02 July 2025, 07:34 AM IST

Photo: AP
ഫ്‌ളോറിഡ: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനെ വീഴ്ത്തി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പാനിഷ് ടീമിന്റെ ജയം. 54-ാം മിനിറ്റില്‍ ഹെഡറിലൂടെ ഗോണ്‍സാലോ ഗാര്‍സിയയാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ യുവന്റസ് പിന്നീട് നിറംമങ്ങി. തുടര്‍ന്ന് റയല്‍ ആധിപത്യം പുലര്‍ത്തി. വിങ്ങിലൂടെ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ വിനീഷ്യസ് ജൂനിയര്‍ റയലിന് മികച്ച ഗോളവസരങ്ങള്‍ ഒരുക്കിയെങ്കിലും പലപ്പോഴും യുവന്റസ് ഗോള്‍കീപ്പര്‍ മൈക്കല്‍ ഡി ഗ്രെഗോറിയോയുടെ എണ്ണം പറഞ്ഞ സേവുകള്‍ തിരിച്ചടിയായി. ഗ്രെഗോറിയോയുടെ മികച്ച പ്രകടനമാണ് യുവന്റസിന്റെ തോല്‍വി ഭാരം കുറച്ചത്.
54-ാം മിനിറ്റില്‍ വിങ്ങിലൂടെയുള്ള വിനീഷ്യസിന്റെ മുന്നേറ്റത്തിനൊടുവില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് നല്‍കിയ ക്രോസ് വലയിലാക്കിയാണ് ഗോണ്‍സാലോ ഗാര്‍സിയ റയലിന്റെ ജയം ഉറപ്പാക്കിയത്. രണ്ടാം പകുതിയില്‍ റയലിനായി കിലിയന്‍ എംബാപ്പെ പകരക്കാരനായി ഇറങ്ങി. പരിക്ക് കാരണം ഗ്രൂപ്പ് ഘട്ടം എംബാപ്പെയ്ക്ക് നഷ്ടമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് - മോണ്ടെറി മത്സരത്തിലെ വിജയികളാകും റയലിന്റെ എതിരാളികള്‍.
Content Highlights: Real Madrid defeats Juventus 1-0 successful the FIFA Club World Cup, advancing to the quarterfinals








English (US) ·