Published: August 19, 2025 09:34 AM IST
1 minute Read
-
ശുഭ്മൻ ഗില്ലിനായി വാദിച്ച് ഗംഭീർ; പിന്തുണച്ച് അഗാർക്കർ
ന്യൂഡൽഹി∙ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെ, ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ തള്ളാനും കൊള്ളാനും വയ്യാതെ സിലക്ടർമാർ. നിലവിലെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹെർണിയ ശസ്ത്രക്രിയയ്ക്കു ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തിയതോടെ ഗില്ലിനെ ഏഷ്യാ കപ്പ് സ്ക്വാഡിലേക്കു പരിഗണിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു സിലക്ടർമാർ.
എന്നാൽ, അവസാന നിമിഷം ഗില്ലിനായി പരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദം ചെലുത്തുന്നതായാണ് വിവരം. ഗംഭീറിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുന്ന ചീഫ് സിലക്ടർ അജിത് അഗാർക്കറിനും ഗില്ലിനോടു താൽപര്യമുണ്ട്. ഈ സാഹചര്യത്തിൽ ഇന്നു മുംബൈയിൽ ചേരുന്ന സിലക്‌ഷൻ കമ്മിറ്റി യോഗത്തിൽ ഗില്ലിനെ ഉൾപ്പെടുത്തുന്നതാകും പ്രധാന ചർച്ചാവിഷയം. സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിലാണ് ഏഷ്യാ കപ്പ്.
എന്തുകൊണ്ട് ഗിൽ?സീനിയർ താരങ്ങളെ തഴഞ്ഞ് ശുഭ്മൻ ഗില്ലിനെ ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിക്കാനുള്ള പ്രധാന കാരണം പരിശീലകൻ ഗംഭീറായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ മിന്നും പ്രകടനത്തോടെ ഗംഭീറിന്റെ തീരുമാനം ശരിയാണെന്നു ഗിൽ തെളിയിച്ചു.
ഇതോടെയാണ് ഏഷ്യാ കപ്പിലും ഗംഭീർ ഗില്ലിനായി രംഗത്തെത്തിയത്. ഭാവിയിൽ ഇന്ത്യയുടെ ഓൾ ഫോർമാറ്റ് ക്യാപ്റ്റനായി ഗില്ലിനെ രൂപപ്പെടുത്താനുള്ള ഗംഭീറിന്റെ താൽപര്യമാണ് ഇതിനു പിന്നിലെന്നും പറയപ്പെടുന്നു. ഗംഭീറിന്റെ ആവശ്യത്തിനു സിലക്ടർമാർ വഴങ്ങിയാൽ മധ്യനിര താരം റിങ്കു സിങ്ങിനു പകരം ഗിൽ ടീമിലെത്തും. ഐപിഎലിൽ നിറംമങ്ങിയ റിങ്കുവിനെ തഴയുന്നതിൽ കാര്യമായ പരാതി ഉയരാനും സാധ്യതയില്ല.
ശ്രേയസ് വരുമോ?
കഴിഞ്ഞ ഐപിഎൽ സീസണിൽ ക്യാപ്റ്റനായും ബാറ്ററായും തിളങ്ങിയ ശ്രേയസ് അയ്യരെ ടീമിൽ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം തുടരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മൂന്നാം നമ്പറിൽ തിലക് വർമയ്ക്കു പകരമാകും ശ്രേയസിന് അവസരം ലഭിക്കുക. നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളിക്കും. അഞ്ചാം നമ്പറിൽ റിങ്കു സിങ്ങോ ശുഭ്മൻ ഗില്ലോ വന്നേക്കും. ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവരാകും 6,7 സ്ഥാനങ്ങളിൽ.
ബുമ്ര വന്നേക്കും
ജോലിഭാരം ക്രമീകരിക്കുന്നതിനായി പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ഏഷ്യാ കപ്പിൽ വിശ്രമം അനുവദിക്കണമെന്ന് ആവശ്യം സിലക്ടർമാർ തള്ളിയതായാണ് വിവരം. ഇതോടെ പേസ് നിരയെ ബുമ്ര തന്നെ നയിക്കും. രണ്ടാം പേസറായി അർഷ്ദീപ് സിങ്ങിനാണ് സാധ്യത. ഹാർദിക് പാണ്ഡ്യ ടീമിൽ ഉള്ളതിനാൽ മൂന്നാം പേസർക്ക് അവസരം ലഭിച്ചേക്കില്ല. സ്പിന്നർമാരായി വരുൺ ചക്രവർത്തിക്കൊപ്പം കുൽദീപ് യാദവിനും അവസരം ലഭിച്ചേക്കും.
English Summary:








English (US) ·