English (US) ·