ഫിലിം ചേംബർ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് സാന്ദ്ര; എന്തെല്ലാം ചീപ്പ് ഷോ ആയിരുന്നെന്ന് ലിസ്റ്റിൻ

5 months ago 5

sandra thomas listin stephan

സാന്ദ്രാ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ | Photo: Facebook/ Sandra Thomas, Listin Stephen

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് നടി സാന്ദ്രാ തോമസ്. കോടതി വിധി ബഹുമാനിക്കുന്നു. എന്നാല്‍, നിരാശയും വേദനയുമുണ്ടെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു.

'പലരും വഴിപാടും നേര്‍ച്ചയും പ്രാര്‍ഥനയും നടത്തിയിരിക്കുകയായിരുന്നുവെന്ന് എനിക്കറിയാം. കള്ള തെളിവാണ് ഹാജരാക്കിയത്. വിധി തിരിച്ചടിയായി കാണുന്നില്ല. എന്റെ ശരികള്‍ക്കുവേണ്ടിയാണ് ഞാന്‍ പോരാടുന്നത്. നിയമപരമായി അടുത്ത നടപടിയിലേക്ക് പോവും. കോടതി വിധിയെ ബഹുമാനിക്കുന്നു, നിരാശയും വേദനയുമുണ്ട്. നാമനിര്‍ദേശപത്രിക തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിധി വന്നിട്ടില്ല'- സാന്ദ്രാ തോമസ് പറഞ്ഞു.

27-ന് നടക്കുന്ന ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു. സെക്രട്ടറി, അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാവും മത്സരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.

'അഭിനേതാക്കള്‍ക്കെതിരേ സംസാരിക്കുന്നതുപോലെയല്ല നിര്‍മാതാക്കള്‍ക്കെതിരേ സംസാരിക്കുന്നത്. അവരാണ് ജോലി കൊടുക്കേണ്ടത്. മറ്റ് ഇന്‍ഡസ്ട്രികള്‍ പോലെയല്ല സിനിമാ മേഖല. ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. പണംകൊണ്ടും രാഷ്ട്രീയസ്വാധീനംകൊണ്ടും ഉന്നതരായ ആളുകള്‍ക്കെതിരേയാണ് പോരാട്ടം. അതിനാല്‍ പിന്തുണ പ്രതീക്ഷിക്കുകയേ ചെയ്യരുതായിരുന്നു'- സാന്ദ്രാ തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാന്ദ്രാ തോമസിന്റെ ഹര്‍ജിയില്‍ തങ്ങള്‍ പ്രതീക്ഷിച്ച വിധിയാണ് കോടതിയില്‍നിന്നുണ്ടായതെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പറഞ്ഞു. ബൈലോ പ്രകാരമാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നീക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കെതിരേ പരാതി. പിന്നീട് അസോസിയേഷനെതിരേ പരാതി. വരണാധികാരിക്കെതിരേ പരാതി. ബൈലോയ്‌ക്കെതിരേ പരാതി. ഇനി കോടതിയും തെറ്റാണെന്ന് പറയുമോ എന്നറിയില്ല. എന്തെല്ലാം ചീപ്പ് ഷോകളാണ് കാണിച്ചുകൊണ്ടിരുന്നത്'- ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രതികരിച്ചു.

Content Highlights: Sandra Thomas reacts to the dismissal of her petition regarding the KFPA elections

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article