Published: July 24 , 2025 05:53 PM IST
1 minute Read
ലാൻസി∙ വനിതാ യൂറോ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ അവസാന നേരം വരെ ഇറ്റലിക്കെതിരെ 1–0നു പിന്നിൽ നിന്നിട്ടും, ഇൻജറി ടൈമിന്റെയും എക്സ്ട്രാ ടൈമിന്റെയും അവസാന നിമിഷങ്ങളിൽ ഗോൾ മടക്കിയ ഇംഗ്ലണ്ടിനു ഫൈനലിലേക്ക് രാജകീയ എൻട്രി. 33–ാം മിനിറ്റിൽ ബാർബറ ബൊനാസയിലൂടെ മുന്നിലെത്തിയ ഇറ്റലിക്കെതിരെ ഇൻജറി ടൈമിൽ (90+6) മിഷേൽ ആജിമാങ്, 119–ാം മിനിറ്റിൽ ക്ലോയ് കെല്ലി എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ മടക്കിയത്. ജർമനി– സ്പെയിൻ മത്സര വിജയികളെ ഞായർ രാത്രി നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് നേരിടും.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ആധിപത്യത്തോടെ കളിച്ച ഇറ്റലി ബൊനാസയിലൂടെ ലീഡ് നേടിയതിനു പിന്നാലെ പ്രതിരോധത്തിലേക്കു വലിഞ്ഞു. രണ്ടാമതൊരു ഗോൾ നേടുന്നതിനെക്കാൾ ഇംഗ്ലണ്ടിനെ സമനില ഗോൾ നേടാൻ അനുവദിക്കാതെ നോക്കുന്നതിലായി അവരുടെ ശ്രദ്ധ. മത്സരം 90 മിനിറ്റ് പിന്നിട്ടതോടെ ഇറ്റാലിയൻ ആരാധകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ ഫൈനൽ വിസിലിനു മിനിറ്റുകൾ ശേഷിക്കെ മിഷേലിന്റെ ക്ലോസ് റേഞ്ചർ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. അതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഇരുടീമും ബലാബലം നിന്ന എക്സ്ട്രാ ടൈമിൽ ഗോൾ പിറക്കാതെ വന്നതോടെ കാര്യങ്ങൾ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്നു തോന്നിച്ചെങ്കിലും 119–ാം മിനിറ്റിൽ വീണുകിട്ടിയ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച കെല്ലി ഇംഗ്ലണ്ടിന്റെ ജയവും ഫൈനൽ പ്രവേശനവും ഉറപ്പാക്കി.
English Summary:








English (US) ·