മയാമി (യുഎസ്) ∙ ഭൂതകാലവും വർത്തമാനകാലവും നേർക്കുനേർ! ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജർമയ്നും (പിഎസ്ജി) യുഎസ് ക്ലബ് ഇന്റർ മയാമിയും തമ്മിലുള്ള മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ജേതാക്കളായ പിഎസ്ജിയുടെ പരിശീലകൻ ലൂയി എൻറിക്വെയാണ് ഈ കളിയിലെ നായകൻ.
സ്പെയിൻകാരനായ എൻറിക്വെ, ലാ ലിഗ ക്ലബ് ബാർസിലോനയുടെ പരിശീലകനായിരുന്ന കാലത്ത് ടീമിന്റെ നെടുംതൂണായിരുന്ന നാലുപേരാണ് ഇന്നു മയാമി ടീമിലെ പ്രധാനികൾ. ലയണൽ മെസ്സി, ലൂയി സ്വാരെസ്, ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ് എന്നിവർ. ഇന്റർ മയാമി കോച്ച് ഹവിയർ മസ്കരാനോയും ഇക്കാലത്ത് ബാർസിലോന ടീമംഗമായിരുന്നു. ‘ആശാനും ശിഷ്യന്മാരും’ തമ്മിലുള്ള കൂടിക്കാഴ്ച എന്ന നിലയിൽ ശ്രദ്ധേയമായിക്കഴിഞ്ഞു ഇന്നത്തെ മത്സരം. കിക്കോഫ് ഇന്ത്യൻ സമയം ഇന്നു രാത്രി 9.30ന്. മറ്റൊരു മത്സരത്തിൽ തിങ്കൾ പുലർച്ചെ 1.30ന് ബ്രസീൽ ക്ലബ് ഫ്ലമൻഗോ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനെയും നേരിടും.
ചരിത്രം വർത്തമാനം പറയട്ടെ!
‘‘എൻറിക്വയെ കാണുമ്പോൾതന്നെ ഞാൻ കെട്ടിപ്പിടിക്കും. അദ്ദേഹത്തെ അടുത്തുകണ്ടിട്ടു കുറച്ചുനാളായി. പക്ഷേ, കളി തുടങ്ങിയാൽ ഞങ്ങൾ അദ്ദേഹത്തെ തോൽപിക്കാൻ എല്ലാ വിധത്തിലും ശ്രമിക്കും. പോരാട്ടവീര്യമുള്ള ഡിഎൻഎ ആണ് എന്റേത്. അതിൽ കുറച്ചു കൂടി വീര്യം കുത്തിവച്ചയാളാണ് എൻറിക്വെ’’– മത്സരത്തലേന്നു ലൂയി സ്വാരെസ് മാധ്യമങ്ങളോടു പറഞ്ഞു. ഇന്റർ മയാമിയിൽ മെസ്സിക്കൊപ്പം മുന്നേറ്റനിരയിൽ ഇറങ്ങുന്ന സ്വാരെസിന്റെ ക്ലബ് കരിയറിലെ സുവർണകാലം എൻറിക്വയ്ക്ക് ഒപ്പം ബാർസിലോനയിലായിരുന്നു. ‘ലൂയി എൻറിക്വെ ഒരു പ്രതിഭാസമാണ്’ എന്നായിരുന്നു കഴിഞ്ഞ ദിവസം ജോർഡി ആൽബയുടെ പ്രതികരണം.
എൻറിക്വെയ്ക്കു പുറമേ പിഎസ്ജിക്കുമുണ്ട് ചില ഓർമകൾ. 2017 ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാർസിലോന 6–1നു പിഎസ്ജിയെ മുട്ടുകുത്തിച്ച മത്സരത്തിലെ പ്രധാനികളെല്ലാം ഇപ്പോൾ മയാമി നിരയിലുണ്ട്. ആദ്യപാദത്തിൽ 4–0ന് ബാർസയെ കീഴടക്കിയ പിഎസ്ജി പ്രതീക്ഷയോടെയാണ് നൂകാംപിൽ ബാർസയുടെ ഗ്രൗണ്ടിൽ രണ്ടാം പാദത്തിനെത്തിയത്. എന്നാൽ, അവിടെ 6–1ന് ഫ്രഞ്ച് ക്ലബ്ബിനെ മുട്ടുകുത്തിച്ച് ബാർസിലോന ക്വാർട്ടറിലേക്കു മുന്നേറി. ആ മത്സരത്തിൽ ഗോളടിച്ചവരുടെ പട്ടികയിൽ മെസ്സിയും സ്വാരെസുമുണ്ട്.
പിഎസ്ജിക്ക് പ്രതീക്ഷ
തുടർച്ചയായി പൊലിഞ്ഞു കൊണ്ടിരുന്ന ചാംപ്യൻസ് ലീഗ് മോഹങ്ങളാണ് എൻറിക്വെയുടെ കീഴിൽ ഇത്തവണ പിഎസ്ജി യാഥാർഥ്യമാക്കിയത്. ബ്രാഡ്‌ലി ബാർകോള, ഡിസയർ ഡുവേ, വിറ്റിഞ്ഞ തുടങ്ങിയവരിലൂടെ ലൂയി എൻറിക്വെ ടീമിലേക്കു കുത്തിവച്ച നവോർജമാണിപ്പോൾ പിഎസ്ജിയുടെ കരുത്ത്. എന്നാൽ, ഗ്രൂപ്പ് റൗണ്ടിൽ ബ്രസീൽ ക്ലബ് ബൊട്ടഫാഗോയോട് 1–0 തോൽവി വഴങ്ങിയതു പിഎസ്ജി ആരാധകർക്കു ഞെട്ടലായി. തിരക്കുപിടിച്ച യൂറോപ്യൻ സീസൺ താരങ്ങളെ തളർത്തിയതു കാരണമാകാം ഈ തോൽവിയെന്നാണു വിലയിരുത്തൽ. എന്നാൽ, ഇന്റർ മയാമിയുടെ വെറ്ററൻ പടയുമായി താരതമ്യം ചെയ്യുമ്പോൾ കടലാസിലെ കരുത്തിലെങ്കിലും ഏറെ മുന്നിലാണ് പിഎസ്ജി.
English Summary:








English (US) ·