
ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയുടെ പോസ്റ്റർ | ഫോട്ടോ: Facebook
ഫീൽ ഗുഡ് ചിത്രങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല മലയാളത്തിൽ. സിനിമയ്ക്കുള്ളിലെ സിനിമയും വിവിധ ഭാഷകളിലായി നാം കണ്ട ജോണറാണ്. എന്നാൽ ഇതുരണ്ടും സമന്വയിപ്പിച്ചുള്ള വെള്ളിത്തിരയിലെ കാഴ്ചയാണ് നവാഗതനായ റിനോയ് കല്ലൂർ സംവിധാനംചെയ്ത ഒരു റൊണാൾഡോ ചിത്രം. അശ്വിൻ ജോസ് നായകനാവുന്ന ചിത്രത്തിൽ ചൈതന്യാ പ്രകാശാണ് നായിക. ഫുൾഫിൽ സിനിമാസാണ് ഈ കൊച്ചുചിത്രം നിർമിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ റൊണാൾഡോ എന്ന സിനിമ സ്വപ്നം കാണുന്ന ചെറുപ്പക്കാരന്റെ കഥയാണ് 'ഒരു റൊണാൾഡോ ചിത്രം'. റൊണാള്‍ഡോ എന്ന ഒരു യുവ ഫിലിം മേക്കറുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. ഒരു ഫീച്ചർ സിനിമയൊരുക്കുക എന്ന സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയിലാണ് ഒട്ടേറെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള റൊണാള്‍ഡോ. അതിനായി ഒരു നിർമ്മാതാവിനെ തേടി നടക്കുന്ന അയാളുടെ ജീവിതത്തിലേക്ക് പി.കെ അരവിന്ദൻ എന്ന ബിസിനസുകാരൻ എത്തുന്നതാണ് ചിത്രത്തിലെ വഴിത്തിരിവ്. സ്നേഹം, സൗഹൃദം, പ്രതികാരം, കുടുംബബന്ധങ്ങള്‍, മാനുഷിക വികാരങ്ങൾ തുടങ്ങി ഒട്ടേറെ തലങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമ എന്ന് കേൾക്കുമ്പോൾ പൊതുവേ എല്ലാവരുടേയും മനസിലേക്ക് വരുന്ന ചിത്രം ഷൂട്ടിങ് ലൊക്കേഷനിൽ നടക്കുന്ന സംഭവവികാസങ്ങളായിരിക്കും. സംവിധായകനും മറ്റ് അണിയറപ്രവർത്തകരും, താരങ്ങളുടെ അതിഥി വേഷങ്ങളുമെല്ലാം അതിലുൾപ്പെടുന്നു. എന്നാൽ ഇവിടെ ആ പതിവിൽനിന്ന് ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട് സംവിധായകൻ റിനോയ് കല്ലൂർ. സിനിമയ്ക്കുള്ളിലെ സിനിമയിലേക്ക് പ്രേക്ഷകരെ നേരിട്ട് കൂട്ടിക്കൊണ്ടുപോവുകയാണ് ചിത്രം. അതുവഴി റൊണാൾഡോ എന്ന നായകകഥാപാത്രം സൃഷ്ടിക്കുന്ന സിനിമ കാണാൻ പ്രേക്ഷകരെ ക്ഷണിക്കുകയും ചെയ്യുന്ന മേക്കിങ് ശൈലിയാണ് സംവിധായകൻ അവലംബിച്ചിട്ടുള്ളത്. ആ സിനിമയിലെ കഥാപാത്രങ്ങളിലൂടെയാണ് പിന്നീട് സിനിമ മുന്നോട്ടുപോകുന്നത്. ഇത് മലയാളത്തിൽ അധികമാരും ചെയ്തിട്ടില്ലാത്ത പരീക്ഷണമാണെന്നും പറയാം.
ടൈറ്റിൽ കഥാപാത്രമായ റൊണാൾഡോ ആയെത്തുന്നത് അശ്വിൻ ജോസ് ആണ്. സാധാരണക്കാരനായ യുവ സിനിമാക്കാരന്റെ വേഷം അശ്വിനിൽ ഭദ്രമായിരുന്നു. നിർമാതാവായെത്തിയ ഇന്ദ്രൻസിന്റേതും ഏറെ വ്യത്യസ്തമായ വേഷം തന്നെയായിരുന്നു. ചൈതന്യാ പ്രകാശിന്റെ നായികവേഷവും നന്നായി. ചിത്രത്തിൽ എടുത്തുപറയേണ്ട കഥാപാത്രം മിഥുൻ എം. ദാസിന്റെ ടോമി എന്ന കഥാപാത്രമായിരുന്നു. ജീവിതത്തിൽ രണ്ട് വ്യക്തികൾ തമ്മിലുണ്ടാവുന്ന ചേർച്ചക്കുറവ് എന്ന ആശയം കൃത്യമായി എത്തിക്കാൻ ഈ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ടോമിയുടെ നിസ്സഹായതയും പ്രതികാരവുമെല്ലാം പ്രേക്ഷകനിലേക്കും കൃത്യമായ അളവിൽ എത്തുന്നുണ്ട്.
ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി. മേനോൻ, മേഘനാദൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത, കലാഭവൻ റഹ്മാൻ, തുഷാര പിള്ള, മാസ്റ്റർ ദർശൻ മണികണ്ഠൻ, റീന മരിയ, അർജുൻ ഗോപാൽ, വർഷ സൂസൻ, കുര്യൻ, സുപർണ്ണ എന്നിവരുടെ കഥാപാത്രങ്ങളും ശ്രദ്ധേയമാണ്. ദീപക് രവിയുടെ സംഗീതവിഭാഗവും പി.എം. ഉണ്ണിക്കൃഷ്ണന്റെ ഛായാഗ്രഹണവും റൊണാൾഡോ ചിത്രത്തിന് മിഴിവേകുന്നുണ്ട്.
ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും സിനിമയ്ക്കുള്ളിലെ സിനിമാ ജോണർ ഇഷ്ടപ്പെടുന്നവർക്കും ധൈര്യമായി കാണാവുന്ന ചിത്രമാണ് ഒരു റൊണാൾഡോ ചിത്രം.
Content Highlights: A Ronaldo Chithram is simply a Malayalam feel-good movie astir a young filmmaker`s journey
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·