കൊൽക്കത്ത∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) നിലവിലെ ചാംപ്യൻമാരാണെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപിൽ ആഭ്യന്തര പ്രശ്നങ്ങൾ തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം ആവർത്തിക്കാനാകാതെ ഉഴറുന്ന കൊൽക്കത്തയ്‌ക്ക്, കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റും ഒരു വിദേശ താരവും തമ്മിലുള്ള പിണക്കവും തിരിച്ചടിയാകുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊൽക്കത്ത ടീമിലെ വിദേശതാരം, മറ്റൊരു ടീമിലെ അതേ രാജ്യക്കാരനായ താരത്തിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളാണ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റുമായുള്ള അഭിപ്രായ ഭിന്നതകൾക്ക് നിദാനമെന്നാണ് സൂചന.
അതിനിടെ, ടീമിന്റെ പ്രകടനം മോശമായതോടെ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പരിശീലക സ്ഥാനത്തിനും ഇളക്കം തട്ടിയതായാണ് റിപ്പോർട്ട്. ഈ സീസണിൽ കൊൽക്കത്ത പ്ലേഓഫിൽ കടക്കാതെ പുറത്തായാൽ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ സ്ഥാനം തെറിക്കുമെന്നാണ് വിവരം. നിലവിൽ ഒൻപതു മത്സരങ്ങളിൽനിന്ന് മൂന്നു ജയവും അഞ്ച് തോൽവിയും പൂർത്തിയാകാതെ പോയ മത്സരത്തിൽനിന്ന് ലഭിച്ച ഒരു പോയിന്റും സഹിതം ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്താണ് കൊൽക്കത്ത.
‘‘ചന്ദ്രകാന്ത് പണ്ഡിറ്റ് ഈ സീസണിലും ചില കളിക്കാരുമായി കടുത്ത അഭിപ്രായ ഭിന്നതയിലാണ്. എതിർ ടീമിലെ താരത്തിനൊപ്പം ഡിന്നറിനു പുറത്തുപോയ വിദേശ താരവുമായി അടുത്തിടെ ചന്ദ്രകാന്ത് പണ്ഡിറ്റിനുണ്ടായ അഭിപ്രായ ഭിന്നത പ്രശ്നങ്ങൾ വഷളാക്കി. ഇരുവരും ദേശീയ ടീമിൽ ഒരുമിച്ചു കളിക്കുന്നവരാണെന്ന വസ്തുത പരിഗണിക്കാതെയാണ് കോച്ച് ഇക്കാര്യത്തിൽ എതിർപ്പ് ഉന്നയിച്ചത്’ – റിപ്പോർട്ടിൽ പറയുന്നു.
2022ൽ ബ്രണ്ടൻ മക്കല്ലം ടീം വിട്ടതിനു പിന്നാലെ എത്തിയ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ പരമ്പരാഗത രീതിയിലുള്ള പരിശീലക ശൈലിയോട് ഒട്ടേറെ താരങ്ങൾക്ക് എതിർപ്പുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ മെന്ററായി ഗൗതം ഗംഭീർ ടീമിനൊപ്പം ഉണ്ടായിരുന്നതിനാലും ടീം കിരീടം ചൂടിയതിനാലും എതിർപ്പ് കാര്യമായി പുറത്തുവന്നിരുന്നില്ല.
2023 സീസണിൽ പരിശീലത്തിന് ഹാഫ് കൈ ജഴ്സി ധരിച്ചെത്താൻ ആവശ്യപ്പെട്ട ദിവസം ഫുൾകൈ ജഴ്സി ധരിച്ചെത്തിയതിന് വരുൺ ചക്രവർത്തിയുടെ ഫുൾസ്ലീവിന്റെ പകുതി ചന്ദ്രകാന്ത് പണ്ഡിറ്റ് കത്രിക ഉപയോഗിച്ച് മുറിച്ചുനീക്കിയതായി മുൻ കൊൽക്കത്ത താരം എൻ.ജഗദീശൻ വെളിപ്പെടുത്തിയിരുന്നു. പണ്ഡിറ്റിന്റെ നിർദ്ദേശത്തെക്കുറിച്ച് അറിയാതെയാണ് വരുൺ അന്ന് ഫുൾസ്ലീവ് ജഴ്സി ധരിച്ചെത്തിയത്. ഇതോടെ വരുണിനെ പരിശീലനത്തിനിടെ ഗ്രൗണ്ടിന്റെ ഒരു വശത്തേക്ക് നീക്കിനിർത്തി ജഴ്സിയുടെ കൈഭാഗം മുറിച്ചുകളയുകയായിരുന്നുവെന്നാണ് ജഗദീശന്റെ വെളിപ്പെടുത്തൽ.
ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ ശൈലി കനത്ത ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതായി കൊൽക്കത്തയ്ക്കായി കളിച്ചിട്ടുള്ള വെറ്ററൻ താരം ഡേവിഡ് വീസും വെളിപ്പെടുത്തിയിരുന്നു. ‘‘വളരെ കാർക്കശ്യക്കാരനായ പരിശീലകനായാണ് ചന്ദ്രകാന്ത് പണ്ഡിറ്റ് ഇന്ത്യയിൽ അറിയപ്പെടുന്നത്. വളരെയധികം അച്ചടക്കം ആവശ്യപ്പെടുന്ന, കർക്കശക്കാരനായ കോച്ചാണ് അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിച്ച് പരിചയമുള്ള വിദേശ താരങ്ങളുള്ള ഒരു ലീഗിൽ, പരിശീലകൻ എപ്പോഴും അടുത്തുവന്ന് എങ്ങനെ പെരുമാറണമെന്നും എന്തു ധരിക്കണം എന്നതിലെല്ലാം അഭിപ്രായം പറയുന്നത് അത്ര നല്ല പ്രതികരണം ഉണ്ടാക്കില്ല. അതുകൊണ്ട് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു’ – ഡേവിഡ് വീസ് വെളിപ്പെടുത്തി.
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശ് പരിശീലകനായിരിക്കെ ചന്ദ്രകാന്ത് പണ്ഡിറ്റ് ചില കളിക്കാരോട് താൽപര്യക്കൂടുതൽ കാണിക്കുന്നതായി നിലവിൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കുന്ന അശുതോഷ് ശർമയും ആരോപിച്ചിരുന്നു. തുടർന്ന് 2024ൽ കൂടുതൽ അവസരങ്ങൾ തേടി അശുതോഷ് ശർമ മധ്യപ്രദേശ് വിട്ട് റെയിൽവേസിൽ ചേർന്നിരുന്നു.
English Summary:








English (US) ·