Published: December 11, 2025 05:18 PM IST Updated: December 11, 2025 05:33 PM IST
1 minute Read
കറാച്ചി∙ ഫുട്ബോൾ മത്സരത്തിനു ശേഷം മൈതാനത്തു നടന്ന അടിപിടി നാണക്കേടായതോടെ അന്വേഷണം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷനും ഒളിംപിക് അസോസിയേഷനും. കറാച്ചിയിലെ കെപിറ്റി സ്പോർട്സ് കോംപ്ലക്സിൽ നടന്ന നാഷനൽ ഗെയിംസ് ഫുട്ബോൾ സെമി ഫൈനൽ മത്സരത്തിനു ശേഷമാണ് കൂട്ടത്തല്ലും അടിപിടിയും അരങ്ങേറിയത്. പാക്കിസ്ഥാൻ ആർമി ടീം ഡബ്ല്യുഎപിഡിഎ ടീമും തമ്മിലായിരുന്നു മത്സരം.
ആർമി ടീം 4–3നാണ് മത്സരത്തിൽ വിജയിച്ചത്. ടീമംഗങ്ങൾ ഡഗൗട്ടിൽ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ ഡബ്ല്യുഎപിഡിഎ ടീമിലെ ചിലർ പ്രകോപിതരായതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതോടെ ഇരു ടീമിലെയും കളിക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. താരങ്ങൾ പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്തപ്പോൾ ചില ഉദ്യോഗസ്ഥരും ഇടയിൽ കയറി ശരിക്കും ‘പെരുമാറി’.
തത്സമയം സംപ്രേഷണം ചെയ്ത മത്സരത്തിനു ശേഷമുള്ള ഈ രംഗങ്ങളും ആളുകൾ ‘ലൈവ്’ ആയി കണ്ടു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെ പാക്കിസ്ഥാൻ കായികമേഖലയ്ക്കാകെ സംഭവം നാണക്കേടായി. ദൃശ്യങ്ങളിൽ ഡബ്ല്യുഎപിഡിഎ ടീമിലെ ചില കളിക്കാർ, മാച്ച് റഫറിയെ ഡ്രസിങ് റൂമിലേക്ക് ഓടിച്ചുകയറ്റി മർദിക്കുന്നതും കാണാം. ആർമി ടീമിന് റഫറി പെനൽറ്റി അനുവദിച്ചതിൽ നേരത്തെ തന്നെ വാക്കുതർക്കമുണ്ടായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദേശീയ ഗെയിംസ്, ഒളിംപിക് അസോസിയേഷന്റെ കീഴിലാണ് വരുന്നതിനാൽ അവരും അന്വേഷിക്കുമെന്നും പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘ഞങ്ങൾ സ്വന്തം തലത്തിൽ അന്വേഷണം നടത്തുകയും സംഘർഷത്തിന് പ്രേരണ നൽകിയതിലും ആരംഭിച്ചതിലും ഉൾപ്പെട്ട കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യും.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.
English Summary:








English (US) ·