Published: August 28, 2025 05:22 PM IST Updated: August 28, 2025 05:34 PM IST
1 minute Read
മുംബൈ∙ അടുത്തൊന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള ഒരുക്കമാണെന്നും വിരമിക്കൽ ആലോചനയിൽ ഇല്ലെന്നും ഷമി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. കഴിഞ്ഞ വർഷം നടന്ന ചാംപ്യൻസ് ട്രോഫിയിലാണ് ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. 2027 ഏകദിന ലോകകപ്പ് ഇന്ത്യയ്ക്കൊപ്പം വിജയിക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്നും ഷമി വ്യക്തമാക്കി.
‘‘ആര്‍ക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോടു പറയുക. ഞാൻ വിരമിച്ചാൽ അവരുടെ ജീവിതം മെച്ചപ്പെടുമെങ്കിൽ അത് അറിയിക്കുക. ഞാൻ കളിക്കുന്നതുകൊണ്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്? എനിക്ക് മടുക്കുമ്പോൾ ഞാൻ തന്നെ നിർത്തിപ്പോകും. രാജ്യാന്തര ക്രിക്കറ്റില്‍ എന്നെ കളിപ്പിച്ചില്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറാണ്. അതുമില്ലെങ്കിൽ ഞാൻ മറ്റെവിടെയെങ്കിലും കളിക്കും. എന്റെ കാര്യത്തിൽ എന്തായാലും വിരമിക്കാൻ സമയമായിട്ടില്ല.’’
‘‘ഒരു സ്വപ്നം മാത്രമാണ് എനിക്ക് ഇനി ബാക്കിയുള്ളത്. അടുത്ത ഏകദിന ലോകകപ്പ് വിജയിക്കണം. ഞാൻ കളിക്കുന്ന ടീമിനൊപ്പം ലോകകപ്പ് ഇന്ത്യയ്ക്കായി സ്വന്തമാക്കണം. 2023 ൽ ഞങ്ങൾ അതിന് അടുത്തെത്തിയതാണ്. ലോകകപ്പ് ജയിക്കുകയെന്നതു ഞങ്ങളുടെ വലിയ സ്വപ്നമായിരുന്നു. എന്നാൽ എനിക്കു ഭാഗ്യമില്ലായിരിക്കാം. കഴിഞ്ഞ രണ്ടു മാസത്തോളമായി ഞാൻ നന്നായി കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാം നന്നായി പോകുന്നുണ്ട്. നീളമേറിയ സ്പെല്ലുകൾ പന്തെറിയാനുള്ള തയാറെടുപ്പിലാണ്.’’
‘‘ടീം സിലക്ഷനു വേണ്ടി സിലക്ടർമാർ എന്നോടു സംസാരിച്ചെന്നോ, ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. ഫിറ്റാണെങ്കിൽ മാത്രം എന്നെ ടീമിലെടുത്താൽ മതി. അല്ലെങ്കിൽ പുറത്തിരുന്നോളാം. ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ എന്റെ കഴിവിന്റെ പരമാവധി ചെയ്യും.’’– – ഷമി പ്രതികരിച്ചു. 34 വയസ്സുകാരനായ ഷമി കാലിനു പരുക്കേറ്റ് വിശ്രമത്തിലായിരുന്നു.
English Summary:








English (US) ·